മലയാളികളുടെ മനസ്സില്‍ മായാത്ത ഒരുപാട് ചിത്രങ്ങള്‍ സമ്മാനിച്ച നടനാണ് ജഗതി. മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് തന്നെയാണ് നടന്‍ ജഗതി. ജഗതിയുടെ തിരിച്ചുവരവിനായി മലയാളികള്‍ കാത്തിരിക്കുകയാണ്. വാഹനാപകടത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് കടന്നെത്തിയെങ്കിലും പരിപൂര്‍ണ സുഖം പ്രാപിക്കാനായിട്ടില്ല. വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.
മലയാളത്തിലെ താരരാജാക്കന്‍മാരടക്കമുള്ള അഭിനേതാക്കളും ആരാധകരും എപ്പോഴും ജഗതിയുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. അടുത്തിടെ നവ്യ നായര്‍ ജഗതിയെ കാണാനെത്തിയതും ജഗതി പാട്ടുപാടുന്ന വീഡിയോ പങ്കുവച്ചതും മലയാളികള്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ജഗതിയുടെ സ്വന്തം നവരസങ്ങളുടെ വീഡിയോ ആണ് നവ്യ പങ്കുവച്ചിരിക്കുന്നത്.
ഉദയനാണ് താരത്തിലെ 'പച്ചാളം ഭാസി' അവതരിപ്പിക്കുന്ന നവരസങ്ങളാണ് ജഗതി വീണ്ടും അവതരിപ്പിച്ചത്. പഴയ അതേ തീവ്രതയോടെയുള്ള ജഗതിയുടെ ഭാവങ്ങള്‍ ചലച്ചിത്രപ്രേമികള്‍ ആഘോഷമാക്കുകയാണിപ്പോള്‍.വന്‍ സ്വീകാര്യതയാണ് ഈ വിഡിയോയ്ക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. താരം വേഗം സുഖം പ്രാപിച്ച് തിരിച്ചു വരട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. നടന്റെ ആരോഗ്യകരമായ ഓരോ പുരോഗതിയും വലിയ പ്രതീക്ഷയാണ് ആരാധകരില്‍ ഉയര്‍ത്തുന്നത്.