Latest News

സംസാരിക്കാന്‍ അറിയില്ലെന്ന് വിനായകന്‍; നന്നായിട്ട് അഭിനയിക്കാനറിയാമെന്ന് മെഗാസ്റ്റാറിന്റെ മറുപടി; വിനായകന്‍ ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും സിനിമ കാണുമ്പോള്‍ വാത്സല്യം തോന്നുമെന്ന് പറഞ്ഞ് നടനെ ചേര്‍ത്ത് നിര്‍ത്തി മമ്മൂട്ടി 

Malayalilife
സംസാരിക്കാന്‍ അറിയില്ലെന്ന് വിനായകന്‍; നന്നായിട്ട് അഭിനയിക്കാനറിയാമെന്ന് മെഗാസ്റ്റാറിന്റെ മറുപടി; വിനായകന്‍ ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും സിനിമ കാണുമ്പോള്‍ വാത്സല്യം തോന്നുമെന്ന് പറഞ്ഞ് നടനെ ചേര്‍ത്ത് നിര്‍ത്തി മമ്മൂട്ടി 

വരാനിരിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രം 'കളങ്കാവലി'ന്റെ പ്രീ-റിലീസ് ടീസര്‍ ഇവന്റില്‍ സഹതാരം വിനായകനെ പ്രശംസിച്ച് മമ്മൂട്ടി. ഡിസംബര്‍ 5-ന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ താനൊരു പ്രതിനായകന്റെ വേഷത്തിലെത്തുമ്പോള്‍, വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു. 

ഇപ്പോഴിതാ പ്രീ റിലീസ് ടീസര്‍ ഈവന്റില്‍ വിനായകനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. 'എനിക്ക് സംസാരിക്കാന്‍ അറിയില്ലെന്ന് അറിയാല്ലോ,' എന്ന് വേദിയിലെത്തിയ വിനായകന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി ഉടന്‍ പ്രതികരിച്ചു, 'സംസാരിക്കാന്‍ അറിയില്ലെങ്കിലും നന്നായിട്ട് അഭിനയിക്കാനറിയാം.' തുടര്‍ന്ന് വിനായകനെ ഒരു വികൃതിക്കുട്ടിയെപ്പോലെ താരതമ്യം ചെയ്ത മമ്മൂട്ടി, 'ക്ലാസ്സില്‍ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാകും. 

പക്ഷേ അവരോട് നമുക്കൊരു വാത്സല്യം തോന്നും. അങ്ങനത്തെ ഒരു കുസൃതിക്കാരനാണ് വിനായകന്‍. വിനായകന്‍ ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും ഒരു വാത്സല്യം ഇയാളുടെ സിനിമകള്‍ കാണുമ്പോള്‍ നമുക്ക് തോന്നിപ്പോകും,' എന്ന് കൂട്ടിച്ചേര്‍ത്തു. 

ഈ പ്രശംസയ്ക്ക് മറുപടിയായി, 'ഇങ്ങനെയൊരു ഭാഗ്യം ഇനി ആര്‍ക്കും ഉണ്ടാകുമെന്ന് കരുതുന്നില്ല, താന്‍ അത്രയും ഭാഗ്യമുള്ളവനാണ്,' എന്ന് വിനായകന്‍ സന്തോഷം പങ്കുവെച്ചു. 

സ്വന്തം കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് തനിക്ക് ലഭിച്ച ഏറ്റവും വലിയ പരീക്ഷണങ്ങളില്‍ ഒന്നായിരുന്നുവെന്നും മമ്മൂട്ടി സൂചിപ്പിച്ചു. ഒരുപക്ഷേ ഈ കഥാപാത്രത്തെ സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ പ്രേക്ഷകര്‍ക്ക് കഴിഞ്ഞെന്ന് വരില്ല, എന്നാല്‍ തിയറ്ററില്‍ ആ കഥാപാത്രത്തെ ഉപേക്ഷിച്ച് പോകാനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാന്‍സറായി വേദികളില്‍ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന വിനായകന്‍, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ ശ്രദ്ധേയനാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും രജനികാന്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിലൂടെയും പാന്‍ ഇന്ത്യന്‍ തലത്തില്‍ വിനായകന്‍ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രമോഷനല്‍ വിഡിയോയില്‍ നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയുമായി  സംസാരിക്കവേ മുതിര്‍ന്നതും നെഗറ്റീവ് ഷേഡുള്ളതുമായ കഥാപാത്രങ്ങളിലേക്ക് പൂര്‍ണമായും മാറിയത് ഒരു നടനെന്ന നിലയില്‍ തനിക്ക് വലിയ സാധ്യതകളാണ് തുറന്നു തരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  2024-ല്‍ പുറത്തിറങ്ങിയ 'ഭ്രമയുഗ'ത്തിലെ ചാത്തനെപ്പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിലുള്ള ആവേശം പങ്കുവെച്ച താരം തന്റെ അഭിനയ ജീവിതത്തിലെ ഈ മാറ്റം ധൈര്യം കൊണ്ടല്ല മറിച്ച് ഉള്ളിലെ നടനെ തൃപ്തിപ്പെടുത്താനുള്ള ആഗ്രഹം കൊണ്ടാണ് എന്നും മമ്മൂട്ടി പറയുന്നു. 

സഹതാരമായ വിനായകനെക്കുറിച്ചും മമ്മൂട്ടി വാചാലനായി. 'അച്ചടക്കമുള്ള നടന്‍' എന്നാണ് അദ്ദേഹം വിനായകനെ വിശേഷിപ്പിച്ചത്. ഒരു നടന്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണമെങ്കില്‍ മികച്ച പ്രകടനം കാഴ്ചവച്ച് അത് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തണം. അത് വിനായകന്‍ കൃത്യമായി ചെയ്യുന്നുണ്ട്, അതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 5-ന് റിലീസ് ചെയ്യുന്ന 'കളങ്കാവലി'ല്‍ വില്ലന്‍ സ്വഭാവമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 

''ഞാന്‍ ഇപ്പോള്‍ പല കഥാപാത്രങ്ങളും ചെയ്യുന്നത് ആഗ്രഹം കൊണ്ടാണ്. എന്നിലെ നടനെ എനിക്ക് നിഷേധിക്കാന്‍ കഴിയില്ല.  എന്നിലെ നടനെ ഞാന്‍ അവഗണിക്കാന്‍ ആഗ്രഹിക്കുന്നില്ല, അയാള്‍ക്ക് വേണ്ടത് കൃത്യമായി നല്‍കണം. മറ്റെന്തിനേക്കാളും ഉപരിയായി എന്നിലെ നടനെ തൃപ്തിപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  നമ്മള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ധൈര്യം കൊണ്ടല്ല, ആഗ്രഹം കൊണ്ടാണ്. എന്നെ ഒരു താരം എന്ന് വിളിക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല, പക്ഷേ ഒരു നടനായി അറിയപ്പെടാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പുട്ടുറുമീസ്, മൃഗയ, പ്രാഞ്ചിയേട്ടന്‍ ഒക്കെ ചെയ്തത് ഈ നടന്റെ ആഗ്രഹം കൊണ്ടാണ്. എനിക്ക് ഒരു നടന്‍ എന്നറിയപ്പെടാന്‍ ആണ് ഇഷ്ടം

>റൊമാന്റിക് നായകനായി അഭിനയിക്കാന്‍ ഒരു റോള്‍ ചോദിച്ചാല്‍ എനിക്ക് കിട്ടും. പക്ഷേ അതിലൊരു രസമില്ല. ഒരു സമയത്തിന് ശേഷം, നിങ്ങള്‍ സീനിയര്‍ റോളുകളിലേക്ക് മാറുമ്പോള്‍, നിങ്ങള്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍, കൂടുതല്‍ വെറൈറ്റികള്‍ ലഭിക്കും. ഒരു ഹീറോയ്ക്ക് പരിമിതികളുണ്ട്; ഇപ്പോള്‍ അതിന് അല്‍പ്പം മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ വില്ലന് പരിമിതികളില്ല.  'കളങ്കാവലി'ല്‍ ഞാന്‍ അവതരിപ്പിക്കുന്നത് വില്ലന്‍ എന്ന് വിളിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു കഥാപാത്രത്തെയാണ്, പക്ഷേ അയാള്‍ ഒരു നല്ല മനുഷ്യനല്ല.  

'കളങ്കാവലി'ല്‍  ഒരു കഥാപാത്രം ഒരുപാടു സ്ത്രീകളുമായി ബന്ധപ്പെടുന്നുണ്ട്. അതില്‍ 21 പേരെയേ സിനിമയില്‍ കാണിക്കുന്നുള്ളൂ. ഇയാളുമായി ഇടപഴകുന്ന 21  സ്ത്രീകളുണ്ട് സിനിമയില്‍.  ഈ സിനിമയ്ക്ക് സയനൈഡ് മോഹനന്റെ കേസുമായി യാതൊരു ബന്ധവുമില്ല. സിനിമയില്‍ സയനൈഡ് ഉപയോഗിക്കുന്നുണ്ട്. ആ കഥ അല്ല ഇത്, പക്ഷേ അതുപോലെ ഒരാള്‍ ആയിരിക്കാം. എഴുത്തുകാരന് യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉണ്ടായിട്ടുണ്ടാകും.  വിനായകന്‍ ഈ സിനിമയില്‍ പൊലീസ് ഓഫിസര്‍ ആണ്.   പക്ഷേ ഇത് വിനായകന്‍ ഇതുവരെ ചെയ്ത പോലീസിനെപോലെ അല്ല. 

സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ സത്യസന്ധനായിരിക്കണം, ഡെഡിക്കേറ്റഡ് ആയിരിക്കണം, സിംപിള്‍ ആയിരിക്കണം, ഇതെല്ലാം വിനായകനുണ്ട് എന്നാണ് എന്റെ അഭിപ്രായം.  അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ചില സ്വഭാവങ്ങള്‍ ഉണ്ട് എന്നത് വേറെ കാര്യം. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍  വളരെ അച്ചടക്കമുള്ള ആളാണ് വിനായകന്‍. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് വരുന്നുണ്ട് അത് അയാള്‍ നന്നായി ചെയ്യുന്നുണ്ട്.  ഒരു നടനു ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണം എങ്കില്‍ അയാള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കണം ആളുകള്‍ക്ക് അത് ബോധ്യപ്പെടണം.  അത് വിനായകന്‍ ചെയ്യുന്നുണ്ട്.  അതാണ് വിനായകന്റെ വിജയവും വിനായകന്‍ ഇപ്പോള്‍ ഈ നിലയില്‍ വന്നെത്തി നില്‍ക്കുന്നതിന്റെ രഹസ്യവും.''- മമ്മൂട്ടി പറയുന്നു.

Read more topics: # മമ്മൂട്ടി.
mammootty about vinayakan performance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES