ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും കന്നഡ നടനുമായ സഞ്ചാരി വിജയ് വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. 38 വയസാണ് പ്രായം. ബെംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗര്‍ സെവന്‍ത് ഫേസില്‍ വെച്ച് ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
നടനും സുഹൃത്തും ഒരുമിച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹൃത്ത് നവീനാണ് ബൈക്ക് ഓടിച്ചിരുന്നത്. പുറകിലിരുന്ന വിജയിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
ഇരുവരും ഇപ്പോള്‍ ബംഗളുരു സിറ്റി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍ സഞ്ചാരി വിജയ്‌യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാണെന്നും ന്യൂറോസര്‍ജനായ അരുണ്‍ നായക് അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. അതിനായി അപ്പോളോ ആശുപത്രിയിലേക്ക് വിജയിയെ മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മരുന്നുവാങ്ങുന്നതിനായി ഇരുവരും ഒരുമിച്ച് പുറത്തുപോയപ്പോഴാണ് അപകടം നടന്നത്. ബനേര്‍ഘട്ട റോഡിലുള്ള വീട്ടിലാണ് വിജയ് താമസിക്കുന്നത്. ശനിയാഴ്ച നവീന്‍ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനായി വിജയിയെ ക്ഷണിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും മെഡിക്കല്‍ ഷോപ്പിലേക്ക് പോയിരുന്നത്. മഴയായിരുന്നതിനാല്‍ റോഡ് തെന്നുന്നുണ്ടായിരുന്നതായും അതാണ് അപകടത്തിലേക്ക് നയിച്ചതായി കരുതുന്നതെന്നും നവീന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
നാനു അവനല്ല എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ളയാളാണ് വിജയ്. ആക്ട് 1978 എന്ന സിനിമയാണ് ഒടുവില്‍ പുറത്തിറങ്ങിയത്.