നടന്‍ മനോജ് കെ. ജയന്‍ ആദ്യമായി എയര്‍ക്രാഫ്റ്റിന്റെ കണ്‍ട്രോള്‍ യോക്ക് കൈകാര്യം ചെയ്ത അനുഭവത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനി എയര്‍ക്രാഫ്റ്റില്‍ നടത്തിയ ആകാശയാത്രയുടെ വിഡിയോയും താരം പോസ്റ്റില്‍ ചേര്‍ത്തു.
''സ്വപ്നങ്ങള്‍ പറക്കുന്നു, ആകാശത്തിനും മീതെ. പണ്ട് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി സൈക്കിളിന്റെ ഹാന്‍ഡില്‍ പിടിച്ചപ്പോള്‍ ഒരിക്കലും വിചാരിച്ചില്ല, ഒരുദിവസം എയര്‍ക്രാഫ്റ്റിന്റെ ഹാന്‍ഡില്‍ പിടിക്കുമെന്ന്. അതിമനോഹരമായ അനുഭവമായിരുന്നു,'' എന്ന് മനോജ് കെ. ജയന്‍ കുറിച്ചു. സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കാനും താരം മറന്നില്ല.
യുഎഇയിലെ ഏവിയേഷന്‍ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് മനോജ് കെ. ജയന്‍ വിമാനയാത്ര നടത്തിയത്. വിഡിയോയില്‍ മനോഹരമായ ആകാശദൃശ്യങ്ങളും വിമാനത്തിന്റെ കോക്ക്പിറ്റ് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിന് നിരവധി ആരാധകരില്‍ നിന്ന് അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. മനോജിന്റെ ലുക്ക് പോലും ആരാധകര്‍ പ്രശംസിച്ചു. ''മമ്മൂട്ടിക്കുശേഷം മികച്ച ഫാഷന്‍ സെന്‍സ് ഉള്ള നടന്‍ മനോജ് തന്നെയാണ്,'' എന്നായിരുന്നു ഒരാളുടെ കമന്റ്.