'തന്മാത്ര'യിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മീര വാസുദേവ്. ഈ രംഗത്തിന്റെ പേരില്‍ നിരവധി മുതിര്‍ന്ന നടിമാര്‍ സിനിമ വേണ്ടെന്ന് വച്ചതായും എന്നാല്‍ തനിക്ക് ആ രംഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ടിരുന്നുവെന്നും മീര വെളിപ്പെടുത്തി. ചിത്രീകരണ വേളയില്‍ തന്റെ സ്വകാര്യതയ്ക്ക് അണിയറപ്രവര്‍ത്തകര്‍ നല്‍കിയ പ്രാധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പിന്തുണയെക്കുറിച്ചും മീര വാസുദേവ് പറഞ്ഞു.
ചിത്രീകരണത്തിനായി കുറഞ്ഞ ആളുകള്‍ മാത്രമേ സെറ്റില്‍ പാടുള്ളൂവെന്നും തന്റെ സ്വകാര്യഭാഗങ്ങളൊന്നും കാണിക്കാന്‍ പാടില്ലെന്നും പറഞ്ഞു. തനിക്ക് നല്‍കിയ വാക്ക് അണിയറപ്രവര്‍ത്തകര്‍ അതേപടി പാലിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ബ്ലെസി, അസോസിയേറ്റ്, ക്യാമറാമാന്‍, ഫോക്കസ് പുള്ളര്‍ എന്നിവര്‍ മാത്രമാണ് ആ രംഗം ചിത്രീകരിക്കാനായി അന്ന് സെറ്റിലുണ്ടായിരുന്നത്. മോഹന്‍ലാല്‍ സാര്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരുപാട് ക്ഷമ ചോദിച്ചു. ഞങ്ങള്‍ രണ്ടു പേരും പരസ്പരം കംഫര്‍ട്ടബിള്‍ ആക്കുകയായിരുന്നു.
'തന്മാത്ര'യുടെ ആദ്യ ചര്‍ച്ചയില്‍ തന്നെ സംവിധായകന്‍ ബ്ലെസി തന്നോട് ഈ രംഗത്തെക്കുറിച്ച് വിശദീകരിച്ചിരുന്നുവെന്നും, നോ പറഞ്ഞാലും പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും മീര അനുസ്മരിച്ചു. 'എന്നെക്കാള്‍ മികച്ച താരങ്ങളെ കിട്ടിയിട്ടും ഈ സീനിന്റെ പേരില്‍ അവരെ വേണ്ടെന്ന് വച്ചിട്ടുണ്ടെങ്കില്‍ എനിക്ക് ആ സീനിന്റെ പ്രസക്തി മനസിലാകുമെന്ന് ഞാന്‍ പറഞ്ഞു,' മീര വ്യക്തമാക്കി.
മോഹന്‍ലാല്‍ ഉള്‍പ്പെടെ സെറ്റിലുണ്ടായിരുന്ന എല്ലാവരും തന്റെ സൗകര്യത്തിനാണ് അന്ന് മുന്‍തൂക്കം നല്‍കിയതെന്നും, അതുകൊണ്ട് രംഗം ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ലെന്നും നടി വിശദീകരിച്ചു. എന്നിരുന്നാലും, ഈ രംഗം പിന്നീട് ഒരുപാട് നെഗറ്റീവ് രീതിയില്‍ പ്രചരിക്കപ്പെട്ടു എന്നും മീര ചൂണ്ടിക്കാട്ടി. 'ഇതൊക്കെയും പ്രൊഫഷണല്‍ കാര്യങ്ങളാണ്, വ്യക്തിപരമായി ഇവിടെ ഒന്നുമില്ല,' മീര പറഞ്ഞു.