എപ്പോഴും വിമാനയാത്രകള്‍ ചെയ്യുന്നയാളാണ് കെഎസ് ചിത്ര. വിദേശത്തും ഇന്ത്യയിലെ പല സ്ഥലങ്ങളിലുമായി സ്റ്റേജ് ഷോകളും മറ്റുമായി നിരന്തരം യാത്രകള്‍ ചെയ്യാറുമുണ്ട്. എന്നാല്‍ അതിനിടെ അപകടങ്ങള്‍ സംഭവിക്കുന്നത് വളരെ ചുരുക്കമാണ്. എന്നാലിപ്പോഴിതാ, ആഴ്ചകള്‍ക്കു മുമ്പ് ചെന്നൈ എയര്‍ പോര്‍ട്ടില്‍ നിന്നും ഹൈദരാബാദിലേക്ക് പോകാന്‍ നില്‍ക്കവേ സംഭവിച്ച അപകടത്തിനു പിന്നാലെ ചിത്ര കടന്നുപോയത് സഹിക്കാനാകാത്ത വേദനയുടെ ദിവസങ്ങളിലൂടെയാണ്. ഈ വേദന സഹിച്ചു പിടിച്ചാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സിംഗപ്പൂരില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ ഗായിക എത്തിയത്. അസ്ഥി തുളച്ചു കയറുന്ന വേദനയിലും അതു മറച്ചുവച്ച് വലതു കയ്യില്‍ സ്ലിങ് ധരിച്ച് പാട്ട് പാടുന്ന ചിത്രങ്ങള്‍ ചിത്ര തന്നെയാമ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ജീവിതത്തിലെ ഏറ്റവും വലിയ സംഗീത പരിപാടിയായിരുന്നു അതെന്നാണ് ചിത്ര പറഞ്ഞത്. കാരണം, സംഭവിച്ച അപകടത്തിനു ശേഷം തൊട്ടുപിന്നാലെയാണ് ഈ വേദിയിലേക്ക് എത്തിയത്. അങ്ങനെ ഈ പരിപാടിയിലേക്ക് പങ്കെടുക്കാന്‍ എത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നുമില്ല. എന്നാല്‍ ചിത്ര എപ്പോഴും പറയും പോലെ മാസങ്ങള്‍ക്കു മുന്നേ എത്താമെന്നും പങ്കെടുക്കാമെന്നും ഉറപ്പു നല്‍കിയ ഈ പരിപാടിയില്‍ തന്നെ കാത്തിരുന്ന ആയിരക്കണക്കിനു കാണികള്‍ക്കു മുന്നിലേക്ക് എത്താന്‍ സാധിച്ചതില്‍ സര്‍വ്വേശ്വരന് നന്ദി പറയുമ്പോഴും കഠിനമായ വേദന സഹിച്ചായിരുന്നു ചിത്ര വേദിയിലേക്ക് എത്തിയത്.
സിംഗപ്പൂര്‍ യാത്രയ്ക്കു മുന്നേ ഹൈദരാബാദിലേക്ക് പോകുവാന്‍ ചെന്നൈ വിമാനത്താവളത്തില്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞ് നില്‍ക്കുകയായിരുന്നു ചിത്ര. ഒപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം, അദ്ദേഹം വരുന്നതും കാത്ത് നില്‍ക്കുകയായിരുന്നു ചിത്ര. എന്നാല്‍, അപ്പോഴേക്കും നിരവധി ആളുകള്‍ ചിത്രയെ ഫോട്ടോ എടുക്കാന്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ പരിശോധനയ്ക്കായി മൊബൈലും മറ്റും വച്ചു നല്‍കുന്ന ട്രേ പരിശോധന പൂര്‍ത്തിയാക്കിയ ആരോ ചിത്രയുടെ കൂടെ ഒരു ഫോട്ടോ എടുക്കാനുള്ള ആവേശത്തില്‍ അത് കാലിന് പിന്നില്‍ വച്ചിട്ട് പോയി. ചിത്ര അത് കണ്ടില്ല. ഫോട്ടോ എടുത്ത ശേഷം, ചിത്ര ഒരു കാല്‍ പിന്നിലേക്ക് വച്ചതും കാല്‍ ട്രേയില്‍ ഇടിച്ചു, തെന്നിപ്പോയി. ബാലന്‍സ് നഷ്ടപ്പെട്ടു വീണപ്പോള്‍ കൈകുത്തിയാണ് വീണത്.
ആ വീഴ്ചയില്‍ തോളിലെ അസ്ഥി ഒന്നര ഇഞ്ച് താഴേക്ക് ഇറങ്ങി വന്നു. അത് തിരിച്ച് പിടിച്ചിട്ടുണ്ടെങ്കിലും ആഴ്ചകളോളം റെസ്റ്റ് വേണം. മൂന്ന് മാസത്തേക്ക് സൂക്ഷിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കിലും നേരത്തെ ചെയ്യാമെന്നേറ്റ പരിപാടികള്‍ക്ക് കൃത്യമായി മുടങ്ങാതെ എത്തിയത് കഠിനമായ വേദന സഹിച്ചാണ്. ആ കയ്യുമായി ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ വേദിയിലും ചിത്ര എത്തിയിരുന്നു. അപ്പോഴാണ് തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ഗായിക വിശദമായി പറഞ്ഞത്. അതേസമയം, ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രാര്‍ഥനകളും ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഹരിപ്രിയ, രക്ഷിത സുരേഷ് ഉള്‍പ്പെടെയുള്ള ഗായകരും' വേഗം കൈ ഭേദമാകട്ടെ' എന്ന് പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. മേയ് 31 ആയിരുന്നു സിംഗപ്പൂരില്‍ കച്ചേരി നടന്നത്.