ജ്യുവല്‍മേരി എന്ന നടിയുടെ ജീവിതത്തില്‍ നേരിട്ട മോശം ദിവസങ്ങളെക്കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയത് ധന്യാ വര്‍മ്മയുമായുള്ള അഭിമുഖത്തിലൂടെയായിരുന്നു. അഭിമുഖം പുറത്ത് വന്നതിന് പി്ന്നാലെ നിരവധി ചോദ്യങ്ങളും ഉയര്‍ന്നു. ഇതോടെ നടി തന്റെ രോഗ കാലത്തെ ചിത്രങ്ങള്‍ പങ്ക് വച്ച് ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തുകയാണ്.
ത്. 2023ല്‍ തനിക്ക് തൈറോയ്ഡ് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്നും ശസ്ത്രക്രിയയ്ക്കും ചികിത്സകള്‍ക്കുമെല്ലാം ഒടുവില്‍ താന്‍ രോഗത്തെ അതിജീവിച്ചു എന്നുമായിരുന്നു ജുവല്‍ തുറന്നു പറഞ്ഞത്. തന്റെ കാന്‍സര്‍ പോരാട്ടത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞത് സമാന അവസ്ഥകളിലൂടെ കടന്നുപോവുന്നവര്‍ക്ക് ഏതെങ്കിലും രീതിയില്‍ അവര്‍ക്ക് ഗുണകരമാവുമെങ്കില്‍ ആവട്ടെ എന്നോര്‍ത്താണെന്നും ജുവല്‍ കൂട്ടിച്ചേര്‍ത്തു.
2023ല്‍ നടന്ന സര്‍ജറിയെ കുറിച്ച് ഇപ്പോള്‍ എന്തിനു പറയുന്നു എന്നാണ് പലരും ചോദിക്കുന്നത്. പലര്‍ക്കും കാര്യം മനസ്സിലായിട്ടില്ല. ഞാനിപ്പോഴും അസുഖബാധിതയാണെന്ന് ചിലര്‍ കരുതുന്നത്. എന്റെ ട്രീറ്റ്മെന്റ് പൂര്‍ണമായി കഴിഞ്ഞു. എനിക്കിപ്പോള്‍ യാതൊരു അസുഖവുമില്ല. ഇപ്പോള്‍ ഞാന്‍ പെര്‍ഫെക്റ്റ്‌ലി ഹെല്‍ത്തി ആയിട്ടുള്ളൊരു ആളാണ്. ഇതൊക്കെ എന്തിനാണ് പറയുന്നു എന്നു ചോദിക്കുന്നവരോട്, എന്റെ ഡിവോഴ്‌സ് ആയാലും കാന്‍സര്‍ ആയാലും സമാനമായ ചുറ്റുപാടുകളിലൂടെ കടന്നുപോവുന്ന ഒരുപാട് പേര്‍ കാണും. അവര്‍ക്കു വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്.
ഒരുപാട് ഇരുട്ടുള്ളൊരു കടലിലൂടെ പോവുമ്പോള്‍ എവിടെയെങ്കിലും ഒരു ലൈറ്റ് ഹൗസ് കാണുന്നത് നമുക്ക് ദിശ മനസ്സിലാക്കാന്‍ എളുപ്പമാണെന്നു പറയും. ഞാന്‍ ചെറിയൊരു ചൂട്ട് കത്തിച്ചതേയുള്ളൂ. അത് വേണ്ടവര്‍ക്ക് മാത്രം വേണ്ടിയാണ്. എന്റെ കഥ എല്ലാവരും അറിഞ്ഞതുകൊണ്ട് ഒരുപകാരമില്ല. പക്ഷേ ചിലര്‍ അത് കേള്‍ക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാന്‍ തുറന്നു പറഞ്ഞത്,ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ജുവല്‍ വ്യക്തമാക്കി.
തന്റെ കാന്‍സര്‍ പോരാട്ട ദിവസങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ജുവല്‍ വീഡിയോയില്‍ പങ്കിട്ടു. ആ സമയത്തെ യാത്ര ചെറുതായി നിങ്ങളെ കാണിക്കാം. ഞാനത് എപ്പോഴും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞത് കഴിഞ്ഞു. വരാനുള്ളത് വരും. ഇപ്പോഴുള്ളതാണ് ജീവിതം, കൂടെയില്‍ നസ്രിയ പറഞ്ഞതു പോലെ. നമ്മള്‍ ഇന്ന് ജീവിക്കുക. മരിക്കാന്‍ സമയമാവുമ്പോള്‍ മരിച്ചോളും. അപ്പോ മരിക്കാന്നെ. അതുവരെ നമുക്കു ജീവിക്കാം.
സര്‍ജറിയ്ക്കു മുന്‍പുള്ള ചിത്രമാണ്. പേടിയുണ്ടായിരുന്നു പക്ഷേ ഞാന്‍ ചിരിച്ചു. സര്‍ജറി കഴിഞ്ഞിട്ടും ഞാന്‍ ഒരുങ്ങി പൊട്ടൊക്കെ തൊട്ട് ചിരിച്ചുകൊണ്ടേയിരുന്നു. അന്ന് ഞാന്‍ ചിരിക്കുകയായിരുന്നു. ഇന്നും അതൊക്കെ ഓര്‍ക്കുമ്പോള്‍ ഞാന്‍ ചിരിക്കുകയാണ്. കാരണം അയാം സര്‍വൈവ്ഡ് ഇറ്റ്, ജുവല്‍ കൂട്ടിച്ചേര്‍ത്തു.
കാന്‍സര്‍ പോരാട്ടത്തെ കുറിച്ചു മാത്രമല്ല, വിവാഹം, ഡിവോഴ്‌സ് തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജുവല്‍ മനസ്സു തുറക്കുന്നുണ്ട്.