മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ 'സാമ്രാജ്യ'ത്തിന്റെ 4K റീ റിലീസ് ടീസര്‍ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റീമാസ്റ്റര്‍ പതിപ്പിന്റെ ടീസര്‍ പുറത്ത് വിട്ടത്. 4K ഡോള്‍ബി അറ്റ്‌മോസില്‍ റീ മാസ്റ്റര്‍ ചെയ്ത ചിത്രത്തിന്റെ റീ റിലീസ് 2025 സെപ്റ്റംബര്‍ 19 നാണ്. ആരിഫ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസന്‍ നിര്‍മ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവര്‍ത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ 'സാമ്രാജ്യം'', അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതല്‍ 1 കോടി രൂപ വരെ മുതല്‍ മുടക്കിലാണ് ഒരുക്കിയത്. സ്‌റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രം മേക്കിങ് മികവ് കൊണ്ടും വലിയ പ്രശംസ നേടി. ബെന്‍സ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്‌റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു. കേരളത്തില്‍ ഒതുങ്ങി നില്‍ക്കാതെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നൂറും ഇരുനൂറും ദിവസങ്ങള്‍ തകര്‍ത്തോടിയ ചിത്രം കൂടിയാണ് ''സാമ്രാജ്യം''.
ആരിഫാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസ്സന്‍ നിര്‍മ്മിച്ച ചിത്രം റിലീസ് സമയത്ത് വലിയ വിജയം നേടിയ ഒന്നാണ്. വിജയം എന്നതിനൊപ്പം ഏറെ സ്‌റ്റൈലിഷ് ആയി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രവുമായിരുന്നു സാമ്രാജ്യം. ചിത്രത്തിലെ സ്‌റ്റൈലിംഗ് സമീപകാലത്തും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയാവാറുണ്ട്. ചിത്രത്തിന്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യത്തെ മലയാളത്തിനു് പുറത്ത് വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി. വിവിധ ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല.
അലക്‌സാണ്ടര്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയനന്‍ വിന്‍സെന്റ് ആണ് ഛായാഗ്രാഹകന്‍. പ്രശസ്ത ഗാനരചയിതാവായ ഷിബു ചക്രവര്‍ത്തിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് ഹരിഹര പുത്രന്‍. മമ്മൂട്ടിക്ക് പുറമേ മധു, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍, അശോകന്‍, ശ്രീവിദ്യ, സോണിയ, ബാലന്‍ കെ നായര്‍, മ്പത്താര്‍, സാദിഖ്, ഭീമന്‍ രഘു, ജഗന്നാഥ വര്‍മ്മ, പ്രതാപ ചന്ദ്രന്‍, സി ഐ പോള്‍, ജഗന്നാഥന്‍, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. 4 കെ, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവിലാണ് റീ റിലീസ് പതിപ്പ് എത്തുക.