ബീയാര്‍ പ്രസാദിന്റേയും വയലാര്‍ ശരത്ചന്ദ്രവര്മയുടേയും അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്ന ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ ആരോപണങ്ങള്‍ തള്ളി സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍. ''ആരുടേയെങ്കിലും അവസരം കളയാന്‍ കഴിവുള്ള ആളല്ല ഞാന്‍. രാജീവ് പറയുന്നത് മുഴുവന്‍ കള്ളമാണ്. കള്ളം പറയുന്നതില്‍ ഡോക്ടറേറ്റ് ഉണ്ടെങ്കില്‍ അത് രാജീവ് ആലുങ്കലിന് നല്‍കണം'' എന്ന് ജയചന്ദ്രന്‍ ഒരു യൂട്യൂബ് അഭിമുഖത്തില്‍ വ്യക്തമാക്കി.
ബീയാര്‍ പ്രസാദുമായി അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ലെന്നും, രണ്ട് സിനിമകളില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടതെന്നും ജയചന്ദ്രന്‍ പറഞ്ഞു. അവിടെ പോലും പ്രസാദ് സ്വയം പാട്ടെഴുതുന്നതില്‍ നിന്ന് പിന്മാറിയെന്നും, 'ബംഗ്ലാവില്‍ ഔത' എന്ന ചിത്രത്തില്‍ അദ്ദേഹം തന്നെ എഴുതി എന്നും ജയചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.
''രാജീവുമായി ഏറ്റവും കൂടുതല്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചത് ഞാന്‍ തന്നെയായിരിക്കും. അനിയനെപ്പോലെ കൈപിടിച്ചുനടന്നു. എന്നാല്‍ സ്വന്തം നിലപാടുകള്‍ക്ക് വേണ്ടി കള്ളക്കഥകള്‍ പറയുന്നത് ഒരു വലിയ തെറ്റാണ്,'' ജയചന്ദ്രന്‍ വിമര്‍ശിച്ചു. മലയാള സിനിമയില്‍ ആര് പാട്ടെഴുതണം എന്നത് ഒരാള്‍ക്ക് മാത്രമായി തീരുമാനിക്കാനാകില്ലെന്നും, നിര്‍മാണവും സംവിധാനവും ചേര്‍ന്നാണ് തീരുമാനമെടുക്കുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു. വയലാര്‍ ശരത്ചന്ദ്രവര്മയെയും താന്‍ വിളിച്ചിട്ടുണ്ടെന്നും, ''അവസരം കളഞ്ഞിട്ടില്ല'' എന്ന് ശരത് തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജീവ് ആലുങ്കല്‍ മുമ്പ് പറഞ്ഞത്, ''ചിലര്‍ ചിലരെ വളരാന്‍ അനുവദിക്കില്ല. 20 സിനിമകളില്‍ പാട്ടെഴുതാന്‍ വന്ന ബീയാര്‍ പ്രസാദിനെ നിഷ്‌കരുണം പറഞ്ഞയച്ചവന്‍ ജയചന്ദ്രനാണ്. വയലാര്‍ ശരത്ചന്ദ്രവര്മയുടെ 12 ഓളം സിനിമകളില്‍ നിന്നും അവസരം നഷ്ടപ്പെടുത്തി'' എന്നായിരുന്നു. ഈ ആരോപണങ്ങള്‍ക്കാണ് ജയചന്ദ്രന്‍ ശക്തമായ മറുപടി നല്‍കിയത്.