Latest News

കുട്ടിക്കാലം ദുബൈയില്‍; നാലാം വയസ് മുതല്‍ നൃത്ത പഠനം; 20 ാം വയസ് മുതല്‍ നൃത്തത്തില്‍ സ്വന്തം സൃഷ്ടികള്‍;ബാങ്ക് ജോലിയും ചാനല്‍ ജോലി ഉപേക്ഷിച്ചു പൂര്‍ണമായും നൃത്തത്തിലേക്ക്; രണ്ട് ചേച്ചിമാരുടെ കുഞ്ഞനുജത്തി; ബാംഗ്ലൂരിലെ ഡിഗ്രിക്കാരന്‍ പയ്യന്റെ അമ്മ; മേതില്‍ ദേവികയുടെ കഥ

Malayalilife
കുട്ടിക്കാലം ദുബൈയില്‍; നാലാം വയസ് മുതല്‍ നൃത്ത പഠനം; 20 ാം വയസ് മുതല്‍ നൃത്തത്തില്‍ സ്വന്തം സൃഷ്ടികള്‍;ബാങ്ക് ജോലിയും ചാനല്‍ ജോലി ഉപേക്ഷിച്ചു പൂര്‍ണമായും നൃത്തത്തിലേക്ക്; രണ്ട് ചേച്ചിമാരുടെ കുഞ്ഞനുജത്തി; ബാംഗ്ലൂരിലെ ഡിഗ്രിക്കാരന്‍ പയ്യന്റെ അമ്മ; മേതില്‍ ദേവികയുടെ കഥ

എഞ്ചിനീയറായിരുന്ന അച്ഛന്‍ എന്‍. രാജഗോപാലിന്റെയും എഴുത്തുകാരിയായ മേതില്‍ രാജേശ്വരിയുടേയും മൂന്നു പെണ്മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു ദേവിക. പാലക്കാട് രാമനാഥപുരം സ്വദേശിയാണെങ്കിലും ദുബായില്‍ ജനിച്ച മേതില്‍ ദേവിക  കുട്ടിക്കാലം ചെലവഴിച്ചത് ദുബൈയില്‍. മൂത്ത ചേച്ചി രാധിക ഇപ്പോള്‍ അമേരിക്കയില്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റാണ്. രണ്ടാമത്തെ ചേച്ചി രേണുക സൗത്ത് ആഫ്രിക്കയില്‍ ഫോബ്സ് മാഗസിന്‍ എഡിറ്ററും. പഠിക്കാന്‍ ദേവികയും മിടുക്കിയായിരുന്നു. വിദ്യാഭ്യാസ രംഗത്ത് പകരം വെക്കാനില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിത്വമാണ് ദേവിക.

കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ എം.ബി.എ.യും, കൊല്‍ക്കത്ത രബീന്ദ്രഭാരതി സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ സ്വര്‍ണമെഡലോടെ എം.എ.യും പൂര്‍ത്തിയാക്കി. പിന്നീട് ഭാരതിദാസന്‍ സര്‍വകലാശാലയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി കൂടി നേടിയതോടെയാണ് നൃത്തം തന്റെ പ്രാണനാണെന്ന് തിരിച്ചറിഞ്ഞത്. കേരള കലാമണ്ഡലത്തിലെ അധ്യാപികയായും ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്ന അവര്‍ മോഹിനിയാട്ടത്തെ അന്താരാഷ്ട്ര തലത്തില്‍ പുതിയ ഉയരങ്ങളിലെത്തിച്ചു.

ജീവിതത്തിന്റെ അരങ്ങില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കിടയിലും ദാമ്പത്യ ജീവിതം ദേവികയ്ക്ക് പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു. 2002-ല്‍ രാജീവ് നായരുമായുള്ള ആദ്യ വിവാഹം രണ്ടു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ലാണ് നടന്‍ മുകേഷുമായുള്ള വിവാഹം നടക്കുന്നത്. വിമാനത്താവളത്തില്‍ വച്ചുള്ള യാദൃശ്ചികമായ കണ്ടുമുട്ടല്‍ പിന്നീട് വിവാഹത്തിലേക്ക് എത്തിയെങ്കിലും ആ ബന്ധവും തകര്‍ച്ചയിലാണു കലാശിച്ചത്. വിവാഹത്തകര്‍ച്ചയുടെ ആ കനല്‍വഴികളില്‍ മനസ്സിനെ പതറാതെ പിടിച്ചുനിര്‍ത്തിയത് നൃത്തത്തോടുള്ള അഭിനിവേശവും പ്രിയപ്പെട്ടവരുടെ പിന്തുണയുമായിരുന്നു.

തന്റെ ഇപ്പോഴത്തെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും ഗുരുവും മകന്‍ ദേവാംഗ് രാജീവാണ്. ബംഗളൂരുവില്‍ സോഷ്യല്‍ സയന്‍സ് വിത്ത് ഫിലോസഫിയില്‍ ബിരുദപഠനം നടത്തുന്ന ദേവാംഗിനെ ഒരു മകനേക്കാളുപരി തന്റെ 'സോള്‍മേറ്റ്' എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. അമ്മയും മകനുമെന്നതിലുപരി പരസ്പരം മനസിലാക്കുന്ന രണ്ട് സുഹൃത്തുക്കളാണ് അവര്‍. പ്ലസ് ടുവിന് മികച്ച വിജയം നേടിയപ്പോള്‍ സമ്മാനമായി ആഡംബര വസ്തുക്കള്‍ക്ക് പകരം അമ്മയോടൊപ്പമുള്ള ഒരു യാത്രയാണ് ആ മകന്‍ ചോദിച്ചത്. ട്രെയിനിലും ബസ്സിലും സാധാരണക്കാരെ പോലെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന മകനൊപ്പമുള്ള യാത്രകളാണ് ദേവികയുടെ ഏറ്റവും വലിയ സന്തോഷം.

കഴിഞ്ഞുപോയ കാലത്തെ വേദനകളെക്കാള്‍ വരാനിരിക്കുന്ന ദിവസങ്ങളുടെ പ്രകാശത്തിലാണ് ദേവികയിപ്പോള്‍. അടുത്തിടെ ദുബായില്‍ പോയപ്പോള്‍ തന്റെ പഴയ വീടിരുന്ന മണല്‍പറമ്പില്‍ മകനൊപ്പം നിന്നു കരഞ്ഞ അനുഭവം പങ്കുവെക്കുമ്പോഴും, അത് പഴയകാലത്തോടുള്ള മധുരമായ ഓര്‍മ്മപ്പെടുത്തലായിരുന്നു. പ്രതിസന്ധികളില്‍ തളരാതെ നൃത്തത്തിലേക്കും പ്രിയപ്പെട്ടവരിലേക്കും ചേക്കേറിയ ദേവിക, ഇന്ന് മകന്റെയും ചേച്ചിമാരുടെയും തണലില്‍ സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുന്നു. ഒരു കലാകാരിയെന്ന നിലയില്‍ തന്നിലെ മാറ്റങ്ങളെ തിരിച്ചറിയുന്ന, ജീവിതത്തെ ഫിലോസഫിക്കലായി കാണുന്ന ഒരു വലിയ മാറ്റത്തിന് ദേവികയിപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

methil devika dancer life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES