നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി. ആനക്കൊമ്പ് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന അനുമതി കോടതി അസാധുവാക്കി. 2015ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന സാങ്കേതിക പിഴവാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അതിനാല്‍ ആ വിജ്ഞാപനം നിലവില്‍ നിയമബലം നേടുന്നില്ലെന്നും പുതിയ വിജ്ഞാപനം ഇറക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം.
വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ചാണ് 2015ല്‍ മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അതുസംബന്ധിച്ച ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തത് നിയമപരമായ പിഴവാണെന്ന് കോടതി വിലയിരുത്തി. ഇതോടെ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നടന്‍ സ്ഥാപിക്കാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, സര്‍ക്കാരിന് പുതിയ വിജ്ഞാപനം ഇറക്കാനുള്ള അധികാരം ഉണ്ടെന്നും, അങ്ങനെ ചെയ്താല്‍ വിഷയത്തെ നിയമപരമായി ശരിയാക്കാന്‍ സാധിക്കുമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. പുതിയ വിജ്ഞാപനം ഇറങ്ങിയതിന് ശേഷം മോഹന്‍ലാല്‍ വീണ്ടും അപേക്ഷ നല്‍കാം എന്നും കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി വിധിപ്രകാരം ഇപ്പോള്‍ മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ട് സെറ്റ് ആനക്കൊമ്പുകള്‍ നിയമാനുസൃതമായി നിലനില്‍ക്കുന്നില്ല. അതിനാല്‍ വനം വകുപ്പ് അവ കണ്ടുകെട്ടേണ്ടി വരും. തുടര്‍ന്ന് മോഹന്‍ലാല്‍ പുതുതായി അപേക്ഷ നല്‍കുകയും, സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുകയും ചെയ്യാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
മോഹന്‍ലാലിന്റെ അഭിഭാഷകന്‍ കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍ പ്രതികരിക്കുമ്പോള്‍, വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തത് ഒരു സാങ്കേതിക പിഴവായിരുന്നുവെന്നും അതിനാലാണ് ഉടമസ്ഥാവകാശം റദ്ദാക്കപ്പെട്ടതെന്നും പറഞ്ഞു. ആനക്കൊമ്പിന്റെ കസ്റ്റഡിയുടെ കാര്യത്തില്‍ ഹൈക്കോടതി പ്രത്യേക പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.