ഈ ഓണത്തില്‍ റിലീസ് ചെയ്ത ലോകയും ഹൃദയപൂര്‍വ്വവും ബോക്‌സ് ഓഫീസില്‍ മുന്നേറ്റം തുടരുമ്പോള്‍, ചിത്രങ്ങളുമായി ബന്ധപ്പെട്ട ഒരു പുതിയ വിവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലോകയിലെ നായകന്‍ നസ്ലെന്‍ തന്റെ സുഹൃത്തും ഹൃദയപൂര്‍വ്വയിലെ അഭിനേതാവുമായ സംഗീത് പ്രതാപിനെ പ്രശംസിച്ച പോസ്റ്റാണ് വിവാദത്തിന് കാരണമായത്.
''ഹൃദയപൂര്‍വ്വം ഇപ്പോഴാണ് കണ്ടത്. സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ നല്ലൊരു ഫീല്‍ ഗുഡ് വൈബ് ഉണ്ടാക്കി. സംഗീതേട്ടന്റെ അഭിനയം വളരെ മികച്ചതായിരുന്നു. നിങ്ങളെയോര്‍ത്ത് അഭിമാനമുണ്ട്,'' എന്നാണ് നസ്ലെന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍, നായിക മാളവിക മോഹനന്‍, സംഗീത് പ്രതാപ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
എന്നാല്‍, പോസ്റ്റില്‍ മോഹന്‍ലാലിനെയോ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെയോ പരാമര്‍ശിച്ചിട്ടില്ലെന്നത് വിമര്‍ശനത്തിനിടയാക്കി. ''രണ്ട് സിനിമകളും വിജയിച്ചിട്ടും മോഹന്‍ലാലിനെയും സത്യന്‍ അന്തിക്കാടിനെയും ഒട്ടും പരാമര്‍ശിക്കാതെ പോസ്റ്റ് ഇടുന്നത് ശരിയല്ല,'' എന്നാണ് ചിലരുടെ പ്രതികരണം. ''വിജയത്തിന്റെ ചൂട് തലക്കുപിടിച്ചതാണോ? മോഹന്‍ലാലിനെ ടാഗ് ചെയ്യാന്‍ പോലും മറന്നുവോ?'' എന്നിങ്ങനെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. അതേസമയം, നസ്ലെന്‍ ഇതുവരെ വിവാദത്തോട് പ്രതികരിച്ചിട്ടില്ല. ലോകയും ഹൃദയപൂര്‍വ്വവും തിയേറ്ററുകളില്‍ മികച്ച കളക്ഷനുകളുമായി പ്രദര്‍ശനം തുടരുകയാണ്.