Latest News

കാതടപ്പിക്കുന്ന കുതിരക്കുളമ്പടി..തോളത്ത് നാടന്‍ തോക്ക് ..നെഞ്ചുവിരിച്ച് ഇത്തിക്കര പക്കി എത്തുന്നത് മുതല്‍ കൊച്ചുണ്ണിയ്ക്ക് രൗദ്രഭാവം; ബാല്യവും പ്രണയവും ഇഴകീറി വിവരിക്കുന്ന ഫസ്റ്റ് ഹാഫിനെ മിന്നിച്ചത് ലാലേട്ടന്‍ മാജിക്ക് ; ചരിത്ര കഥയിലെ ഏടു മാത്രം പറയുന്ന സിനിമയില്‍ നിറഞ്ഞ് നിന്നത് പ്രണയവും പ്രതികാരവും; രണ്ടാം പകുതിയിലെ ഭാവമാറ്റത്തിലും പ്രകടന മികവിനും നിവിന് ഫുള്‍ മാര്‍ക്ക് ; 45 കോടി മുടക്കിയെന്ന് പറയുന്നത് മാത്രം ദഹിക്കാതെ പ്രേക്ഷകര്‍

തോമസ് ചെറിയാന്‍.കെ
topbanner
 കാതടപ്പിക്കുന്ന കുതിരക്കുളമ്പടി..തോളത്ത് നാടന്‍ തോക്ക് ..നെഞ്ചുവിരിച്ച് ഇത്തിക്കര പക്കി എത്തുന്നത് മുതല്‍ കൊച്ചുണ്ണിയ്ക്ക് രൗദ്രഭാവം; ബാല്യവും പ്രണയവും ഇഴകീറി വിവരിക്കുന്ന ഫസ്റ്റ് ഹാഫിനെ മിന്നിച്ചത് ലാലേട്ടന്‍ മാജിക്ക് ; ചരിത്ര കഥയിലെ ഏടു മാത്രം പറയുന്ന സിനിമയില്‍ നിറഞ്ഞ് നിന്നത് പ്രണയവും പ്രതികാരവും; രണ്ടാം പകുതിയിലെ ഭാവമാറ്റത്തിലും പ്രകടന മികവിനും നിവിന് ഫുള്‍ മാര്‍ക്ക് ; 45 കോടി മുടക്കിയെന്ന് പറയുന്നത് മാത്രം ദഹിക്കാതെ പ്രേക്ഷകര്‍

രിത്രമാകാന്‍ സൃഷ്ടിച്ച ചരിത്ര സിനിമ.. മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ ഒന്നായ കായംകുളം കൊച്ചുണ്ണിയുടെ വരവ് ആഘോഷിക്കുകയാണ് മലയാളക്കര. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൊച്ചുണ്ണിയായി നിവിന്‍ പോളിയും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്തഭിനയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. മലയാള സിനിമയില്‍ ചേക്കേറിയിട്ട് 8 വര്‍ഷത്തിനിടെയുള്ള കരിയറില്‍ നിവിന്‍ ആദ്യമായാണ് ഒരു ചരിത്രപ്രാധാന്യമുള്ള ചിത്രം ചെയ്യുന്നത്.

കൊച്ചുണ്ണിയുടെ കഥകള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല മുതല്‍ ടിവി സീരിയലുകളില്‍ വരെ നാം കണ്ടിട്ടുണ്ടെങ്കിലും കൊച്ചുണ്ണിക്ക് കള്ളന്‍ എന്ന പേര് എങ്ങനെ വന്നുവെന്നും 1800ല്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ജന്മിത്വത്തിന്റെയും അതുമൂലം താഴ്ന്ന ജാതിക്കാര്‍ അനുഭവിച്ചിരുന്ന പ്രശ്നങ്ങളും കഥയില്‍ വരച്ചു കാട്ടുന്നു. അതിനാല്‍ തന്നെ സിനിമ കാണുന്നവര്‍ക്ക് കൊച്ചുണ്ണിയുടെ കഥ പൂര്‍ണ്ണമായും പറഞ്ഞു പോയില്ല എന്നത് മാത്രമേ ഒരു ചെറിയ കുറവായി പറയാന്‍ സാധിക്കൂ. 10,000ല്‍ അധികം ജൂനിര്‍ ആര്‍ട്ടിസ്റ്റുകളെ വച്ച് 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ റോഷനും സംഘവും പൂര്‍ത്തിയാക്കിയത്. 

 

 

സ്‌ക്രീനില്‍ വിരിഞ്ഞ കാഴ്ച്ചകള്‍

കൊച്ചുണ്ണി എന്ന കഥാപാത്രമായി നിവിനും പക്കിയായി മോഹന്‍ലാലും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിനായി ലാല്‍ ചെയതിരിക്കുന്ന മാനറിസംസ് നാം ഇതു വരെ കാണാത്ത ലാലിനെ കാട്ടി തരുന്നുണ്ട്. പക്കിയായി മാത്രം ലാലേട്ടന്‍ എത്തുന്ന ചിത്രം വരുമോ എന്നും പ്രേക്ഷകര്‍ സമൂഹ മാധ്യമത്തില്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. കൊച്ചുണ്ണിയായി പരകായ പ്രവേശം ചെയ്ത നിവിന്‍ ശരീര ഭാഷ കൊച്ചുണ്ണിയുടേതാക്കി മാറ്റുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുക്കുന്ന സുനില്‍ സുഖദ, സണ്ണി വേയ്ന്‍, ബാബു ആന്റണി, പ്രിയാ ആനന്ദ്, ഷൈന്‍ ടോം ചാക്കോ,മണികണ്ഠന്‍ ആചാരി,ജൂഡ് ആന്റണി ജോസഫ്, സുധീര്‍ കരമന എന്നിരുടെ കഥാപാത്രങ്ങള്‍ കാണുമ്പോള്‍ തന്നെ റോഷന്‍ ആന്‍ഡ്രൂസിന്റെ കാസ്റ്റിങ് മികവിനെ എടുത്തു കാട്ടുന്ന ഒന്നാണ്.

അഭിനയത്തിലും, സ്റ്റണ്ട് ഉള്‍പ്പടെയുള്ള സീനുകളില്‍ നിന്നും ചരിത്ര കഥാപാത്രങ്ങള്‍ നിവിന്‍ അനായാസമായി കൈകാര്യം ചെയ്യുമെന്ന് കൊച്ചുണ്ണി കണ്ടിറങ്ങുന്ന പ്രേക്ഷകന് ഉറപ്പിക്കാം. മികച്ച ദൃശ്യാനുഭവം തരുന്ന ഛായാഗ്രഹണമാണ് ചിത്രത്തിന് ബോളിവുഡില്‍ നിന്നുള്ള ബിനോദ് പ്രധാന്‍ സമ്മാനിച്ചിരിക്കുന്നത്. സിനിമയുടെ നല്ലൊരു ഭാഗവും ശ്രിലങ്കയിലാണ് ഷൂട്ട് ചെയ്തതെങ്കിലും കേരളത്തിന്റെ തനിമ ചോര്‍ന്നു പോയി എന്ന് പറയാന്‍ കഴിയില്ല. റാന്തല്‍ വിളക്കുകള്‍ മാത്രം ഉള്ള നൈറ്റ് സീനുകളില്‍ വരെ ഛായാഗ്രഹണ മികവ് പ്രകടമാണ്. സിനിമയുടെ പശ്ചാത്തല സംഗീതം ഗോപീ സുന്ദറിന്റെ കീഴില്‍ ഭദ്രമായിരുന്നുവെന്ന് ഉറപ്പിച്ച് തന്നെ പറയാം.

കൊച്ചുണ്ണിയുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് കഥ പറഞ്ഞു പോകുന്നതെങ്കിലും അതിനെ കൃത്യമായും ദൃശ്യാനുഭവത്തില്‍ പ്രേക്ഷകന് ഒട്ടും മടുപ്പ് തോന്നാത്ത വണ്ണവുമുള്ള കരുത്തുറ്റ തിരക്കഥ തന്നെയാണ് ബോബി സഞ്ജയ് ഒരുക്കിയിരിക്കുന്നത്. ഒരു കാലഘട്ടത്തെ അതിന്റെ തിളക്കം ഒട്ടും ചോരാതെ സ്‌ക്രീനിലെത്തിക്കുന്നതില്‍ സിനിമയുടെ ആര്‍ട്ട് ടെക്നീഷ്യന്‍സിന് സാധിച്ചിട്ടുണ്ട്. തിയേറ്ററില്‍ പോകുന്ന പ്രേക്ഷകന്‍ തീര്‍ച്ചയായും ത്രില്ലടിക്കുമെന്ന് ഉറപ്പ്. പ്രേക്ഷകനെന്ന നിലയില്‍ ഞാന്‍ അഞ്ചില്‍ നാല് റേറ്റിങ് തന്നെ കൊടുക്കുന്നു. തീര്‍ച്ചയായും കുടുംബമായും സുഹൃത്തുക്കളുമായും കൊച്ചുണ്ണി തിയേറ്ററിലിരുന്ന് കാണുക.

 

45 കോടി സത്യമോ... കൊച്ചുണ്ണിയുടെ ജീവിതം മുഴുമിപ്പിക്കാതെ പോയത് അല്‍പം നിരാശ ഉണര്‍ത്തിയോ ?

എട്ട് വര്‍ഷം മുന്‍പ് 27 കോടി മുടക്കി ഗോകുലം മൂവീസ് നിര്‍മ്മിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ പ്രേക്ഷക ഹൃദയത്തില്‍ നിന്നും മാഞ്ഞു പോയിട്ടില്ല. ഇതിനിടയില്‍ അധികം ചരിത്ര സിനിമകളും എത്തിയില്ല. എന്നാല്‍ കൊച്ചുണ്ണി എത്തുന്നത് 45 കോടി എന്ന് പറഞ്ഞ് ആദ്യം പ്രമോഷന്‍ നടന്നെങ്കിലും ചിത്രം കണ്ടവര്‍ക്ക് അത്രയും പണച്ചെലവ് തോന്നിയില്ല.ചിത്രീകരണത്തിന്റെ നല്ലൊരു ഭാഗവും ശ്രീലങ്കയിലാണ് എന്നതു കൊണ്ട് തന്നെ ചെലവ് അധികമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിശ്വസിക്കാനാവില്ല. പ്രേക്ഷകന് അല്‍പം നിരാശയുണര്‍ത്തിയ മറ്റൊരു സംഗതി എന്നത് കൊച്ചുണ്ണിയുടെ കഥ പൂര്‍ണമായും പറഞ്ഞു പോകാന്‍ സാധിച്ചോ എന്നതാണ്. ചരിത്ര സിനിമയായത് കൊണ്ട് തന്നെ കൊച്ചുണ്ണിയുടെ ജീവിതം പൂര്‍ണമായും പറയുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരു ഏട് മാത്രം പറഞ്ഞു പോകുകയാണുണ്ടായത്.

ടിക്കറ്റെടുത്താല്‍....

കൊച്ചുണ്ണിക്കായി തിയേറ്ററില്‍ പോകുന്ന പ്രേക്ഷകന്‍ ഒന്ന് മാത്രം ഓര്‍ക്കുക ഈ ദൃശ്യഭംഗി പൂര്‍ണ്ണമായും ആസ്വദിക്കണമെങ്കില്‍ തിയേറ്ററില്‍ പോയിരുന്ന് തന്നെ കാണണം. ഓര്‍മ്മയുടെ താളില്‍ തീര്‍ച്ചയായും ഓര്‍ത്തു വയ്ക്കാന്‍ പറ്റിയ ചിത്രമാണെന്ന് ഉറപ്പ് പറയാന്‍
സാധിക്കും.എന്നാല്‍ ജീവിത കഥ പറയുന്ന ചിത്രങ്ങളില്‍ തുടക്കം മുതല്‍ പറഞ്ഞില്ലെങ്കിലും വ്യക്തിയുടെ അവസാന കാലഘട്ടം എപ്രകാരമായിരുന്നുവെന്ന് പറഞ്ഞു തീര്‍ക്കുന്ന കഥ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് സംവിധാകരോട് അപേക്ഷിക്കുന്നു ...അതല്ലെങ്കില്‍ തിയേറ്ററില്‍ നിന്നും പ്രേക്ഷകന്‍ സംശയം ചോദിച്ചത് പോലെ ' കൊച്ചുണ്ണിയുടെ ജീവിതത്തിലെ മറ്റൊരു ഏട് ഇനിയും വരുമോ എന്നുള്ളത് ' തിയേറ്ററില്‍ നിന്നിറങ്ങുന്നവരുടെ ഉള്ളില്‍ മായാതെ കിടക്കും.

kayamkulam kochunni review thomas cheriyan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES