നാലു മക്കളാണ് അജു വര്‍ഗീസിനും ഭാര്യ അഗസ്റ്റീനയ്ക്കും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരട്ട കുട്ടികളായിട്ടാണ് നാലു പേരും എത്തിയത്. മൂത്തത് ഇവാനും ജുവാനയും. രണ്ടാമത്തേത് ജെയ്ക്കും ലൂക്കും. ഒരു പെണ്ണും മൂന്നാണും. അപ്പനും മക്കളും ഒത്തുള്ള വീഡിയോകള്‍ അധികമൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ലെങ്കിലും ഒരു കല്യാണത്തിന് വന്നിട്ട് മടങ്ങവേ സ്‌കൂള്‍ വിട്ടപോലെ അജു മക്കളെ വാഹനത്തിലേക്ക് കയറ്റുന്ന വീഡിയോ ഏറെ രസകരമായി വൈറലായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോയും അജു പങ്കുവച്ചു. അപ്പനും മക്കളും ചേര്‍ന്ന് ഫുട്ബോള്‍ കളിക്കുന്ന വീഡിയോയായിരുന്നു അത്. മക്കളെ കളി പഠിപ്പിക്കാനിറങ്ങിയ അജു വര്‍ഗീസിനെ മക്കള്‍ നാലു പേരും ചേര്‍ന്ന് ഫുട്ബോള്‍ പോലെ തട്ടിയതാണ് വീഡിയോയില്‍ കാണാന്‍ കഴിഞ്ഞത്. ഒടുവില്‍ മക്കളുടെ തട്ടും ചവിട്ടും എല്ലാം വാങ്ങി ഓടിക്കിതച്ച് മരച്ചുവട്ടില്‍ നടന്‍ ഇരുന്നത് ചത്തൂ ചത്തില്ലായെന്ന മട്ടിലായിരുന്നു. ആ വീഡിയോ അഞ്ചു മില്യണോളം പേരാണ് കണ്ടത്.
ഇപ്പോഴിതാ, ആദ്യ വീഡിയോ സൂപ്പര്‍ ഹിറ്റായതിനു പിന്നാലെ മക്കളെ സംഗീതം പഠിപ്പിക്കുന്ന മ്യൂസിക് കണ്ടക്ടറായി ഇരുന്ന് രണ്ടാമത്തെ വീഡിയോയും പുറത്തു വന്നിരിക്കുകയാണ്. മക്കളില്‍ ഒരാള്‍ ഗിറ്റാറും മറ്റു രണ്ടുപേരില്‍ ഒരാള്‍ കീബോര്‍ഡും ഒരാള്‍ മറ്റേതൊ സംഗീത ഉപകരണവും വായിക്കുകയും മകള്‍ ജുവാന പാട്ടുപാടുകയുമാണ് ചെയ്യുന്നത്. ഇംഗ്ലീഷ് പാട്ടാണ് ജുവാന ആലപിക്കുന്നത്. മകളുടെ സംഗീതാലാപാനത്തില്‍ സ്വയം മറന്നിരുന്ന് മ്യൂസിക് കണ്ടക്ടറായി തകര്‍ക്കുകയാണ് അജു വര്‍ഗീസ്. അതിനിടെ മക്കളില്‍ ഒരാള്‍ ഉറങ്ങുകയാണെന്ന് കാട്ടി അവനെ സ്റ്റിക്ക് കൊണ്ട് തോണ്ടി വിളിച്ച് 'എടാ.. ഉറങ്ങാതെ ഇരുന്ന് വായിക്കെടാ'.. എന്ന് ആക്ഷന്‍ കാണിക്കുന്നത് വീഡിയോയില്‍ കാണാം. ഉടനെ മര്യാദയ്ക്ക് കീബോര്‍ഡ് വായിച്ചു കൊണ്ടിരുന്നവനെ തോണ്ടി 'കേള്‍ക്കെടാ.. അവള് പാടുന്നത് കേട്ട് പഠിക്കെടാ'.. എന്നും ആക്ഷന്‍ കാണിക്കുന്നതും കാണാം. ഉടനെ ഇപ്പുറത്തിരുന്ന് ഗിറ്റാര്‍ വായിക്കുന്നവനോട് അതുവേണ്ടാ.. അതുവേണ്ടാ എന്നും പറയുന്നുണ്ട്.
ഇത്തരത്തില്‍ മക്കളോട് രസകരമായി ഇടപെടുന്ന അജുവിനെ ദേവദൂതനിലെ മോഹന്‍ലാല്‍ ആയിട്ടാണ് അജു സ്വയം ചിത്രീകരിച്ചിരിക്കുന്നത്. ഈ വീഡിയോയും അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് മില്യണ്‍ കാഴ്ചക്കാരെ നേടുകയും ചെയ്തിട്ടുണ്ട്. അതേസമയം, രണ്ടു വര്‍ഷത്തെ ഇടവേളയിലാണ് അജുവിന്റെയും ഭാര്യ അഗസ്റ്റീനയുടേയും കൈകളിലേക്ക് ഈ നാലു കുഞ്ഞുങ്ങള്‍ എത്തിയത്. 2014 ലായിരുന്നു ആദ്യ സിസേറിയന്‍. ഇവാനും ജുവാനയും എട്ടാം മാസത്തിലാണ് ജനിച്ചത്. ആദ്യ ഒരു മാസം കുഞ്ഞുങ്ങള്‍ ആവശ്യമായ ശരീരഭാരത്തിലെത്തും വരെ കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കുറേ നാളുകള്‍ നിയോനേറ്റല്‍ ഐസിയുവിലും ആയിരുന്നു. കാക്കനാട്ടെ സ്വന്തം വീട്ടില്‍ അമ്മയുടെയും അനുജത്തിയുടെയും സഹായത്തോടെയാണ് ആദ്യ കണ്മണികളെ പരിപാലിച്ചത്.
2016 ല്‍ രണ്ടാമതും അഗസ്റ്റീന അമ്മയായി. എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്. ഒരാളെ ഏര്‍പ്പാടാക്കിയാലോ എന്നൊക്കെ അജു ചോദിച്ചിരുന്നു. എന്നാല്‍ അമ്മമാര്‍ തന്നെ മക്കളെ വളര്‍ത്തിയാലേ ശരിയാകൂ എന്നതായിരുന്നു അഗസ്റ്റീനയുടെ പക്ഷം. അങ്ങനെ കുട്ടികളുടെ പരിപാലനവും ഏറ്റെടുത്ത് ചിത്ര രചനയും സംഗീതവും സ്പോര്‍ട്സും എല്ലാം കുട്ടികളില്‍ വളര്‍ത്തിയെടുത്താണ് ഇരുവരും മക്കളെ പരിപാലിക്കുന്നത്.