ഫഹദ് ഫാസിലിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രമായിരുന്നു 'ചാപ്പാ കുരിശ്'. 2011ല്‍ റീലീസ് ചെയ്ത ചിത്രത്തില്‍ ഫഹദിന് ഒരു ലക്ഷം രൂപ ആയിരുന്നു പ്രതിഫലം നല്കിയിരുന്നതെന്ന് പറയുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. 'സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാഡമി'യുടെ കോണ്‍വോക്കേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍. ചടങ്ങിലെ മുഖ്യ അതിഥി ഫഹദ് ഫാസിലായിരുന്നു. '
'ചാപ്പാ കുരിശില്‍ അഭിനയിച്ചതിനു ശേഷം എനിക്കും ഫഹദിനും ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. ഞാനിപ്പോഴും ഓര്‍ക്കുകയാണ്, 2011ല്‍ ആ സിനിമ ചെയ്യുമ്പോള്‍ ആദ്യം ശമ്പളം കൊടുത്തില്ല. സിനിമ തീര്‍ന്നതിനു ശേഷമാണ് പ്രതിഫലം കൊടുത്തത്. ലിസ്റ്റിന്‍ എന്താണെന്നു വച്ചാല്‍ തന്നാല്‍ മതിയെന്നായിരുന്നു ഫഹദ് പറഞ്ഞത്. എത്രയാണെന്നു പറഞ്ഞാല്‍ എനിക്കു കാര്യം ഈസിയാകുമെന്ന് ഞാനും പറഞ്ഞു. അപ്പോള്‍ ഫഹദ് എന്നോടു പറഞ്ഞു, 'ടൂര്‍ണമെന്റ്' ചെയ്തത് 65000 രൂപയ്ക്കായിരുന്നു എന്ന്. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനേക്കാള്‍ കൂടുതല്‍ ആ സിനിമയ്ക്കായി പ്രവര്‍ത്തിച്ചത് ഫഹദ് ആയിരുന്നു. ഫുള്‍ എനര്‍ജിയില്‍ സിനിമയുടെ ഡയറക്ടര്‍ ആയി, എഴുത്തുകാരനായി, നടനായി അങ്ങനെ എല്ലാ രീതിയിലും ഫഹദ് ആ സിനിമയിലുണ്ടായിരുന്നു.
അന്ന് ഞാന്‍ ഫഹദ് ഫാസിലിന് ശമ്പളം കൊടുത്തത് 1 ലക്ഷം രൂപയാണ്. ആ ഫഹദ് ഇന്ന് എവിടെയോ എത്തി നില്‍ക്കുന്നു. ഇന്ന് ഫഹദിനെ അഞ്ചോ പത്തോ കോടി രൂപ കൊടുത്താല്‍ കിട്ടില്ല. അതാണ് സിനിമ എന്നു പറയുന്ന മാജിക്. കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ വന്ന്, ഒരു ഗ്യാപ് എടുത്ത്, ടൂര്‍ണമെന്റ് ചെയ്ത്, കേരള കഫെയും ചെയ്താണ് ചാപ്പാ കുരിശില്‍ എത്തുന്നത്. കഴിഞ്ഞ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴും തന്റെ മികച്ച സിനിമകളിലൊന്നായി ഫഹദ് ചാപ്പാ കുരിശാണ് പറഞ്ഞത്. അത് ഞാന്‍ സ്‌ക്രീന്‍ഷോട്ട് എടുത്തു വച്ചിട്ടുണ്ട്. ആ ഫഹദ് പാന്‍ ഇന്ത്യന്‍ ലെവലിലാണ് നില്‍ക്കുന്നത്. എല്ലാ ഭാഷയിലും വേണ്ട ആര്‍ട്ടിസ്റ്റായി അദ്ദേഹം മാറി.
ഫാസില്‍ എന്ന വലിയ സംവിധായകന്റെ മകനായി സിനിമയിലെത്തിയ സമയത്ത് ഉദ്ദേശിച്ച റിസള്‍ട്ട് കിട്ടിയില്ല. അങ്ങനെ വന്നപ്പോള്‍ സ്‌കൂളിലൊക്കെ ലീവ് എടുക്കുന്ന പോലെ ചെറിയൊരു ലീവ് എടുത്ത് തിരിച്ചു വന്നപ്പോള്‍ ഫഹദിനെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായി. അതാണ് ആത്മസമര്‍പ്പണം, അഭിനയത്തോടുള്ള സമര്‍പ്പണം! അതെല്ലാം സിനിമയിലേക്ക് കടന്നു വരുന്ന ആളുകള്‍ കണ്ടു പഠിക്കേണ്ട കാര്യമാണ്,' ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.