മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം; 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല; മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം ഹേമ കമ്മിറ്റിയിലോ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്തോ മാധ്യമങ്ങളില്‍ കണ്ടിട്ടില്ല; ഉഷാ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്‍വതി 

Malayalilife
 മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം; 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല; മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം ഹേമ കമ്മിറ്റിയിലോ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്തോ മാധ്യമങ്ങളില്‍ കണ്ടിട്ടില്ല; ഉഷാ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്‍വതി 

താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ലെന്നാണ് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് താന്‍ കാണുന്നതെന്ന് അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ താന്‍ നടത്തിയ ഇടപെടലിന്റെ സ്‌ക്രീന്‍ഷോട്ടടക്കം പങ്കുവെച്ചാണ് മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്. 

കഴിഞ്ഞ വര്‍ഷം കുക്കു പരമേശ്വര്‍ തെരഞ്ഞെടുപ്പിന് മത്സരിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ഉഷാ ഹസീന മുന്‍പില്‍തന്നെയുണ്ടായിരുന്നുവെന്നതും മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം ഹേമ കമ്മിറ്റിയിലോ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്തോ മാധ്യമങ്ങളില്‍ കണ്ടിട്ടില്ലെന്നും മാലാ പാര്‍വതി ചൂണ്ടിക്കാട്ടി. ബാബുരാജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്ന അഭിപ്രായക്കാരിയാണ് താന്‍. ശക്തര്‍ക്കെതിരെ നില്‍ക്കുമ്പോള്‍ ഭീഷണി സ്വാഭാവികമാണെന്നും മാലാ പാര്‍വതി പറഞ്ഞു. 

മാല പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ: 
അമ്മയിലെ ഇലക്ഷനും, അതിനോട് അനുബന്ധിച്ച് നടക്കുന്ന വിവാദങ്ങളും മാധ്യമങ്ങളില്‍, ശ്രദ്ധ നേടുകയാണ്. മെമ്മറി കാര്‍ഡാണ് ,പുതിയ വിവാദം. അമ്മയുടെ വാര്‍ത്തകള്‍ ,ദിവസേന എന്ന രീതിയില്‍ നല്‍കുന്ന ഒരു യൂ ട്യൂബര്‍ പറഞ്ഞാണ് ആദ്യം ഇതിനെ കുറിച്ച് കേള്‍ക്കുന്നത്. പിന്നെ ഉഷ ഹസീന.. ഹോളി ഡേ ഇന്നില്‍ നടന്ന മീറ്റിംഗിനെ കുറിച്ച് പറയുകയുണ്ടായി. വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പലരെയും വിളിച്ച് വിഷയം തിരക്കി. 12 പേര് ചേര്‍ന്ന യോഗം വീഡിയോ ചിത്രീകരിച്ചിതിന്റെയും, പിന്നീട് മെമ്മറി കാര്‍ഡ് കാണാതായതിനെ കുറിച്ചും, കുക്കു പരമേശ്വരന്‍ അതെടുത്ത് വച്ചേക്കുകയാണ് എന്ന ആരോപണവും കേട്ടു.അന്ന് executive കമ്മിറ്റിയിലോ, സബ് കമ്മിറ്റിയിലോ ഇല്ലാത്ത കുക്കു, ഭാരവാഹികള്‍ പറഞ്ഞിട്ട് സഹായിക്കാനായെത്തിയതല്ലാതെ, വേറെ ബന്ധമില്ല എന്ന് കുക്കു പറഞ്ഞു. 

2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇത് ഉന്നയിച്ച് കേട്ടിട്ടില്ല. IC അംഗമായി ചുമതലയെടുത്ത ചുരുങ്ങിയ നാളുകളിലും ,ഇന്ന് പരാതി ഉന്നയിക്കുന്നവര്‍, ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല. മാത്രമല്ല കഴിഞ്ഞ വര്‍ഷം ,കുക്കു ഇലക്ഷന് നിന്നപ്പോള്‍, കുക്കുവിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ,ഉഷ ഹസീന മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു. ഹേമ കമ്മിറ്റിയിലോ, ഹേമമമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്തോ ഇങ്ങനെ ഒരു പ്രശ്‌നം മാധ്യമങ്ങളില്‍ കണ്ടതുമില്ല.അങ്ങനെയുള്ള സാഹചര്യത്തില്‍ ,ബാബുരാജിനെ പ്രകീര്‍ത്തിച്ച് കൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും ,പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ, ഇലക്ഷനുമായി ബന്ധപ്പെട്ട തന്ത്രമായാണ് ഞാന്‍ കാണുന്നത്. 

എനിക്കെതിരെ വലിയ ആരോപണങ്ങളാണ് പൊന്നമ്മ ബാബു പറയുന്നത്. ഞാനിതില്‍ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് ,ആരെയൊക്കെയോ ഇടപെടുത്തി എന്ന്. ഞാന്‍ അതിശയിക്കുകയാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട ഉഷ ഹസീനയ്ക്ക് ഞാന്‍ ദിവ്യ ഐയ്യര്‍ IAS റെയും ,മെറിന്‍ ജോസഫ് IPS -ന്റെയും നമ്പറുകള്‍ ഷെയര്‍ ചെയ്ത് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരു വിഷയം നടക്കുന്നു എന്ന് അധികാരികളെ അറിയിക്കുകയും ചെയ്തു. അറിയിച്ചിട്ടുണ്ട് എന്ന് പൊന്നമ്മ ബാബുവിന് വോയിസ് നോട്ടും ഇട്ടു. അതവര്‍ പറയും എന്ന് പ്രതീക്ഷ എനിക്കില്ല.Screen Shot ഷെയര്‍ ചെയ്യാം. ബാബുരാജ് ഇലക്ഷന് നില്‍ക്കരുത്, എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയര്‍ ഇലക്ഷനില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. നാമ നിര്‍ദേശിക പിന്‍വലിച്ച് അദ്ദേഹം ഇട്ട പോസ്റ്റിനെ, യൂ ട്യൂബര്‍ വ്യാഖ്യാനിച്ച് പറഞ്ഞതില്‍ പണി വരുന്നുണ്ട് എന്ന് വ്യക്തമാണ്. ശക്തര്‍ക്കെതിരെ നില്‍ക്കുമ്പോള്‍ അത് സ്വാഭാവികയുമാണ്. ഇനി വരാനിരിക്കുന്ന വലിയ അറ്റാക്കുകളുടെ മുന്നോടി ആയാണ് ഞാന്‍ ഈ അറ്റാക്കുകളെ കാണുന്നത്. 

നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയുന്ന, ചോറുണ്ണുന്ന മലയാളികള്‍ ഈ നാട്ടിലെ ജനങ്ങളെ വിശ്വാസമുണ്ട്. വരുന്ന വിഷയങ്ങള്‍, അറിയുന്ന മുറയ്ക്ക് മറുപടി പറഞ്ഞ് ഞാന്‍ ഇവിടെ ഉണ്ടാകും. അമ്മയുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ,പല പ്രശ്‌നങ്ങളും തുടങ്ങുന്നത്. അത് ഇവിടെ വിശദീകരിക്കുന്നില്ല. മറുനാടന്‍ മലയാളിയില്‍, ശ്രീ സാജന്‍ സ്‌ക്കറിയ ഒരു വീഡിയോ ചെയ്തത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. അത് കൊണ്ട് അത് വിടുന്നു. ഇപ്പോഴത്തെ വിവാദം, എക്‌സിക്യൂട്ടിവിലോ, സബ് കമ്മിറ്റിയിലോ ഭാരവാഹി അല്ലാത്ത കുക്കുവിനെതിരെ എത്ര ബഹളമുണ്ടാക്കിയിട്ടും, എന്ത് കാര്യം എന്ന് എത്ര ആലോചിച്ചിടും എനിക്ക് മനസ്സിലാവുന്നില്ല. എന്നാല്‍ ഇതില്‍ പ്രശ്‌നം അനുഭവിക്കുന്നവര്‍, നിങ്ങളുടെ യുക്തി പോലെ ,നിയമ സഹായം തേടുക. അല്ലാതെ മാലാ പാര്‍വ്വതി, ഇടയ്ക്ക് കയറുന്നു എന്നൊന്നും പറയണ്ട. ഞാന്‍ ഇതില്‍ കക്ഷി അല്ല. വാട്ട്‌സപ്പ് ഗ്രൂപ്പിലെ അഡ്മിനും, യൂ ട്യൂബറും, ഒരുമിച്ച് ഒരു പോലെ പറയുന്ന കാര്യങ്ങള്‍, ഒരിടത്ത് നിന്ന് ഉത്ഭവിക്കുന്നതാണെന്ന് ഞാന്‍ നേരത്തെ ശ്രദ്ധിച്ചതാണ്. അത് കൊണ്ട് തന്നെ Well Planned അറ്റാക്ക് ആണ്. 

നമുക്ക് നോക്കാം. നിയമവും, പോലീസും കോടതിയും നിങ്ങള്‍ക്ക് മാത്രമല്ല ഉള്ളത്.. പൊന്നമ്മ ബാബു മെമ്മറി കാര്‍ഡ് വിവാദം ഉയര്‍ത്തിയത് ഇങ്ങനെ: ഹേമാ കമ്മിറ്റി രൂപീകരിക്കുന്നതിന് മുമ്പ് അമ്മ സ്ത്രീകള്‍ അവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നുവെന്നും ഇതിന്റെ വീഡിയോ പകര്‍ത്തിയത് കുക്കു പരമേശ്വരനാണെന്നും ഹാര്‍ഡ് ഡിസ്‌ക് തിരികെ വേണമെന്നും പൊന്നമ്മ ബാബു ആവശ്യപ്പെട്ടിരുന്നു. താര സംഘടനയില്‍ അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എവിടെപ്പോയെന്നും പൊന്നമ്മ ബാബു ചോദിച്ചിരുന്നു. അമ്മയില്‍ അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എവിടെപ്പോയെന്ന് പൊന്നമ്മ ബാബു ചോദിച്ചു. കുക്കു പരമേശ്വരനാണ് സ്ത്രീകളുടെ ദുരനുഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. എന്നാല്‍ മെമ്മറി കാര്‍ഡ് ഹേമാ കമ്മിറ്റിയിലില്ല. ഇടവേള ബാബുവിന്റേയും കുക്കു പരമേശ്വരന്റേയും കൈയിലാണ് മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നതെന്നും പൊന്നമ്മാ ബാബു മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ സ്ത്രീകള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ രണ്ട് ക്യാമറ ഓണ്‍ചെയ്തു വെച്ചിട്ടുണ്ടായിരുന്നെന്നും വീഡിയോ ചിത്രീകരിച്ച് പോയ കുക്കു പരമേശ്വരന്‍ ആ മെമ്മറി കാര്‍ഡ് ഇടവേള ബാബുവിനെ ഏല്‍പിച്ചു എന്നാണ് പറഞ്ഞതെന്നും പൊന്നമ്മ വ്യക്തമാക്കിയിരുന്നു. രണ്ട് ക്യാമറ ഓണ്‍ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. വിഷമങ്ങളോ ബുദ്ധിമുട്ടുകളോ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പറയൂ എന്നും അത് വേണ്ടപ്പെട്ടവരെ അറിയിച്ച് നിങ്ങള്‍ക്ക് നീതി വാങ്ങിത്തരും എന്നും അവരോട് പറഞ്ഞു. അപ്പോള്‍ പാവങ്ങളായ അവര്‍ അവരുടെതായ ഒരുപാട് വിഷമങ്ങള്‍ പറഞ്ഞു. അതെല്ലാം ഷൂട്ട് ചെയ്ത സമയത്ത് എന്തിനാണ് അതെല്ലാം ഷൂട്ട് ചെയ്യുന്നതെന്ന് ഉഷയും പ്രിയങ്കയും ചോദിച്ചു. നിങ്ങള്‍ക്കിങ്ങനെ ഉണ്ടായവിവരം അവരെ അറിയിക്കണമല്ലോ അതുകൊണ്ടാണ് ഷൂട്ട് ചെയ്തതെന്നാണ് അവര്‍ മറുപടി പറഞ്ഞത്. 

അവര്‍ വീഡിയോ ഷൂട്ട്‌ചെയ്ത് പോയി. പലപ്പോഴും കുക്കുവിനോട് ചോദിച്ചപ്പോള്‍ അത് സേഫായി കൈയിലുണ്ട് എന്ന് പറഞ്ഞു. ഇടവേള ബാബുവിനെ ഏല്‍പിച്ചു എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇതേപ്പറ്റി ഒന്നും പറഞ്ഞില്ല, പൊന്നമ്മ ബാബു പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക്ക് ആരുടെ കൈയിലാണ്, അതെവിടെ എന്നൊന്നും അറിയില്ലെന്നും അവര്‍ പ്രതികരിച്ചു. അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുക്കു പരമേശ്വരന് യോഗ്യതയില്ലെന്ന് പറഞ്ഞ് പൊന്നമ്മാബാബു രംഗത്തെത്തിയിരുന്നു. അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ ഷൂട്ട് ചെയ്ത വീഡിയോ കുക്കു പരമേശ്വരന്‍ ദുരുപയോഗപ്പെടുത്തുമെന്ന കാരണമാണ് പ്രധാനമായും പൊന്നമ്മാ ബാബു ഉന്നയിച്ചിരുന്നത്.
 

maala parvathy about amma election controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES