ഷറഫുദീന്‍ നായകനായെത്തിയ ഹിറ്റ് ചിത്രം 'മധുവിധു'വിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കല്യാണി പണിക്കര്‍. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി, അമ്മയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ 'ജോക്കര്‍' സിനിമയെക്കുറിച്ചുള്ള ചില അപൂര്‍വ്വ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് അമ്മ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ലോഹിതദാസ് സംവിധാനം ചെയ്ത 'ജോക്കര്‍' സിനിമയിലെ സുശീല എന്ന കഥാപാത്രമാണെന്നും, ആ സിനിമ ചെയ്യുമ്പോള്‍ അമ്മ തന്നെ ഗര്‍ഭിണിയായിരുന്നുവെന്നും കല്യാണി വെളിപ്പെടുത്തി.
'അമ്മ ചെയ്ത ജോക്കറിലെ സുശീല എന്ന കഥാപാത്രം പോലൊരു വേഷം ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. ഞാന്‍ എന്തിനാണ് ആ സിനിമയെ ഇത്രയധികം പ്രമോട്ട് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ആ സിനിമയില്‍ അമ്മ ഒരു വാഴക്കുലയൊക്കെ വെട്ടി തോളില്‍ വെച്ച് പുറകിലൂടെ വരുന്ന ഒരു രംഗമുണ്ട്. ആ സീനില്‍ അമ്മയുടെ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഉള്ളിലുള്ള വലിയ വിഷമങ്ങളെ ഒതുക്കിപ്പിടിച്ച്, അതിനെ ഹ്യൂമറാക്കി മാറ്റിയിരിക്കുകയാണ് ആ സീനില്‍.
ഉള്ളിലെ ആ വേദന പുറത്തുകാണിക്കാതെ അഭിനയിക്കുക എന്നതൊക്കെ എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. അമ്മയുടെ മകളായതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു. ആ സിനിമയുടെ ചിത്രീകരണ സമയത്ത് അമ്മ എന്നെ ആറുമാസം ഗര്‍ഭിണിയായിരുന്നു. അതുകൊണ്ടുകൂടിയാണോ എന്നറിയില്ല ആ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്,' കല്യാണി പണിക്കര്‍ പറഞ്ഞു.
ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവരുടെ തിരക്കഥയില്‍ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത 'മധുവിധു' തിയേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. ഒരു ഫാമിലി കോമഡി എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ ചിത്രത്തില്‍ സ്‌നേഹ എന്ന നായികാ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. ചിത്രത്തില്‍ ബിന്ദു പണിക്കരും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അസീസ് നെടുമങ്ങാട്, സായ്കുമാര്‍, ജഗദീഷ്, സഞ്ജു മധു, വിനീത് തട്ടില്‍ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിന്റെ ഭാഗമായിരുന്നു.