അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടി നയന്‍താര. തന്റെ കുട്ടിക്കാലത്തെ ഒരു ത്രോബാക്ക് ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു നയന്‍താരയുടെ ആശംസ. ചിത്രത്തില്‍ നയന്‍താരയുടെ കവിളില്‍ അമ്മ ചുംബനം നല്‍കുന്നതായി കാണാം. ഇവര്‍ക്കൊപ്പം സഹോദരന്‍ ലെനു കുര്യനും ചിത്രത്തിലുണ്ട്.
'എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകള്‍. ഞങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങള്‍ ചൊരിഞ്ഞ സ്നേഹത്തിനും ത്യാഗങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വാക്കുകള്‍ ഒരിക്കലും മതിയാകില്ല. നിങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയമാണ്. ഞങ്ങള്‍ എടുക്കുന്ന ഓരോ ചുവടും പിന്നിലെ ശക്തിയും , ഓരോ ദിവസവും പ്രപഞ്ചത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങളെ സ്നേഹിക്കുന്നു അമ്മ' നയന്‍താര ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
ദൈവം കഴിഞ്ഞാല്‍ തന്റെ കുഞ്ഞിനെ തനിക്ക് മനസിലായിടത്തോളം മറ്റാര്‍ക്കും അറിയില്ല എന്നാണ് ഒരിക്കല്‍ നയന്‍സിനെ കുറിച്ച് സംസാരിക്കവെ അമ്മ പറഞ്ഞത്. മകളെ നഷ്ടപ്പെട്ടുപോകുമോയെന്ന് ഓര്‍ത്ത് ചെട്ടികുളങ്ങര അമ്മയോട് നിരന്തരമായി പ്രാര്‍ത്ഥിച്ചിരുന്ന സമയങ്ങളെ കുറിച്ചും ബിയോണ്‍ ദി ഫെയറി ടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കവെ അമ്മ പറഞ്ഞിരുന്നു. ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായപ്പോള്‍ മകളെ നഷ്ടപ്പെട്ടുപോകുമോയെന്ന് ഭയന്നിരുന്നു.
ഞങ്ങളുടെ ചെട്ടികുളങ്ങര അമ്മ ഒപ്പം തന്നെ ഉണ്ട്. അമ്മയാണ് എനിക്ക് എന്റെ കുഞ്ഞിനെ തിരികെ തന്നത്. രാവിലെ എഴുന്നേറ്റാലുടനെ അമ്മയുടെ അടുത്ത് പോയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. യേശുവിനെയും പ്രാര്‍ത്ഥിക്കും. അതും ഇതുമുണ്ട്. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത് എന്നാണ് ഓമന കുര്യന്‍ പറഞ്ഞത്.
കൊച്ചിയിലാണ് നയന്‍താരയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. കിടപ്പിലായ പിതാവിന് വേണ്ടി വീട്ടില്‍ ആശുപത്രികളിലേതിന് സമാനമായ ഐസിയു താരം സെറ്റ് ചെയ്തിട്ടുണ്ട്. ഈ പ്രായത്തിലും അമ്മ തന്നെയാണ് നയന്‍സിന്റെ പിതാവിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്. സമയം കണ്ടെത്തി നയന്‍താരയും വിക്കിയും മക്കള്‍ക്കൊപ്പം കൊച്ചിയില്‍ വന്ന് താമസിക്കുകയും ചെയ്യും.
അതേസമയം ഒരുപിടി നല്ല ചിത്രങ്ങളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഡിയര്‍ സ്റ്റുഡന്റ്, മന ശങ്കര വര പ്രസാദ് ഗരു, മന്നങ്ങാട്ടി സിന്‍സ് 1960', 'പാട്രിയറ്റ്', 'മൂക്കുത്തി അമ്മന്‍ 2', 'റക്കായി', 'മെഗാ157' എന്നിവയാണ്‌നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനാകുന്ന ടോക്സിസ് : എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ് എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.