മാതൃദിനമായ ഇന്നലെ സോഷ്യല്‍ മീഡിയയിലെങ്ങും മാതൃദിനാശംസകളും സന്ദേശങ്ങളുമാണ്. തങ്ങളെ തങ്ങളാക്കി മാറ്റിയ അമ്മമാര്‍ക്ക് നന്ദി പറയുകയാണ് ഓരോരുത്തരും. താരങ്ങളും മാതൃദിനത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. നിരവധി താരങ്ങള്‍ ഇന്ന് അമ്മയ്ക്ക് മാതൃദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട് കുറിപ്പ് പങ്ക് വച്ചു. അത്തരത്തില്‍ മഞ്ജു പത്രോസ് പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
മഞ്ജു പത്രോസിന്റെ വാക്കുകള്‍ ഇങ്ങനെ
എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക്. ജീവിതം ഈ നാല്പത്തി നാലാം വയസില്‍ എത്തി നില്‍ക്കുമ്പോഴാണ് ഞാന്‍, നിങ്ങള്‍ കൊണ്ട വെയിലിനെയും നിങ്ങള്‍ ഒഴുക്കിയ വിയര്‍പ്പിനെയും നിങ്ങള്‍ ഉള്ളിലൊതുക്കിയ ആവലാതികളേയും കുറിച്ച് അറിയുന്നത്. എന്റെ ഇന്നലകളില്‍ ഞാന്‍ ഒരുപാട് ഒച്ച ഉയര്‍ത്തി സംസാരിച്ചിട്ടുണ്ട്. വഴക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നന്ദികേട് കാണിച്ചിട്ടുണ്ട്. ഒരു മാപ്പ് പോലും ഞാന്‍ ചോദിച്ചിട്ടില്ല. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. കാരണം മാപ്പിനും അപ്പുറം എന്റെ അമ്മ എന്നെ സ്‌നേഹിക്കും.
ആ ഒരുറപ്പ് എനിക്ക് നിങ്ങളലില്‍ തോന്നിയിട്ടുണ്ട്. ഒരിക്കലും എന്റെ അമ്മച്ചി, ഭയപ്പെടരുത്. ആരും ഇല്ലാതായി പോകുമോന്ന് പേടിക്കരുത്. നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. നിങ്ങള്‍ പ്രസവിച്ച്, മുലയൂട്ടി വളര്‍ത്തിയ രണ്ട് മക്കള്‍. ഞങ്ങള്‍ ഇല്ലാതായാലേ നിങ്ങള്‍ ഈ ഭൂമിയില്‍ ഒറ്റക്കാവൂ. എനിക്ക് എവിടെ ജീവിക്കാനും പേടിയില്ല. പക്ഷേ എന്റെ അമ്മയില്ലാത്തിടത്ത്, അങ്ങനെ ഒരു ലോകത്ത് ജീവിക്കാന്‍ എനിക്ക് പേടിയാണ്.