Latest News

ജെഎസ്‌കെ വിവാദം;നിക്ഷ്പക്ഷ'മായ പേര് ഇടാമല്ലോയെന്ന് സെന്‍സര്‍ ബോര്‍ഡ്; കലാകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്ന് കോടതിയും;റീലിസ് വൈകിയാല്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുമെന്ന് സംവിധായകനും

Malayalilife
ജെഎസ്‌കെ വിവാദം;നിക്ഷ്പക്ഷ'മായ പേര് ഇടാമല്ലോയെന്ന് സെന്‍സര്‍ ബോര്‍ഡ്; കലാകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്ന് കോടതിയും;റീലിസ് വൈകിയാല്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുമെന്ന് സംവിധായകനും

സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരിലെ ജാനകി എന്ന പേരു മാറ്റണമെന്ന് നിര്‍ദേശിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ അത് ബോധിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. 'ജെ.എസ്.കെ - ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പ്രദര്‍ശന അനുമതിയുമായി ബന്ധപ്പെട്ട് വിമര്‍ശനം തുടര്‍ന്നുകൊണ്ടാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും സിനിമയ്ക്കും കഥാപാത്രത്തിനും ജാനകി എന്ന പേരു നല്‍കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും അറിയിക്കാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു.

സിനിമയുടെ പ്രമേയം എന്തായിരിക്കണമെന്നും പേര് എന്തായിരിക്കണമെന്നുമൊക്കെ കലാകാരനോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുകയാണോയെന്നും കോടതി ചോദിച്ചു. മത, ജാതി, വംശപരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് ഫിലിം സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ടെന്ന വാദമാണ് ഇന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ഉയര്‍ത്തിയത്. ജാനകി എന്ന പേര് എങ്ങനെയാണ് അവഹേളനമാകുന്നതെന്ന് കോടതി ചോദിച്ചു. സംസ്‌കാരവുമായി ബന്ധപ്പെട്ടത് എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കിയത്.

എന്നാല്‍ ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളാണ്. അത് ഹിന്ദുവാണെങ്കിലും ക്രൈസ്തവരാണെങ്കിലും മുസ്‌ലിമാണെങ്കിലും 80 ശതമാനം പേരുകള്‍ക്കും അതുണ്ട്. സിനിമയ്ക്ക് പേരിടുന്നത് കലാകാരന്റെ സ്വാതന്ത്ര്യമാണെന്നും കോടതി പറഞ്ഞു. 'നിക്ഷ്പക്ഷ'മായ ഒരു പേര് ഇടാമല്ലോ എന്നാണ് സെന്‍സര്‍ ബോര്‍ഡ് ഇതിന് മറുപടിയായി പറഞ്ഞത്. എന്നാല്‍ എന്തു പേരിടണമെന്നും എന്തായിരിക്കണം ആശയം എന്നൊക്കെ നിങ്ങള്‍ നിര്‍ദേശിക്കുകയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. അത് കലാകാരന്റെ സ്വാതന്ത്ര്യമാണ്, നിങ്ങള്‍ക്കതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ചിത്രത്തിലെ നായികയുടെ പേരാണ് ജാനകി എന്നും നായിക ബലാത്സംഗ അതിജീവിതയാണെന്നും നിര്‍മാണക്കമ്പനി കോടതിയെ അറിയിച്ചു. ആ അതിജീവിത നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടമാണ് സിനിമയില്‍ ഉള്ളതെന്ന് വ്യക്തമാക്കിയ നിര്‍മാണക്കമ്പനി സിനിമ കണ്ട് വിലയിരുത്താന്‍ കോടതിയെ ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്നാണ് എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. കേസ് നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇതിനിടെ പ്രദര്‍ശനം വൈകുന്നത് സാമ്പത്തികമായി വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ വ്യക്തമാക്കി.കേരളത്തില്‍ അങ്ങോളമിങ്ങോളം ഒട്ടിച്ച പോസ്റ്ററുകളുടെ മുകളില്‍ പുതിയ പോസ്റ്ററുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.ഇനിയും പുതിയ പോസ്റ്ററുകള്‍ അച്ചടിക്കുകയെന്നത് ഭീമമായ സാമ്പത്തിക ബാദ്ധ്യതയിലേക്ക് നയിക്കുമെന്നം സംവിധായകന്‍ വ്യക്തമാക്കി.

Read more topics: # ജാനകി
janaki kerala high court on cbfc

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES