കുട്ടികളുടെ സ്‌കൂള്‍ കാലഘട്ടത്തിലെ തമാശയും, പ്രണയവും പ്രമേയമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍'. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. നര്‍മ്മത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന ചിത്രത്തെ അഭിനന്ദിച്ച് മമ്മുട്ടി അയച്ച സന്ദേശമാണ് വാര്‍ത്തയാകുന്നത്.
സിനിമ കണ്ട ശേഷം അജു വര്‍ഗീസിന് വാട്സ്ആപ്പ് സന്ദേശം വഴിയാണ് അഭിനന്ദനം എത്തിയത്. സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ഗംഭീരം' എന്നാണ് അജുവിന് മമ്മൂട്ടി സന്ദേശം അയച്ചിരിക്കുന്നത്. ഒ.ടി.ടിയില്‍ റിലീസ് ആയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നതിനിടെയാണ് മമ്മൂട്ടി തന്നെ ചിത്രത്തെ പ്രശംസിച്ച് എത്തിയത്. മമ്മുട്ടിയുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് സന്തോഷവും നന്ദിയും അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
സംവിധായകന്‍ വിനേഷ് വിശ്വനാഥിനെ അജു ആണ് വിവരം അറിയിച്ചത്. 'പറയാന്‍ വാക്കുകളില്ല, നന്ദി മമ്മൂക്ക' എന്ന കുറിപ്പോടെ വിനേഷ് വിശ്വനാഥന്‍ അജുവിന്റെ വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു. സന്തോഷത്തിന്റെ കൊടുമുടിയിലാണ് തങ്ങളെന്ന് ഈ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനും കുറിച്ചു. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് മുരളി കൃഷ്ണന്‍, ആനന്ദ് മന്മഥന്‍, കൈലാഷ് എസ് ഭവന്‍, വിനേഷ് വിശ്വനാഥ് എന്നിവരാണ്. സ്‌കൂള്‍ കാലഘട്ടത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ജോണി ആന്റണി, ആനന്ദ് മന്മഥന്‍, ഗംഗ മീര, ശ്രുതി സുരേഷ്, അജിഷ പ്രഭാകരന്‍, കണ്ണന്‍ നായര്‍, ജിബിന്‍ ഗോപിനാഥ്, ശ്രീനാഥ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. മുപ്പതിലധികം കുട്ടികളാണ് ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളെ ഓഡിഷന്‍ വഴിയാണ് കണ്ടെത്തിയത്. ശേഷം സാം ജോര്‍ജിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് 15 ദിവസത്തെ അഭിനയ കളരിയിലൂടെ പരിശീലനവും അണിയറപ്രവത്തകര്‍ നല്‍കിയിരുന്നു.
അനൂപ് വി ഷൈലജ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈലാഷ് എസ് ഭവന്‍ ആണ്. പി എസ് ജയഹരിയുടെ സംഗീതത്തിന് വരികള്‍ ഒരുക്കിയത് വിനായക് ശശികുമാറാണ്. കലാസംവിധാനം അനീഷ് ഗോപാല്‍, മേക്കപ്പ് രതീഷ് പുല്‍പ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ആദര്‍ശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‌സ് ദേവിക, ചേതന്‍, വസ്ത്രാലങ്കാരം ബുസി ബേബി ജോണ്‍, അസിസ്റ്റന്റ് ഡയറക്‌റ്റേഴ്‌സ് അനന്തകൃഷ്ണന്‍, ആല്‍വിന്‍ മാര്‍ഷല്‍, കൃഷ്ണപ്രസാദ്, സ്റ്റില്‍സ് ആഷിക് ബാബു.