ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദങ്ങള്‍ക്കിടെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. 'ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്തോ അതാണ് സെന്‍സര്‍ഷിപ്പ് കല'യോട് ചെയ്യുന്നത് എന്നാണ് പുതിയ കവര്‍ പിക്കിലെ വാചകം. വിഖ്യാത അമേരിക്കന്‍ ചലച്ചിത്രകാരനും സാഹിത്യനിരൂപകനും ചരിത്രകാരനുമായ ഹെന്റി ലൂയിസ് ഗേറ്റ്‌സ് ജൂനിയറിന്റെ വാക്കുകളാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെന്‍സര്‍ഷിപ്പ് ചെയ്യുന്നത്' (Censorship is to art as lynching is to justice) -ഇതാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാചകം.
നേരത്തെ എമ്പുരാനില്‍ റീസെന്‍സറിങ് അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മുരളി ഗോപിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ നിലപാടിന് പിന്തുണയുമായി കമന്റുകളില്‍ എത്തിയിരിക്കുന്നത്.
അതേസമയം, ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് മാറ്റാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അംഗീകരിച്ചിരിക്കുകയാണ്. ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള എന്നാണ് പുതിയ പേര്. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.
ചിത്രം എത്രയും വേഗം തീയറ്ററുകളില്‍ എത്തിക്കുക എന്നതാണ് നിര്‍മാതാക്കളുടെ മുന്നിലുള്ളത്. ഇതിന്റെ ഭാഗമായാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളില്‍ മാറ്റമുണ്ടാകില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.
സെന്‍സര്‍ ബോര്‍ഡ് രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോല്‍ മുന്നോട്ടുവെച്ചതെന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
കേസ് കോടതി പരിഗണിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. ജാനകി എന്ന് പേര് ഉപയോഗിക്കുന്ന 96ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍ ടൈറ്റിലില്‍ വി എന്ന് ചേര്‍ത്താല്‍ മതിയാകുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളില്‍ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല്‍ മതിയാകുമെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞതായും ഹാരിസ് ബീരാന്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റാം എന്നകാര്യം നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. എഡിറ്റ് ചെയ്ത സിനിമ എത്രയും വേഗം സെന്‍സര്‍ ബോര്‍ഡിന് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.