വേറിട്ട ദൃശ്യനുഭവങ്ങളുമായി മൂത്തോന്‍ തിയേറ്ററുകളില്‍

Malayalilife
topbanner
  വേറിട്ട  ദൃശ്യനുഭവങ്ങളുമായി  മൂത്തോന്‍ തിയേറ്ററുകളില്‍

 നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയേറ്ററുകളില്‍ എത്തി. ലക്ഷദ്വീപില്‍ നിന്ന് തന്റെ മൂത്ത ചേട്ടനെ കണ്ടെത്തുന്നതിനായി മുംബൈയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന മുല്ല എന്ന കുട്ടിയുടെ ജീവിതത്തില്‍ നിന്നാണ് മൂത്തോന്‍ ആരംഭിക്കുന്നത്.

മുല്ലയുടെ ഉമ്മ മരിച്ചു. അടുത്ത ബന്ധുവായ മൂസയുടെ അടുത്താണ് മുല്ല താമസിക്കുന്നത്. എന്നാല്‍ ദ്വീപിലെ ജീവിതം മുല്ലക്ക് അത്ര സുഖമുള്ളതല്ല. മുല്ലയുടെ രണ്ട് സുഹൃത്തുക്കള്‍ ഒഴികെ മറ്റുള്ളവര്‍ എല്ലാം മുല്ലയെ ദ്രോഹിക്കുന്നുണ്ട്. അക്ബര്‍ എന്ന അവന്റെ ചേട്ടന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് മുല്ല ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്ബര്‍ മുംബൈയിലേക്ക് നാടുവിട്ടതാണ്. അത് എന്തിനാണെന്ന് മുല്ലയ്ക്ക് അറിയില്ല. ഒരു പ്രണയം തകര്‍ന്നത് കൊണ്ടാണ് എന്ന് മാത്രം ആരോ മുല്ലയോട് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഒരു രാത്രിയില്‍ തന്റെ മൂത്തോനെ കണ്ട് പിടിക്കുന്നതിനായി ബോട്ടില്‍ യാത്ര തുടരുന്നിടത്താണ് മൂത്തോന്‍ എന്ന സിനിമ ആരംഭിക്കുന്നത്.

മുംബൈയില്‍ മുല്ല എത്തുകയും തുടര്‍ന്ന് ഭായി എന്ന  ഗുണ്ട നേതാവിന്റെ കൈയ്യില്‍ മുല്ല അകപ്പെടുകയും ചെയ്യുന്നതോടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു. നിവിന്‍ പോളിയാണ് ഭായി എന്ന ലോക്കല്‍ ഗുണ്ട നേതാവ് ആകുന്നത്. സഞ്ജന ദീപു, ശോഭിത ധുലിപാല, റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് നിവിന്‍ മൂത്തോനില്‍ ചെയ്തിരിക്കുന്നത്.മുല്ലയായി എത്തിയ സഞ്ജന ദീപു മികച്ച പ്രകടനം നടത്തി. സിനിമയുടെ ആദ്യ പകുതിയില്‍ മുല്ല എന്ന കഥാപാത്രം ഭായിയെയും പ്രേക്ഷകനെയും ഒരേപോലെ ഞെട്ടിപ്പിക്കുന്നുണ്ട്.റോഷന്‍ മാത്യുവിന്റെ അമീറും മികച്ച കഥാപാത്ര സൃഷ്ടിയായിരുന്നു. സംസാര ശേഷിയില്ലാത്ത എന്നാല്‍ അതി മനോഹരമായി പ്രേക്ഷകനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണ് അമീര്‍. വെറുതെയല്ല അനുരാഗ് കശ്യപ് തന്റെ അടുത്ത വര്‍ക്കിലെക്ക് നായകനായി റോഷനെ ക്ഷണിച്ചത്.

ലക്ഷദ്വീപ് ഭാഷ അതി മനോഹരമായി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ദ്വീപിലെ ജീവിതവും മുംബൈ നഗരത്തിന്റെ ജീവിതവും ചിത്രത്തില്‍ വരച്ച് കാണിക്കാന്‍ സംവിധായകയ്ക്കും ക്യാമറമാനും സാധിച്ചിട്ടുണ്ട്. മുംബൈ എന്ന നഗരത്തിനെ സിനിമകളില്‍ കാണിച്ചിട്ടുള്ള ഒരു ഫ്രെയ്മും ചിത്രത്തില്‍ ഇല്ല. ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അക്ബറിനെ അമീര്‍ മുംബൈയിലെക്ക് ക്ഷണിക്കുന്നുണ്ട്. പ്രാവുകള്‍ പറക്കുന്ന, ബീച്ചുകളില്‍ സൂര്യോദയവും സൂര്യാസ്തമായവും കാണാന്‍ കഴിയുന്ന ഒരു മുംബൈ നഗരത്തിലേക്ക്. എന്നാല്‍ മുംബൈ നഗരത്തില്‍ ആരും തിരിഞ്ഞു നോക്കാത്ത യാഥാര്‍ത്ഥ്യത്തിലേക്കാണ് അക്ബര്‍ എത്തിപ്പെട്ടത്.

Read more topics: # moothon ,# movie review
moothon movie review

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES