അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കെതിരെ പരാതിയുമായി നടന്‍ ധനുഷിന്റെ പിതാവ് കസ്തൂരി രാജ. തന്റെ അനുമതി ഇല്ലാതെ പഴയ ചിത്രങ്ങളിലെ പാട്ട് ഉപയോഗിച്ചതില്‍ കസ്തൂരി രാജ രംഗത്തെത്തിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്കെതിരേ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും കസ്തൂരി രാജ അറിയിച്ചു.
കസ്തൂരി രാജ സംവിധാനം ചെയ്ത 'ഏട്ടുപട്ടി റാസ' എന്ന ചിത്രത്തിലെ പഞ്ചു മിട്ടായി, 'നാട്ടുപുര പാട്ടി'ലെ ഒത്ത റൂബ താരേന്‍, 'തായ് മനസി'ലെ തോട്ടുവളയ് ഇലയ് അരച്ചി എന്നീ പാട്ടുകളാണ് ഗുഡ് ബാഡ് അഗ്ലിയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചിരിക്കുന്നത്. ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനാല്‍ സംഗീതസംവിധായകന്‍ ഇളയരാജയും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ച് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍, പാട്ടുകളുടെ ഉടമസ്ഥാവകാശമുള്ള ലേബലുകളില്‍ നിന്ന് ആവശ്യമായ അനുമതി തേടിയിരുന്നു എന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചത്.
ഇളയരാജ, ദേവ തുടങ്ങിയവര്‍ കസൃഷ്ടിച്ച കാലാതീതമായ സംഗീതത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ സ്രഷ്ടാക്കള്‍ നൊസ്റ്റാള്‍ജിയയെ ആശ്രയിക്കുന്നു. പഴയ പാട്ടുകള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമുണ്ട് എന്നല്ല, എന്നാല്‍ അതിന്റെ യഥാര്‍ഥ സ്രഷ്ടാക്കളില്‍ നിന്ന് അനുവാദം വാങ്ങണം. നിര്‍ഭാഗ്യവശാല്‍ അത്തരം കാര്യങ്ങള്‍ ഇന്ന് ആരും ശ്രദ്ധിക്കാറില്ല എന്ന് കസ്തൂരി രാജ മാധ്യമങ്ങളോട് പ്രതികരിച്ചു.