ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു പ്രണയ ചിത്രം കൂടി; വിനായകന്‍ പ്രതിനായക വേഷത്തില്‍ എത്തിയ സിനിമയില്‍ പ്രേക്ഷകരില്‍ ആവേശം നിറച്ചത് അണ്ടര്‍ വാട്ടര്‍ സീനുകള്‍; ഹിറ്റ് കൂട്ടുകെട്ട് കമലും ജോണ്‍പോളും വീണ്ടും ഒന്നിച്ച ചിത്രം പ്രേക്ഷകന് സമ്മാനിച്ചത് ദൃശ്യവിരുന്ന് തന്നെ

പി.എസ്.സുവര്‍ണ്ണ
topbanner
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു പ്രണയ ചിത്രം കൂടി; വിനായകന്‍ പ്രതിനായക വേഷത്തില്‍ എത്തിയ സിനിമയില്‍ പ്രേക്ഷകരില്‍ ആവേശം നിറച്ചത് അണ്ടര്‍ വാട്ടര്‍ സീനുകള്‍; ഹിറ്റ് കൂട്ടുകെട്ട് കമലും ജോണ്‍പോളും വീണ്ടും ഒന്നിച്ച ചിത്രം പ്രേക്ഷകന് സമ്മാനിച്ചത് ദൃശ്യവിരുന്ന് തന്നെ


നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കമലും, ജോണ്‍ പോളും ചേര്‍ന്ന് പ്രേക്ഷകര്‍ക്കായി ഒരുക്കിയ ദൃശ്യ വിരുന്നാണ് പ്രണയമീനുകളുടെ കടല്‍.. ഇരുവരുടെതുമായി മുമ്പ് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നത് കൊണ്ട് തന്നെ പ്രണയമീനുകളുടെ കടലിലൂടെ വീണ്ടും ഒന്നിക്കുന്നു എന്നുള്ള വാര്‍ത്ത പ്രേക്ഷക മനസുകളില്‍ വലിയ പ്രതീക്ഷയാണ് വളര്‍ത്തിയത്. ഈ പ്രതീക്ഷയുമായ് എത്തിയ പ്രേക്ഷകര്‍ ഏറെക്കുറെ സംതൃപ്തിയോടെ തന്നെയാണ് തീയേറ്റര്‍ വിട്ടതെന്ന് പറയാം. കാരണം പ്രണയവും, ഹൃദയബന്ധങ്ങളും, സൗഹൃദവും അതിനെല്ലാം പുറമേ ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയും സൗന്ദര്യവും എല്ലാം ഉള്ള ഒരു നല്ല സിനിമയാണ് പ്രണയമീനുകളുടെ കടല്‍. വിനായകന്‍ പ്രതിനായക വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് തെലുഗു നടിയായ റിധി കുമാര്‍, പുതുമുഖം ഗബ്രി ജോസ്, ഉത്തരേന്ത്യന്‍ നടി പത്മാവതി റാവു, സംവിധായകന്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് എന്നിവരാണ്.

 

Image result for pranaya meenukalude kadal

 

ഇനി സിനിമയിലേക്ക് വരാം പ്രണയത്തിന്റെയും ലക്ഷദ്വീപിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമ  ഒരു റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ചിത്രത്തിലെ അജ്മല്‍, ജാസ്മിന്‍ എന്നീ രണ്ട് കേന്ദ്രകഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ വേണമെങ്കില്‍ പ്രണയവും ലക്ഷദ്വീപിന്റെ പശ്ചാത്തലവുമാണ് സിനിമയുടെ നെടും തൂണ് എന്ന് വിശേഷിപ്പിക്കാം. ഇതിന് പുറമേ എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് സിനിമയിലെ അണ്ടര്‍ വാട്ടര്‍ സീനുകള്‍. അടിപൊളി... മറ്റൊന്നും പറയാനില്ല അതിനെക്കുറിച്ച്. വെള്ളത്തിനടിയിലുള്ള വിനായകന്റെ സാഹസികമായ സീനുകളും, നായകന്റെയും നായികയുടെയും പ്രണയ സീക്വന്‍സുകളും വളരെ മനോഹരമായി തന്നെ പ്രേക്ഷകന് മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് ഈ ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റ് ആയി പറയാം. പിന്നെ ഇതിനോടൊപ്പം തന്നെ പറയേണ്ട ഒന്നാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സ്.. വളരെയധികം ഗ്രാഫിക്സുകള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അതും അതിന്റെ തനിമയോടെ മികച്ചതായി തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നത് പ്രശംസ അര്‍ഹിക്കുന്നു.  പിന്നെ മറ്റ് സിനിമകളില്‍ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. സിനിമയുടെ ഏറെ ഭാഗങ്ങളിലും ലക്ഷദ്വീപ് മലയാളമാണ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് എന്താണെന്ന് മനസിലാക്കിയെടുക്കാന്‍ പ്രേക്ഷകന്‍ ബുദ്ധിമുട്ടുന്നുണ്ട്.

പ്രണയം പറയുന്ന ഒരുപാട് സിനിമകള്‍ ഇതിനുമുമ്പും ഇറങ്ങിയിട്ടുണ്ട്. അതായത് ആദ്യ കാഴ്ച്ചയില്‍ പ്രണയം മൊട്ടിടുന്നതും. പിന്നെ നായികയുടെ പുറകേ നടക്കുന്നതും. പരസ്പരം ഇഷ്ടപ്പെട്ട് കഴിയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും അവസാനം കൂടിചേരലും. ഇതേ പാറ്റേണ്‍ തന്നെയാണ് ഈ ചിത്രവും പിന്തുടര്‍ന്നിരിക്കുന്നത്. പക്ഷെ വെള്ളത്തിനടിയിലുള്ള പ്രണയ രംഗങ്ങള്‍ ഈ ഒരു പോരായ്മയെ കുറച്ചെല്ലാം മറികടക്കുന്നുമുണ്ട്. മാത്രമല്ല അജ്മലിന്റെയും ജാസ്മിനിന്റെയും പ്രണയ രംഗങ്ങള്‍ കണ്ടിരിക്കാന്‍ സുഖമുള്ളതുമാണ്. ഇതിന് പുറമേ എടുത്ത് പറയേണ്ടതാണ് വിനായകന്റെ പ്രതിനായക കഥാപാത്രം. ഏറെ കുറെ നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്ന കഥാപാത്രമായി തോന്നാം വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന ഹൈദര്‍ എന്ന കഥാപാത്രം. സിനിമയില്‍ എവിടെയൊക്കെയോ ഹൈദറിനോട് ദയയും അനുകമ്പയും പ്രേക്ഷകന് തോന്നാം. ചിലപ്പോള്‍ ദേഷ്യം തോന്നാം. ഒരേസമയം ചിലപ്പോള്‍ ദയയും ദേഷ്യവും തോന്നാം. ഹൈദര്‍ സിനിമയില്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമല്ലെങ്കില്‍ പോലും ഉള്ളിടത്തോളം ഭാഗങ്ങള്‍ വളരെ മനോഹരമായി തന്നെ വിനായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ പോലീസ് ഓഫീസറായി എത്തുന്ന സൈജു കുറുപ്പും, മാമനാരായി എത്തുന്ന ദിലീഷ് പോത്തനും, മേസ്തിരിയായി എത്തുന്ന സുധീഷുമെല്ലാം വളരെ മനോഹരമായി തന്നെ അവരുടെ ഭാഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

 

Image result for pranaya meenukalude kadal

 

സിനിമയിലെ പാട്ടുകളും മനോഹരമാണ്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ റഫീഖ് അഹമ്മദിന്റെയും ബി.കെ ഹരിനാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണമിട്ടിരിക്കുന്നത്. പാട്ടുകള്‍ എല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടി കഴിഞ്ഞു. ഇനി സിനിമയുടെ മറ്റ് സാങ്കേതിക വശങ്ങള്‍ നോക്കിയാല്‍ വളരെ മനോഹരമായാണ് ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിന്റെ സൗന്ദര്യം നന്നായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ മികച്ച രീതിയില്‍ എഡിറ്റും ചെയ്തിട്ടുണ്ട്. അങ്ങനെ മൊത്തത്തില്‍ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് കമലിന്റെ പ്രണയമീനുകളുടെ കടല്‍ എന്ന സിനിമ. അതുകൊണ്ട് തന്നെ കുടുംബസമേതം ധൈര്യമായി തീയേറ്ററില്‍ പോയി കാണാവുന്ന ചിത്രമാണിത്.

pranaya meenukalude kadal movie review

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES