രണ്ട് മാസം മുമ്പ് വളരെ അപ്രതീക്ഷിതമായാണ് നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ഷൂട്ടിങിനായി ചോറ്റാനിക്കരയില്‍ എത്തിയ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. വെറും അമ്പത്തിയൊന്ന് വയസ് മാത്രമായിരുന്നു നവാസിന്റെ പ്രായം. നവാസിന്റെ മരണ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ താരത്തെയും കുടുംബത്തേയും എല്ലാം അടുത്തറിയാവുന്നവര്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടത് ഭാര്യ രഹ്ന എങ്ങനെ ഈ സാഹചര്യം മറികടന്ന് പുറത്ത് വരുമെന്നതാണ്.
ഇപ്പോഴിതാ നവാസ് ഏറ്റവുമൊടുവില്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചിരിയ്ക്കുകയാണ് മകന്‍ റിഹാന്‍ നവാസ്. ഒരിടവേളയില്‍ വാപ്പച്ചി ഉമ്മച്ചിക്ക് പാടിക്കൊടുത്ത പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്
നവാസ് മരണപ്പെടുന്നതിന്റെ തലേ ദിവസം എടുത്ത വീഡിയോ ആണ് ഇത് എന്നതാണ് ആരാധകരെ കൂടുതല്‍ ഇമോഷണലാക്കുന്നത്. വീഡിയോയില്‍ നവാസ് ആരോഗ്യവാനാണെന്ന് തോന്നാമെങ്കിലും, ക്ഷീണം മുഖത്ത് കാണുന്നുണ്ട്. ഈ ചടങ്ങിലാണ് രഹന അവസാനമായി നവാസിനെ കണ്ടതത്രെ ഈ കല്യാണം കഴിഞ്ഞ് വാപ്പച്ചി ലൊത്തേഷനിലേക്കും ഉമ്മച്ചി വീട്ടിലേക്കും മടങ്ങുകയായിരുന്നു. പിന്നെ വന്നത് താമസിച്ചിരുന്ന ഹോട്ടലില്‍ നവാസിനെ അബോധാവസ്ഥയില്‍ കണ്ടു എന്ന വാര്‍ത്തയാണ്. ഇന്ന് ഉപ്പ കൂടെയില്ലെങ്കിലും, രണ്ട് ലോകത്ത് നിന്നും അവര്‍ ഇപ്പോഴും പ്രണയിക്കുകയാണെന്നാണ് മകന്‍ പറയുന്നത്.
റിഹാന്‍ പങ്കുവച്ച പോസ്റ്റ്
പ്രിയരേ, ഇത് വാപ്പിച്ചി ഇടവേളയില്‍ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. ജൂലൈ 31 ന്, വാപ്പിച്ചിയും ഉമ്മിച്ചിയും അറ്റന്‍ഡ് ചെയ്ത കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വീഡിയോ. കല്യാണത്തിന് ലൊക്കേഷനില്‍ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വര്‍ക്ക് കഴിഞ്ഞില്ല. ഉച്ചക്ക് 12:30 ആയി. ആ സമയത്ത് വന്നാല്‍ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും.'ഉമ്മിച്ചി സമ്മതിച്ചില്ല, വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു, ലൊക്കേഷനിലെ ഇടവേളയില്‍ ഉമ്മിച്ചിയെ കാണാന്‍ വാപ്പിച്ചി ഓടിയെത്തി, വാപ്പിച്ചി വളരെ Healthy ആയിരുന്നു.
അവിടെ വെച്ചു അവര്‍ അവസാനമായി കണ്ടു'. രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മിച്ചി വീട്ടിലേയ്ക്കും മടങ്ങി. 'വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു' എന്നാണ് മക്കള്‍ കുറിച്ചത്.
മൂന്ന് മക്കളാണ് നവാസിനുള്ളത്. മൂത്തമകള്‍ ഇതിനോടകം സിനിമയില്‍ അരങ്ങേറി കഴിഞ്ഞു.