പതിനാറാമത് ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 'കിഷ്‌കിന്ധാ കാണ്ഡം', 'ലെവല്‍ക്രോസ്' എന്നീ സിനിമകളിലെ മികച്ച പ്രകടനം മുന്‍നിര്‍ത്തി ആസിഫ് അലിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത 'കിഷ്‌കിന്ധാ കാണ്ഡം' മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
'ഫെമിനിച്ചി ഫാത്തിമ'യാണ് മികച്ച സിനിമ. ചിന്നു ചാന്ദ്‌നി (വിശേഷം) ആണ് മികച്ച നടി. ചിദംബരം (മഞ്ഞുമ്മല്‍ ബോയ്‌സ്) മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. 2024-ല്‍ റിലീസ് ചെയ്ത ചിത്രങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണ്ണയം നടന്നത്. സെപ്റ്റംബര്‍ മാസം തിരുവനന്തപുരത്തുവെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാ കാണ്ഡം' ആസിഫ് അലിയുടെ കരിയറിലെ തന്നെ പൊന്‍തൂവലാണ്. ആസിഫ് അവതരിപ്പിച്ച അജയ് ചന്ദ്രന്‍ എന്ന കഥാപാത്രം നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായി പ്രേക്ഷകര്‍ ഏറ്റെടുക്കുകയുണ്ടായി. ദിന്‍ജിത്ത് അയ്യത്താന്‍ എന്ന സംവിധായകനെ സിനിമാലോകത്ത് അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു 'കിഷ്‌കിന്ധാ കാണ്ഡം'. സിനിമയുടെ സംവിധാന മികവും ഏറെ പ്രശംസകള്‍ നേടിയിരുന്നു.
അപര്‍ണ്ണ ബാലമുരളി നായികയായി എത്തിയ ചിത്രത്തില്‍ വിജയരാഘവനും സുപ്രധാന വേഷത്തിലുണ്ടായിരുന്നു. അപ്പുപിള്ള എന്ന കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച ചിത്രത്തിന് ബാഹുല്‍ രമേശാണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിച്ചിരുന്നത്.