സഹസംവിധായകനായി തുടക്കം കുറിച്ച് പിന്നീട് സ്വതന്ത്ര സംവിധായകനായി മാറി കൈയടി നേടിയ താരമാണ് ജൂഡ് ആന്റണി ജോസഫ്. നസ്‌റിയ കേന്ദ്രകഥാപാത്രമായി എത്തിയ ഓം ശാന്തി ഓശാന എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്താന്‍ ജൂഡിന് സാധിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഒരുപാട് സിനിമകളില്‍ അഭിനയിച്ചും ചുരുങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തും ജൂഡ് മലയാള സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കി.
ഇപ്പോഴിതാ പുതിയ കഥയെഴുത്തുകാര്‍ക്കും സംവിധാനമോഹികള്‍ക്കും ഒരവസരം നല്‍കുകയാണ് അഭിനേതാവും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. ''പുതിയ എഴുത്തുകാരും പുതിയ കഥകളുമാണ് എന്നും സിനിമയ്ക്കു ജീവന്‍... ചെറിയ കഥകള്‍ തത്കാലം മാറ്റി വച്ചിട്ട് വലിയ ക്യാന്‍വാസില്‍ ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന,. അധികം വൈകാതെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുള്ള കഥകള്‍ /തിരക്കഥകള്‍ അയക്കൂ. സിനിമയാക്കുന്ന കാര്യം ഞാനേറ്റു....'' എന്നാണ് ജൂഡ് കുറിച്ചിരിക്കുന്നത്. ഒപ്പം അയക്കേണ്ട മെയില്‍ ഐഡിയും താരം പങ്കുവച്ചിട്ടുണ്ട്.
ജൂഡിന്റെ അടുത്ത സിനിമ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമാണ്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമായ 'തുടക്കം' സംവിധാനം ചെയ്യുന്നത് ജൂഡാണ്. അതിലാണ് വിസ്മയ തന്റെ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്.