നടി ഹണി റോസിന്റെ അഭിനയ ജീവിതത്തില്‍ തന്നെ വഴിത്തിരിവാകാന്‍ സാധ്യതയുള്ള കഥാപാത്രവുമായാണ് 'റേച്ചല്‍' റിലീസിന് ഒരുങ്ങുന്നത്. ഇറച്ചി വെട്ടുകാരിയുടെ വേഷത്തിലാണ് ഹണിറോസ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.
ഇതിനിടെ റേച്ചല്‍' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ ഹണി റോസ് പങ്ക് വച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്. സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സിനിമയെ സ്‌നേഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുടെ പിന്തുണയുണ്ടെന്നും എന്നാല്‍ സിനിമാ ഇന്‍ഡസ്ട്രിക്ക് തന്നെ ആവശ്യമില്ലെന്നും ഹണി റോസ് തുറന്നു പറഞ്ഞു.
ചടങ്ങില്‍ സംസാരിക്കവെ, സിനിമാ രംഗത്തേക്ക് താന്‍ കടന്നു വന്നതിനെക്കുറിച്ചും സംവിധായകന്‍ വിനയന്റെ പങ്കിനെക്കുറിച്ചും ഹണി റോസ് ഓര്‍ത്തെടുത്തു. 'ഇതിലെങ്കിലും ഇവള്‍ രക്ഷപെടുമായിരിക്കും എന്നായിരിക്കും വിനയന്‍ സാറിന്റെ മനസ്സിലൂടെ പോകുന്നത് എന്നാണ് ഞാന്‍ കരുതുന്നത്,' അവര്‍ പറഞ്ഞു. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുത്ത് ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, അത് തന്റെ വലിയൊരു പാഷനാണെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. 'റേച്ചല്‍' സിനിമയില്‍ ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്ന് തോന്നുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.
മലയാള സിനിമാ ലോകത്ത് തന്റെ ഇരുപത് വര്‍ഷത്തെ യാത്രയെക്കുറിച്ച് ആത്മപരിശോധന നടത്തുന്നതിനിടയിലാണ് ഹണി റോസിന്റെ ഈ തുറന്നുപറച്ചില്‍. സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടവും പ്രേക്ഷക പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചു.
ഈയിടെ പുറത്തിറങ്ങിയ 'റേച്ചല്‍' സിനിമയുടെ ട്രെയിലര്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ഹണി റോസിന്റെ വേഷപ്പകര്‍ച്ച ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പാലായില്‍ നിന്നെത്തിയ വേട്ടക്കാരന്‍ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായാണ് ഹണിയെത്തുന്നത്.