മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകന്‍ കാളിദാസ് ജയറാമും 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന ആശകള്‍ ആയിരം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകള്‍ ആയിരത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.
ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.
ടൈറ്റില്‍ പോസ്റ്ററില്‍ ജയറാമിനെയും കാളിദാസിനെയും കാണാം. ഒരു ഫീല്‍ ഗുഡ് ഴോണറിലുള്ള ചിത്രമായിരിക്കുമെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.
തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് 'ആശകള്‍ ആയിരമെന്ന്' ജൂഡ് ആന്റണി പറഞ്ഞു. ' അയല്‍വീട്ടിലെ ആദ്യ പയ്യന്‍, നമ്മുടെ സ്വന്തം ജയറാമേട്ടനും കണ്ണനും ഒന്നിക്കുന്ന സിനിമ. ഗോകുലവുമായും ഗോപാലന്‍ സാറുമായും കൃഷ്ണമൂര്‍ത്തി ചേട്ടനുമായും ആദ്യ സിനിമ.
പ്രിയപ്പെട്ട പ്രജിത്തേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമ, അരവിന്ദ് എഴുത്തുകാരനാകുന്ന ആദ്യ സിനിമ ഈയുള്ളവന് വളരെ പ്രിയപ്പെട്ട സിനിമ. നിങ്ങള്‍ക്കിഷ്ടപ്പെടും, ഉറപ്പാ,' ജൂഡ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളില്‍ ജയറാം- കാളിദാസ് കോമ്പിനേഷന്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ഒന്നാണ്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. കോ പ്രൊഡ്യൂസേഴ്സ് ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി, ഛായാഗ്രഹണം ഷാജി കുമാര്‍, പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, എഡിറ്റര്‍ ഷഫീഖ് പി വി, മ്യൂസിക് സനല്‍ ദേവ്, ആര്‍ട്ട് നിമേഷ് താനൂര്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍ ടെന്‍ പോയിന്റ്, പി ആര്‍ ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.