Latest News

ബാലചന്ദ്രകുമാറിനെ ഇല്ലാതെ ആക്കാന്‍ ഏതോ മഹാന്‍ എവിടെയോ ഇരുന്ന് ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു കൊലപാതകം; മ്യൂസിയം പോലീസ് മുന്‍പാകെ സ്‌കാനിങ് റിപ്പോര്‍ട്ടുകളുമായി ഭാര്യ ; ജീവന്‍ ഭയക്കാതെ വെല്ലുവിളിയുമായി പരാതിക്കാരന്‍ അനന്തു; സംവിധായകന്റെ മരണത്തില്‍ നിയമപോരാട്ടം

Malayalilife
 ബാലചന്ദ്രകുമാറിനെ ഇല്ലാതെ ആക്കാന്‍ ഏതോ മഹാന്‍ എവിടെയോ ഇരുന്ന് ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു കൊലപാതകം; മ്യൂസിയം പോലീസ് മുന്‍പാകെ സ്‌കാനിങ് റിപ്പോര്‍ട്ടുകളുമായി ഭാര്യ ; ജീവന്‍ ഭയക്കാതെ വെല്ലുവിളിയുമായി പരാതിക്കാരന്‍ അനന്തു; സംവിധായകന്റെ മരണത്തില്‍ നിയമപോരാട്ടം

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ദുരൂഹ മരണത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 26-ന് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ മിനിയെ നേരില്‍ കണ്ട് സംസാരിച്ചതിനെ തുടര്‍ന്നാണ് കുടുംബ സുഹൃത്ത് അനന്തു സുരേഷ് കുമാര്‍, ഈ വിഷയത്തില്‍ നിയമപോരാട്ടത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 30-ന് അനന്തു മുഖ്യമന്ത്രിക്ക് നല്‍കിയ വിശദമായ പരാതിയിലാണ് ഇപ്പോള്‍ സംസ്ഥാന ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പരാതിക്കാരനായ അനന്തു സുരേഷ് കുമാറും ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയും ഇന്ന് മ്യൂസിയം സബ് ഇന്‍സ്‌പെക്ടറെ നേരില്‍ കണ്ട് മരണത്തിന് പിന്നിലെ സംശയങ്ങളെക്കുറിച്ച് വളരെ വിശദമായി മൊഴി നല്‍കി. 

ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ ശക്തമായ സംശയങ്ങളുണ്ടെന്ന് ഭാര്യ ഷീബയും വ്യക്തമാക്കിയിട്ടുണ്ട്. അനന്തു സുരേഷ് തന്നെ വന്ന് കണ്ടിരുന്നുവെന്നും ആവശ്യമെങ്കില്‍ താന്‍ നേരിട്ട് വേറെയും പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിന് മുന്‍പ് മറ്റ് അസുഖങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കാലില്‍ ഉണ്ടായ ഒരു നീര് മാത്രമായിരുന്നു ആദ്യത്തെ രോഗലക്ഷണം. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഒരു കിഡ്നിയില്‍ ചെറിയൊരു സ്റ്റോണ്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

ഈ കല്ല് നീക്കം ചെയ്യാനായി തിരുവനന്തപുരത്തെ എസ്‌ഐടി ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ വെച്ച് അത് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷമാണ് ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി പൂര്‍ണ്ണമായി മോശമായത്. അന്നത്തെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ എല്ലാം തങ്ങളുടെ കൈവശമുണ്ടെന്നും ബാലുവിന് എന്ത് സംഭവിച്ചു എന്ന് വ്യക്തമാകാന്‍ ആ സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകുമെന്നും ഭാര്യ പറഞ്ഞു. 

ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷം ഒന്നര വര്‍ഷത്തോളം ഈ വിവരങ്ങളെല്ലാം ഉള്ളിലൊതുക്കി നീറി നീറി ജീവിക്കുകയായിരുന്നു ഷീബ. ബാലചന്ദ്രകുമാറിനെ മനഃപൂര്‍വ്വം അപകടപ്പെടുത്താന്‍ വേണ്ടി ചില ഡോക്ടര്‍മാര്‍ ഇടപെടലുകള്‍ നടത്തിയെന്ന് വിശ്വസിക്കാവുന്ന വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അനന്തു പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിലെ ഡോ. ശിവരാമകൃഷ്ണനെതിരെയും, പിന്നീട് ബാലചന്ദ്രകുമാര്‍ മരണപ്പെട്ട ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയും പരാതിയില്‍ ഗുരുതര ആരോപണങ്ങളുണ്ട്. 

2024 ഡിസംബര്‍ 13-നായിരുന്നു ബാലചന്ദ്രകുമാറിന്റെ മരണം. ബാലചന്ദ്രകുമാറിനെ ഇല്ലാതാക്കാന്‍ ഏതോ ഒരു വമ്പന്‍ എവിടെയോ ഇരുന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെങ്കില്‍, ഈ നിയമപോരാട്ടത്തില്‍ ആ വ്യക്തി ആദ്യം കാണേണ്ടത് തന്റെ മുഖമായിരിക്കണം എന്ന നിര്‍ബന്ധം തനിക്കുണ്ടായിരുന്നുവെന്ന് അനന്തു വ്യക്തമാക്കുന്നു. സത്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഒരു മനുഷ്യന്റെ ആത്മാവിനോടും അയാളുടെ പാവം കുടുംബത്തോടും നീതി ചെയ്യാന്‍ സാധിക്കുന്നത് വലിയ പുണ്യമായാണ് കരുതുന്നത്. 

നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും നിര്‍ണ്ണായകമായത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളായിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വിഐപി വഴി ദിലീപിന്റെ കൈവശം എത്തിച്ചേര്‍ന്നുവെന്നും ദിലീപ് അത് വീട്ടിലിരുന്ന് കണ്ടിരുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത് ഇദ്ദേഹമാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നും തെളിവുകള്‍ സഹിതം ബാലചന്ദ്രകുമാര്‍ വിളിച്ചുപറഞ്ഞു. കോടതിയില്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയ അദ്ദേഹം, കടുത്ത അസുഖബാധിതനായിരിക്കെ തന്റെ മോശം ആരോഗ്യസ്ഥിതി പോലും പരിഗേണ്ടതില്ലെന്ന് വെച്ച് വിചാരണയില്‍ പങ്കെടുത്തിരുന്നത്. 

 ഈ കേസുമായി ബന്ധപ്പെട്ട് താന്‍ ഇടപെടുന്നതോടെ തന്റെ ജീവന് ഭീഷണിയുണ്ടായേക്കാമെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് അനന്തു പറയുന്നു. എന്നാല്‍ ഇതൊക്കെ കണ്ട് അപ്പുറത്തിരുന്ന് ഒരാള്‍ തന്നെ കൊന്നുകളയാന്‍ തീരുമാനിക്കുകയാണെങ്കില്‍ അയാള്‍ അത് ചെയ്യട്ടെയെന്നാണ് അനന്തുവിന്റെ വെല്ലുവിളി. അയാള്‍ ആദ്യം തന്നേയും, പിന്നീട് ബാലചന്ദ്രകുമാറിന്റെ ഭാര്യയേയും കുഞ്ഞുങ്ങളേയും കൊല്ലട്ടെ. ഇതെല്ലാം കഴിഞ്ഞിട്ട് അയാള്‍ തിരുപ്പതിയിലും ഗുരുവായൂരിലും ശബരിമലയിലും പോയി അടുത്ത സെറ്റ് മനുഷ്യരെ കൊന്ന് കുഴിച്ചുമൂടാനുള്ള അനുഗ്രഹം വാങ്ങട്ടെയെന്നും അനന്തു പരിഹസിച്ചു. ഒരു ബാലചന്ദ്രകുമാര്‍ പോയപ്പോള്‍ ബാക്കി വെച്ചത് മുഴുവന്‍ പറയാന്‍ ഇന്ന് താന്‍ വന്ന് നില്‍ക്കുന്നുണ്ടെങ്കില്‍, നാളെ തന്നെ ഇല്ലാതാക്കിയാല്‍ നൂറായിരം അനന്തുമാര്‍ വന്ന് ഈ ചെയ്തു കൂട്ടുന്നതിനൊക്കെ എണ്ണി എണ്ണി ഉത്തരം പറയിക്കും. മുന്നോട്ടുള്ള യാത്ര എളുപ്പമാവില്ലെന്ന പൂര്‍ണ്ണ ബോധ്യത്തോടെ തന്നെയാണ് ഇത് പറയുന്നത്. ഇത് നമ്മള്‍ ജയിക്കാന്‍ പോകുന്ന യുദ്ധമാണെന്നും ഏത് ചെകുത്താന്‍ വിചാരിച്ചാലും നമ്മളെ ഇതില്‍ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് അനന്തു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

അനന്തു സുരേഷ് കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: ബാലചന്ദ്രകുമാറിന്റെ ദുരൂഹ മരണത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്‍ എന്ന നിലയില്‍ ഞാനും , ബാലചന്ദ്രകുമാറിന്റെ ഭാര്യ ശ്രിമതി ഷീബ മിനിയും മ്യൂസിയം സബ് ഇന്‍സ്‌പെക്ടറെ നേരില്‍ കണ്ട് ബാലചന്ദ്രകുമാറിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകളെ കുറിച്ച് വളരെ വിശദമായി ഇന്ന് സംസാരിച്ചു. കഴിഞ്ഞ ഏപ്രില്‍ 26 ന് ആണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ മിനിയെ ഞാന്‍ നേരില്‍ കാണുന്നതും ആ ചേച്ചിയോട് മണിക്കൂറുകള്‍ സംസാരിക്കുന്നതും ബാലചന്ദ്രകുമാറിന്റെ മരണത്തിന് പിന്നിലെ വളരെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന പല സത്യങ്ങളും ഞാന്‍ മനസ്സലാക്കിയതും. ഒന്നര വര്‍ഷത്തോളം ഇതെല്ലം ഉള്ളില്‍ ഒതുക്കി നീറി നീറി ജീവിക്കുകയായിരുന്നു ആ പാവം ചേച്ചി . ഉറപ്പായും നമുക്ക് ഉടനെ പരാതിയുമായി മുന്നോട്ട് പോകണം എന്നും ആ പരാതി ഞാന്‍ നേരിട്ട് മുഖ്യമന്തിക്ക് അയക്കും എന്നും ഞാന്‍ തന്നെയാണ് ആ ചേച്ചിയോട് പറഞ്ഞത്. 

അത് എനിക്ക് നിര്‍ബന്ധം ആയിരുന്നു. ബാലചന്ദ്രകുമാറിനെ ഇല്ലാതെ ആക്കാന്‍ ഏതോ ഒരു മഹാന്‍ എവിടെയോ ഇരുന്ന് ആസൂത്രണം ചെയ്തു നടപ്പാക്കിയ ഒരു കൊലപാതകം ആണ് ഈ സംഭവിച്ചതെങ്കില്‍ ആ ആള്‍ ഈ പരാതിയുടെ കാര്യത്തില്‍ ഏറ്റവും മുന്‍പില്‍ കാണേണ്ടത് എന്റെ മുഖം ആയിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധം ആയിരുന്നു. അങ്ങനെ ഞാന്‍ വിവരങ്ങള്‍ അറിഞ്ഞ് നാലാം ദിവസം, കഴിഞ്ഞ ഏപ്രില്‍ 30 ആം തിയതി (തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് ദിവസങ്ങള്‍ മുന്‍പ്) ഞാന്‍ വളരെ വിശദമായി ഒരു പരാതി ഡ്രാഫ്റ്റ് ചെയ്തു കേരള സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയില്‍ ഐ ഡി യിലേക്ക് അയച്ചു. കഴിഞ്ഞ മെയ് 15 ആം തിയതി (പുതിയ മന്ത്രിസഭാ സ്ഥാനം ഏല്‍ക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ്) എനിക്ക് സംസ്ഥാന ഡി ജി പി യുടെ ഓഫിസില്‍ നിന്ന് ഒരു മറുപടി ഇമെയില്‍ ലഭിച്ചു . എന്റെ പരാതി അന്വേഷിക്കാന്‍ തിരുവനന്തപുരം സിറ്റി ഡി ഐ ജി ആന്‍ഡ് കമ്മിഷണര്‍ ആയ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു എന്നും ആ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ എന്നെ രേഖാമൂലം അറിയിക്കണം എന്നും ആ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു എന്നുമുള്ള ഒരു ഉത്തരവാണ് എനിക്ക് ലഭിച്ചത്. 

ആ ഉത്തരവിന്റെ തുടര്‍ നടപടി ആണ് ഇപ്പൊ തിരുവനന്തപുരം മ്യൂസിയം പോലീസ് നടത്തുന്ന ഈ അന്വേഷണം. എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും നല്ല കാര്യമായി ആണ് ഞാന്‍ ഇതിനെ കാണുന്നത്. സത്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഒരു മനുഷ്യന്റെ ആത്മാവിനോട് നീതി ചെയ്യാന്‍, അയാളുടെ മരണത്തെ കുറിച്ച് ഇതുവരെ ഒന്നും ചെയ്യാന്‍ ആകാതെ വീര്‍പ്പുമുട്ടി നീറി നീറി ജീവിച്ച അയാളുടെ പാവം ഭാര്യക്കും കുടുംബത്തിനും എന്തെങ്കിലും ഒരു ചെറിയ ആശ്വാസം എന്നെ കൊണ്ട് നല്‍കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, ഈ ജന്മം കൊണ്ട് ഇത് വരെ എനിക്ക് ചെയ്യാന്‍ സാധിച്ച ഏറ്റവും വലിയ പുണ്യം തന്നെ ആണ് അത്. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ എഴുതിയ പോസ്റ്റുകളുടെയും ചെയ്ത വീഡിയോകളുടെയും അടിയില്‍ വന്ന ഏറ്റവും കൂടതല്‍ കമെന്റുകള്‍ എന്നോട് പറഞ്ഞത് എന്റെ ജീവന്‍ അപകടത്തില്‍ ആവും എന്നും അതിനാല്‍ ഞാന്‍ ഒരുപാട് സൂക്ഷിക്കണം എന്നും ഒക്കെയാണ്. 

ഒരു പരിചയവും ഇല്ലാഞ്ഞിട്ട് പോലും ഞാന്‍ എന്ന വ്യക്തി ജീവിച്ചിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആയിരകണക്കിന് നല്ല മനുഷ്യരുടെ പ്രാര്‍ഥനകള്‍ ആണ് ഞാന്‍ അവിടെ കണ്ടത്. ഇതെല്ലം കണ്ടു കൊണ്ട് ഒരാള്‍ അപ്പുറത്ത് ഇരുന്ന് അങ്ങ് കൊന്ന് കളയാന്‍ തീരുമാനിക്കുകയാണെങ്കില്‍ അയാള്‍ അത് ചെയ്യട്ടെന്നെ. ആദ്യം എന്നെ കൊല്ലട്ടെ. എന്നിട്ട് ബാലചന്ദ്രകുമാറിന്റെ ഭാര്യയെ കൊല്ലട്ടെ. അതും കഴിഞ്ഞ് ബാലചന്ദ്രകുമാറിന്റെ കുഞ്ഞുങ്ങളെ കൊല്ലട്ടെ. ഇതെല്ലം കഴിഞ്ഞിട്ട് അയാള്‍ തിരുപ്പതിയില്‍ പോയി ഭജന ഇരിക്കട്ടെ. അത് കഴിഞ്ഞ് മടങ്ങി വരുമ്പോ ഗുരുവായൂര് പോയി നിര്‍മ്മാല്യം തൊഴട്ടേ, അതും കഴിഞ്ഞ് മാലയിട്ട് ശബരിമലയില്‍ പോയി തൊഴട്ടെ. എന്നിട്ട് ഈ സ്ഥലങ്ങളില്‍ നിന്ന് എല്ലാം അടുത്ത സെറ്റ് മനുഷ്യരെ കൊന്ന് കുഴിച്ച് മൂടാനുള്ള അനുഗ്രഹം വാങ്ങട്ടെ. 

ഓരോ ജീവന്‍ കളയുമ്പോഴും ഓരോ ക്രിമിനല്‍ കുറ്റം ചെയ്യുമ്പോഴും അതൊക്കെ കുഴിച്ച് മൂടാന്‍ ഇതൊക്കെ ചെയ്യിക്കുന്നവന്റെ തന്നെ കാശും പണവും സ്വത്തുക്കളും തന്നെയാണ് ഇല്ലാതെ ആകുന്നത്. ഒരു ബാലചന്ദ്ര കുമാര്‍ പോയപ്പോള്‍ അയാള്‍ പറയാന്‍ ബാക്കി വെച്ചത് മുഴുവന്‍ പറയാന്‍ ഇന്നൊരു അനന്തു സുരേഷ് കുമാര്‍ വന്ന് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍, നാളെ നിങ്ങള്‍ ഈ അനന്തു സുരേഷ് കുമാറിനെ ഇല്ലാതെ ആക്കിയാല്‍ നൂറ് അനന്തുമാര്‍ നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കും . ആ നൂറ് പേരെയും നിങ്ങള്‍ ഇല്ലാതെ ആക്കിയാല്‍ നൂറായിരം അനന്തുമാര്‍ വന്ന് നിങ്ങളുടെ മുന്നില്‍ നിന്ന് നിങ്ങളെ കൊണ്ട് നിങ്ങള്‍ ഈ ചെയ്തു കൂട്ടുന്നതിനൊക്കെ എണ്ണി എണ്ണി ഉത്തരം പറയിക്കും. വിറ്റു തുലച്ച് തീര്‍ക്കാവുന്ന അത്രയും സ്വത്തെ ദൈവം ഒരുമാതിരിപെട്ടവര്‍ക്ക് എല്ലാം ഈ ലോകത്ത് കൊടുത്തിട്ടുള്ളു . ഈ മഹാപാപങ്ങള്‍ ഒക്കെ ചെയ്തു കൂട്ടുന്നവര്‍ അതൊന്ന് ഓര്‍ത്താല്‍ നന്ന്. 

അവസാനമായി ഒരു വാക്ക് പറയാനുള്ളത് എന്റെ ജീവനെ കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടുന്ന നല്ലവരായ മനുഷ്യരോടാണ്. ഇത്ര നല്ല മനുഷ്യരുടെ, ഇത്രയും നല്ല അമ്മമാരുടെ, സഹോദരങ്ങളുടെ, സുഹൃത്തുക്കളുടെ, നെഞ്ചില്‍ തട്ടിയുള്ള പ്രാര്‍ഥനയും സ്നേഹവും എന്റെ കൂടെ ഉള്ളപ്പോ എന്നെ ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. എനിക്ക് ഒരു ചുക്കും സംഭവിക്കില്ല. ആരും ആരെയും ഇനി ഒന്നും ചെയ്യാന്‍ പോകുന്നില്ല. മുന്നോട്ടുള്ള യാത്ര ഒരുതരി പോലും എളുപ്പം ആവില്ല എന്ന പൂര്‍ണ്ണ ബോധ്യത്തോടെ തന്നെയാണ് ഞാന്‍ ഇത് പറയുന്നത്. ഇത് നമ്മള്‍ ജയിക്കാന്‍ പോകുന്ന യുദ്ധമാണ്. ഏത് ചെകുത്താന്‍ വിചാരിച്ചാലും നമ്മളെ ഇതില്‍ തോല്‍പ്പിക്കാന്‍ സാധിക്കില്ല. ഒപ്പം നില്‍ക്കുന്നവരോടും, എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവരോടും , എന്നെ ഇത്രയും അധികം സ്നേഹിക്കുന്നവരോടും തീര്‍ത്താല്‍ തീരാത്ത സ്നേഹം , തീര്‍ത്താല്‍ തീരാത്ത നന്ദി. നമസ്‌ക്കാരം !

medical quotation director balachandrakumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES