മെഗാസ്റ്റാര്‍ മമ്മൂട്ടി ബി?ഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. കഴിഞ്ഞ ഏഴ് മാസമായി അസുഖത്തെ തുടര്‍ന്ന് പൊതുവേദിയില്‍ നിന്ന് ഇടവേളയെടുത്ത താരം, എല്ലാ ചികിത്സയും കഴിഞ്ഞ് ആരോഗ്യവാനായി മദ്രാസിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ അസുഖവുമായും ചികിത്സയുമായും ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് സഹോദരന്‍ ഇബ്രാഹിംകുട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.രോഗാവസ്ഥയുടെ സമയത്ത് മമ്മൂട്ടിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന തെറ്റായ പ്രചരണങ്ങളെ കുറിച്ചും ഇബ്രാഹിംകുട്ടി പറഞ്ഞു.
''ഒരാള്‍ക്ക് അസുഖം വരിക എന്നത് അത്ഭുതമുള്ള കാര്യമൊന്നുമല്ല. ആര്‍ക്കും വരാം. ഓരോ അസുഖത്തിനും ഓരോ സമയമപരിധിയുണ്ട്. ജലദോഷം വന്നാലും പനി വന്നാലും മാറാന്‍ ഒരു സമയപരിധിയുണ്ട്. ചികിത്സയും കാര്യങ്ങളുമായിട്ടങ്ങനെ പോകും. മൂപ്പരുടെ ചികിത്സയൊക്കെ കഴിഞ്ഞു. എന്തായിരുന്നു അസുഖം എന്നതിലല്ല കാര്യം, ഒരു അസ്വസ്ഥതയുണ്ടായിരുന്നു. അത് മാറിയോ ഇല്ലയോ എന്നതിലാണ് കാര്യം'' ഇബ്രാഹിംകുട്ടി പറയുന്നു.
ചികിത്സ കഴിഞ്ഞു. ടെസ്റ്റുകളെല്ലാം നെഗറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ ആളുകളും മീഡിയയുമൊക്കെ വിളിക്കാന്‍ തുടങ്ങി. ഞാന്‍ പറയുമ്പോള്‍ അതിനൊരു ആധികാരികതയുണ്ടല്ലോ. സുഹൃത്തുക്കളോട് എന്താണ് ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ അവരാണ് പോസ്റ്റിടാന്‍ പറഞ്ഞത്. അങ്ങനെയാണ് അത് ചെയ്തത്. അക്കാര്യം മൂപ്പരോട് പറയുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
''മമ്മൂട്ടിയ്ക്ക് വയ്യായ്കയുണ്ടെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ നമ്മളാരും അതിനോട് പ്രതികരിക്കാന്‍ പോയിട്ടില്ല. ആളുകള്‍ ചോദിച്ചപ്പോള്‍ വയ്യായ്ക ഉണ്ടായിരുന്നുവെന്ന് പറഞ്ഞതല്ലാതെ അതിനപ്പുറത്തേക്കൊന്നും പോയിട്ടില്ല. പിന്നെ സോഷ്യല്‍ മീഡിയ തീരുമാനിക്കുകയാണ്. അമേരിക്കയിലാണ്, ആഫ്രിക്കയിലാണ് എന്നൊക്കെ സോഷ്യല്‍ മീഡിയ അങ്ങ് പറയുകയാണ്. ആധികാരികമായി അവരങ്ങ് പറയുകയാണ്. മണ്ടത്തരങ്ങളും അസത്യവും വിളിച്ച് പറയുമ്പോള്‍ ഉള്ളില്‍ വിഷമം ഉണ്ടെങ്കിലും എന്താണ് ഇത് എന്നോര്‍ത്ത് ചിരി വരും'' എന്നാണ് ഇബ്രാഹിം കുട്ടി പറയുന്നത്.
പബ്ലിക് ഫിഗര്‍ ആയിരിക്കുമ്പോഴും സ്വകാര്യതയെന്നതുണ്ട്. എല്ലാകാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കേണ്ടതില്ല. അത് നിങ്ങള്‍ അറിയേണ്ടതല്ല. വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ സ്വകാര്യത പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഞങ്ങളുടെ സ്വകാര്യതയും. ആ സ്വകാര്യതയിലേക്ക് കടന്നു കയറുകയും ഊഹാപോഹങ്ങള്‍ പറയുകയും ചെയ്യുമ്പോഴാണ് പ്രശ്നമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം മദ്രാസില്‍ പോയി കണ്ടതണ്. പുള്ളി ഓക്കെയാണ്. അദ്ദേഹത്തിനൊരു അസ്വസ്ഥത വന്നു. അതിന് ചികിത്സയുണ്ടായിരുന്നു. അതിനൊരു കാലപരിധിയുണ്ടായിരുന്നു. അത് കഴിഞ്ഞു. അദ്ദേഹം സുരക്ഷിതനാണ്. ഓക്കെയാണ്. ചികിത്സിക്കാന്‍ അമേരിക്കയിലും ലണ്ടനിലുമൊന്നും പോയിട്ടില്ല. ചെന്നൈയിലുണ്ട്. ആശുപത്രിയും അവിടെയാണ്. പുള്ളിയൊന്ന് സെറ്റായാല്‍ ഫോട്ടോ പുറത്ത് വിടും എന്നും ഇബ്രാഹിംകുട്ടി പറയുന്നുണ്ട്.