Latest News

മഴക്കെടുതിയെ തുടര്‍ന്ന് മലയാള സിനിമാ ലോകം പ്രതികൂല സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്;ആറ് ചിത്രങ്ങളുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു;ചിത്രീകരണം പുരോഗമിക്കുന്നത് പൃഥിരാജിന്റെ ലൂസിഫര്‍ മാത്രം

Malayalilife
topbanner
മഴക്കെടുതിയെ തുടര്‍ന്ന് മലയാള സിനിമാ ലോകം പ്രതികൂല സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്;ആറ് ചിത്രങ്ങളുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു;ചിത്രീകരണം പുരോഗമിക്കുന്നത് പൃഥിരാജിന്റെ ലൂസിഫര്‍ മാത്രം

കേരളത്തിലെ മഴക്കെടുതി മലയാള സിനിമയേയും അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്. ചിത്രീകരണം പുരോഗമിച്ചിരുന്ന ആറു സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നതും ചിങ്ങം ഒന്നിന് ആരംഭിക്കാനിരുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് മാറ്റി വെയ്‌ക്കേണ്ടി വന്നതും സിനിമയ്ക്ക് വന്‍ തിരിച്ചടിയായി. മഴക്കെടുതിയില്‍ ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചതും തിയേറ്ററുകള്‍ അടച്ചിട്ടതും സിനിമാ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

മഴക്കെടുതിയെ തുടര്‍ന്ന് ഏകദേശം ആറ് സിനിമകളുടെ ഷൂട്ടിംഗാണ് നിര്‍ത്തിവെച്ചത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മാത്രമാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഏക ചിത്രം. തിരുവനന്തപുരത്താണ് ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും മഞ്ജുവാര്യരും ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍ ഇന്ന് വീണ്ടും അഭിനയിച്ചു തുടങ്ങുമെന്നാണ് സൂചന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 പ്രളയത്തെ തുടര്‍ന്ന് എറണാകുളത്ത് ചിത്രീകരണം പുരോഗമിച്ചിരുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ ചിത്രീകരണവും നിരഞ്ജ് മണിയന്‍പിള്ള രാജുവിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സകലകലാശാലയുടെ ഷൂട്ടിംഗും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.വൈശാഖ് - ഉദയകൃഷ്ണ ടീമൊരുക്കുന്ന മധുര രാജയുടെ ഷൂട്ടിംഗ് ഈയാഴ്ച പുനരാരംഭിക്കുമെന്നാണ് സൂചന. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് മധുര രാജ നിര്‍മ്മിക്കുന്നത്.എന്നാല്‍ സകലകലാശാലയുടെ ചിത്രീകരണം വ്യാഴാഴ്ച പുനഃരാരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫാണ് ചിത്രീകരണം നിര്‍ത്തിവച്ച മറ്റൊരു ചിത്രം.തൊടുപുഴയില്‍ രണ്ടാംഘട്ട ചിത്രീകരണം പുരോഗമിച്ചുവരികയായിരുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ജോജു ജോര്‍ജ് ആണ്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസമാന്‍ നിര്‍മ്മിച്ച് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രന്‍ എന്ന ചിത്രമാണ് ചിത്രീകരണം മുടങ്ങിയ അടുത്ത ചിത്രം. 
ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമായ അള്ള് രാമേന്ദ്രന്റെ ആദ്യഘട്ട ചിത്രീകരണമാണ് മാറ്റിവെച്ചത്. ആലുവ ചെങ്ങമനാടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.പ്രദേശം പ്രളയത്തില്‍ മുങ്ങിയതോടെ മറ്റൊരു ലൊക്കേഷനില്‍ ചിത്രീകരണം ആരംഭിക്കാനാണ് നീക്കം. ഈ മാസം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനം.ലാല്‍ജോസ് ചിത്രമായ തട്ടിന്‍പുറത്ത് അച്യുതന്റെ അഭിനയം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കുഞ്ചാക്കോ ബോബന്‍ അള്ള് രാമേന്ദ്രനില്‍ തിരിച്ചെത്തുക. ചാന്ദ്‌നി ശ്രീധരനും അപര്‍ണാ ബാലമുരളിയുമാണ് അള്ള് രാമേന്ദ്രനിലെ നായികമാര്‍. ഒട്ടുമിക്ക സെന്ററുകളിലും പല തിയേറ്ററുകളും അടച്ചിട്ടതും സിനിമാ മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്.


 

Read more topics: # malayalam film industry,# lucifer
malayalam-film-industry-lucifer-shooting-in-progress

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES