നടി കൃഷ്ണ പ്രഭ അടുത്തിടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ പരിഹാസപരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി മാറി കഴിഞ്ഞു. താരങ്ങ്‌ളും ഡോക്ടര്‍മാരുമടക്കം നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ഇപ്പോളിതാ വിഷയത്തില്‍ നടിയും അവതാരകയുമായ ജുവല്‍ മേരി നടത്തിയ പ്രതികരണമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
പലപ്പോഴും സിനിമകളിലും , സാഹിത്യത്തിലും വട്ട് ഒരു തമാശയാണ് ഒരു പാട് കാലമൊന്നും ആയിട്ടില്ല പൊതു ബോധത്തില്‍ ഈ ക്രൂരമായ തമാശ ചോദ്യം ചെയ്ത തുടങ്ങിയിട്ട് .. ഓഹ് അവനു വട്ടാ .. അവള്‍ക് മുഴു പ്രാന്ത് ഇങ്ങനെ ഒക്കെ പറഞ്ഞ് ചിരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നേ ഉള്ളു .. എല്ലാരും ഏതൊക്കെയോ വെട്ടി പിടിക്കാന്‍ ഉള്ള ഓട്ടത്തില്‍ ചില മനുഷ്യരുടെ എങ്കിലും മനസ് തളര്‍ന്നു പോകുന്നു .. ശരീരത്തെ ഒരു അദൃശ്യമായ മുറിയില്‍ പൂട്ടി ഇട്ട പോലെ തളര്‍ത്തി കളയുന്ന ഡിപ്രഷന്‍ ... ഭയം .. ഓട്ടപാച്ചില്‍ ... ചിന്തകള്‍ .. ഒരു വേള ശ്വാസം പോലും തടസ്സപ്പെട്ട പോലെ ഉത്കണ്ഠ അഥവാ ആംഗ്സൈറ്റി .
ചരട് പൊട്ടിയ പോലെ സന്തോഷം .. അടക്കാനാവാത്ത ഊര്‍ജം ... ബെല്ലും ബ്രേക്കും ഇല്ലാതെ പോലെ തീരുമാനങ്ങള്‍ - മാനിയ .. സംശയം , ഒരു ലോജിക് ഉം ചിന്തിക്കാന്‍ പറ്റാതെ എന്തിനെയും സംശയം - പരനോയിയ , ഇനിയും എത്ര തരാം അവസ്ഥകള്‍ ... എത്ര തരം രോഗങ്ങള്‍ ! നാണക്കേട് മറന്നു അവനവനെ തന്നെ ഒന്ന് രക്ഷിക്കാന്‍ ആളുകള്‍ മുന്നോട്ട് വന്നു തുടങ്ങിയിട്ട് ഒരുപാടു ഒന്നും ആയിട്ടില്ല അവരെ വീണ്ടും നിങ്ങളുടെ ഇന്‍സെന്‌സിറ്റീവ് ആയ പൊട്ടി ചിരികള്‍ കൊണ്ട് പിന്നോട്ട് വലിക്കരുത് , സഹാനുഭൂതിയോടെ ചേര്‍ത്തുപിടിക്കുക .
ഈ കഴിഞ്ഞ ഒക്ടോര്‍ 10 നായിരുന്നു മാനസികാരോഗ്യ ദിനം. ഒരാഴ്ചപോലും തികഞ്ഞിട്ടില്ല, ഈ ഒരു കാലയളവില്‍ തന്നെ മറ്റു മനുഷ്യരുടെ മാനസികാമരാഗ്യത്തെ നിസാരവല്‍ക്കരിച്ചുകൊണ്ട് പലരും സംസാരിക്കുന്നത് കേട്ടു. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, നമ്മുടെ വീട്ടില്‍ പട്ടിണി ഇല്ല എന്ന് കരുതി മറ്റൊരാളിന്റെ വീട്ടില്‍ പട്ടിണി അനുഭവിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതൊരു തമാശ അല്ല. നമുക്കറിയാത്ത ജീവിതങ്ങള്‍ ഒരു തമാശ അല്ല. മാനസികാരോഗ്യം തമാശ അല്ല. അതിനെ നിസാരവല്‍ക്കരിച്ചു ചിരിക്കുന്നത് വളരെ ആരോഗ്യപരമായ മാനസികാവസ്ഥയായി എനിക്ക് തോന്നുന്നില്ല.
മനുഷ്യരുടെ ഇടയില്‍ ഇപ്പോഴും ഇങ്ങനെ അറിവില്ലായ്മ കൊണ്ടുളള ചര്‍ച്ചകള്‍ നടക്കുന്നു എന്ന് കാണുമ്പോള്‍ എനിക്ക് വളരെ വിഷമം തോന്നുന്നു. പല മനുഷ്യരും അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങള്‍ വളരെ വലുതാണ്. അതിഭീകരമായ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ആളുകളുണ്ട്. പണി ഇല്ലാതെ ചുമ്മാ ഇരിക്കുന്നവര്‍ക്കാണ് ഡിപ്രഷന്‍ വരുന്നതെന്നൊക്കെ പറഞ്ഞാല്‍ വലിയ കഷ്ടമാണ്. ഇന്ന് ഞാന്‍ ഒരു സ്റ്റോറി ഷെയര്‍ ചെയ്തിട്ടുണ്ട്. ലോക പ്രശസ്തനായ ഒളിംപ്യന്‍ നീന്തല്‍ക്കാരന്‍ മൈക്കിള്‍ ഫെല്‍പ്സ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡിപ്രഷനുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്.
അദ്ദേഹത്തിന് പണി ഇല്ലാത്തത് കൊണ്ടാണോ? ലോകപ്രശസ്തനായ ഒരു സ്പോര്‍ട്സ്മാന്‍ ആണ് അദ്ദേഹം. പണി ഇല്ലാത്തവര്‍ക്ക് വരുന്ന അസുഖമാണോ ഇത്. ഇതിനെല്ലാമിടയില്‍ പല കാര്യങ്ങള്‍ കൊണ്ട് മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോള്‍ പല മനുഷ്യരും പല തരത്തിലുളള ലക്ഷണങ്ങള്‍ , വേദന, മരവിപ്പ് തുടങ്ങി പലതരത്തിലുളള അനുഭവങ്ങളിലൂടെ കടന്നുപോകാറുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളെ ആയിട്ടുളളൂ ആളുകള്‍ ഇതൊക്കെ തുറന്നു പറയാന്‍ തുടങ്ങിയിട്ട്. അതുകൊണ്ടാണ് നിങ്ങള്‍ ഇതിപ്പോള്‍ കേട്ട് തുടങ്ങിയത്.
വളരെ കുറച്ചു വര്‍ഷങ്ങളെ ആയിട്ടുളളൂ ഇതിനെ ചുറ്റിപ്പിയുളള സ്റ്റിഗ്മായില്‍ നിന്ന് സമൂഹം പുറത്തുവന്ന് മാനസിക ആരോഗ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി മനസ്സിലാക്കി അതിനെതിരെ യുദ്ധം ചെയ്യാനും കെയര്‍ എടുക്കാനും സംസാരിക്കാനും തുടങ്ങിയിട്ട് . ദയവു ചെയ്ത് അത്തരം ആളുകളെ ഒറ്റപ്പെടുത്തരുത്. നമ്മള്‍ ഇരിക്കുന്ന അവസ്ഥയില്‍ നമ്മള്‍ പ്രിവിലേജ് ഉളള ആളുകള്‍ ആണെങ്കില്‍ ആ പ്രിവിലേജിനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കൂ. മറ്റു മനുഷ്യരുടെ ജീവിതാവസ്ഥകളെയും വേദനകളെയും ക്യാന്‍സല്‍ ചെയ്യാതെ സ്നേഹത്തോടെ അവരെ ചേര്‍ത്ത് പിടിക്കുക, അവരെ പിന്തുണയ്ക്കുക. എല്ലാ മനുഷ്യര്‍ക്കും സഹാനുഭുതി എന്ന വാക്കിന്റെ അറഥം മനസിലാകട്ടെ എന്ന് ഞാന ആഗ്രഹിക്കുന്നു' ജുവല്‍ മേരി പറഞ്ഞു.
മാനസിക പ്രയാസം അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കണമെന്നാണ് വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിലും ജുവല്‍ മേരി ആവശ്യപ്പെടുന്നത്. നേരത്തേ സാനിയ അയ്യപ്പന്‍, ഗായിക അഞ്ജു ജോസഫ് എന്നിവരടക്കം കൃഷ്ണപ്രഭ പറഞ്ഞ കാര്യങ്ങളിലെ വസ്തുതക്കേട് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു.