Latest News

നടന്‍ മമ്മൂട്ടിയുടെ ഇടപെടല്‍, 'വാത്സല്യം' പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ!

Malayalilife
 നടന്‍ മമ്മൂട്ടിയുടെ ഇടപെടല്‍, 'വാത്സല്യം' പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ!

അഞ്ചു വയസ്സുകാരി നിയക്ക് ആശ്വസമായി നടന്‍ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി. മമ്മൂട്ടി ഇടപെട്ടാണ് മൂത്രനാളിയിലുണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയില്‍ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ ചെയ്തത്. ദിവസ വേതനക്കാരനായ പിതാവിന്റെ തുച്ഛമായ വരുമാനം മാത്രം ആശ്രയമായ കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയ മമ്മൂട്ടി, നിയയെ 'വാത്സല്യം' പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന വാത്സല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൃശൂര്‍ മേലൂര്‍ സ്വദേശിയായ നിഥുന്‍ കെ സിയുടെ മകളുടെ ശസ്ത്രക്രിയ നടത്തിയത്.

കഠിനമായ വയറുവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്, നിയയുടെ മൂത്രനാളിയില്‍ തടസ്സം കണ്ടെത്തിയത്. വൃക്കയില്‍ നിന്ന് മൂത്രസഞ്ചിയിലേക്കുള്ള നാളിയിലായിരുന്നു തടസ്സം. പെല്‍വിക് യൂറിറ്ററിക് ജംഗ്ഷനിലെ തടസ്സം നീക്കുവാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയക്ക് തുക കണ്ടെത്താന്‍ വിഷമിച്ച നിഥുന്റെ മുന്നിലേക്ക്, ഒരു സുഹൃത്തു വഴിയാണ് മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തുന്നത്. കുഞ്ഞിന്റെ രോഗവിവരവും, സാമ്പത്തീക സ്ഥിതിയും വിവരിച്ചുകൊണ്ട് നിഥുന്‍ കെയര്‍ ആന്‍ഡ് ഷെയറിലേക്ക് കത്തെഴുതി. നിയയുടെ സാഹചര്യം മനസ്സിലാക്കിയ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യനാണ് വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. രാജഗിരി ആശുപത്രിയില്‍ പീഡിയാട്രിക് റോബോട്ടിക് സര്‍ജന്‍ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തില്‍ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ സൗജന്യമായി നടത്തി. ചെറിയ മുറിവ്, കുറഞ്ഞ രക്തസ്രാവം, കൃത്യത എന്നിവ ഉറപ്പാക്കുന്ന റോബോട്ടിക് സര്‍ജറിയുടെ മികവില്‍, ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം തന്നെ വീട്ടിലേക്ക് മടങ്ങാന്‍ നിയക്ക് കഴിഞ്ഞു. 

സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് റോബോട്ടിക് ശസ്ത്രക്രിയകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് 'വാത്സല്യം'. വൃക്ക, മൂത്രാശയം എന്നിവയുമായി ബന്ധപ്പെട്ടുളള പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍, കരളുമായി ബന്ധപ്പെട്ട കോളിഡോക്കല്‍ സിസ്റ്റ് സര്‍ജറി, അന്നനാളം ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ഫണ്ടോപ്ലിക്കേഷന്‍ സര്‍ജറി, ജന്മനാ നെഞ്ചില്‍ കാണുന്ന മുഴകള്‍ നീക്കുന്നതിനുളള സര്‍ജറി എന്നിവ അര്‍ഹരായവര്‍ക്ക് സൗജന്യമായി ചെയ്ത് നല്‍കുമെന്ന് രാജഗിരി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി അറിയിച്ചു. പദ്ധതിയില്‍ പങ്കാളികളാകുവാന്‍ +91 8590965542, +91 98474 87199 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Read more topics: # മമ്മൂട്ടി
mammootty free robotic surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES