ഒന്നര മാസം മുമ്പാണ് അമ്മയുടെ പിറന്നാള്‍ നടിമാരായ അംബികയും രാധയും ചേര്‍ന്ന് ആഘോഷമാക്കിയത്. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും എല്ലാം വിളിച്ചു കൂട്ടി അത്യാഢംബരമായ വീട്ടില്‍ അമ്മയെ സുന്ദരിയാക്കി നിര്‍ത്തിയായിരുന്നു ആ പിറന്നാള്‍ ആഘോഷം നടത്തിയത്. പ്രായമേറെയായിരുന്നുവെങ്കിലും അതിന്റെ അവശതകള്‍ക്കിടയിലും വീല്‍ച്ചെയറിലിരുന്ന് കേക്ക് മുറിച്ച് മധുരം പങ്കുവച്ച ആ അമ്മ ഇപ്പോഴിതാ, മരണത്തിനു കീഴടങ്ങിയിരിക്കുകയാണെന്ന സങ്കടകരമായ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലേക്ക് രണ്ട് ഒന്നാംനിര നായികമാരെ സമ്മാനിച്ച ആ അമ്മ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായിരുന്നു. കല്ലറ സരസമ്മ നായര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരത്താണ് അന്ത്യം സംഭവിച്ചത്.
അംബിക, രാധ എന്നീ താരസുന്ദരികളുടെ മാതാവായ സരസമ്മ ശരിക്കും ഒരു സ്റ്റാര്‍മേക്കര്‍ തന്നെയായിരുന്നു. മകള്‍ അംബികയ്ക്ക് സിനിമയോട് കുട്ടിക്കാലത്തെ തോന്നിയ അഭിനയ അഭിനിവേശത്തിന് പൂര്‍ണ്ണമായ പിന്തുണ നല്‍കുകയും ശക്തമായ ഒരു സുരക്ഷാവലയമൊരുക്കാന്‍ പ്രാപ്തയായ അമ്മയായി കൂടെ നില്‍ക്കുകയും ചെയ്ത അമ്മ പിന്നാലെ മകള്‍ രാധയും നായികയായതോടെ താരമായി മാറുകയായിരുന്നു. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരായി മക്കള്‍ ഒന്നാം നിരയില്‍ നില്‍ക്കുമ്പോള്‍ തന്നെ വിവാഹപ്രായമെത്തുമ്പോള്‍ തന്നെ ഇരുവരെയും വിവാഹം കഴിപ്പിച്ചയച്ചു എന്നതും ഒരു അമ്മ എന്ന നിലയില്‍ അവര്‍ക്കെന്നും അഭിമാനകരമാണ്. ആ കാലത്തെ മറ്റു സൂപ്പര്‍ നായികമാരുടെ മാതാപിതാക്കള്‍ ഒന്നും ചിന്തിക്കാത്ത കാര്യം കൂടിയായിരുന്നു അത്.
അംബിക, മല്ലിക, രാധ, അര്‍ജ്ജുന്‍, സുരേഷ് എന്നിവരാണ് മക്കള്‍. ഇതില്‍ മല്ലികയൊഴികെ എല്ലാവരും സിനിമയിലെത്തി. അര്‍ജ്ജുന്‍ മലയാളത്തിലും തമിഴിലും ഓരോ ചിത്രങ്ങള്‍ ചെയ്തു. സുരേഷ് മലയാളത്തിലും തെലുങ്കിലും നായകനായി. ജനം ടി.വി.ഡയറക്ടറും ഉദയസമുദ്രാ ഹോട്ടല്‍ ഗ്രൂപ്പിന്റെ ഉടമയുമായ രാജശേഖരന്‍ നായര്‍ മകളുടെ ഭര്‍ത്താവാണ്. ഒന്നരമാസം മുമ്പ് വീല്‍ച്ചെയറിലിരിക്കുന്ന അമ്മയെ സാരിയൊക്കെ ഉടുപ്പിച്ച് സുന്ദരിയാക്കിയാണ് അംബികയും രാധയും പിറന്നാള്‍ കേക്ക് മുറിക്കാന്‍ എത്തിച്ചത്. തുടര്‍ന്ന് മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം ചുറ്റും നിന്ന് ഹാപ്പി ബര്‍ത്ത്‌ഡേ പാടി കേക്ക് മുറിക്കുകയായിരുന്നു. എല്ലാവരും അമ്മയ്ക്ക് ചെറിയ മധുരം നല്‍കുകയും ചെയ്യുന്നതിന്റെയൊക്കെ വീഡിയോയും പുറത്തു വന്നിരുന്നു.
അംബികയുടെ വീട്ടിലായിരുന്നു അപ്പോള്‍ സരസമ്മ ഉണ്ടായിരുന്നത്. അനിയത്തി രാധയും മകളും എല്ലാം പിറന്നാള്‍ ആഘോഷത്തിന് എത്തിയിരുന്നു. തുടര്‍ന്ന് ഹാളിലിരുന്ന് കേക്ക് കഴിക്കവേ അമ്മയോട് കേക്ക് വേണോയെന്ന് ചോദിക്കുന്നതും മധുരപ്രിയയായ അമ്മ കുട്ടികളെ പോലെ വാ തുറക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാമായിരുന്നു. അമ്മയെ പൊന്നുപോലെയാണ് അംബികയും രാധയും നോക്കിയത്. പ്രായത്തിന്റെ അവശതകളുള്ള അമ്മയെ ഒരു കുഞ്ഞിനെ പോലെയാണ് ഇരുവരും പരിചരിച്ചിരുന്നത്.
ആദ്യകാല കോണ്‍ഗ്രസ് നേതാവ് കല്ലറ സരസമ്മ അന്തരിച്ചു. 83 വയസായിരുന്നു. ജനംടിവി മാനേജിംഗ് ഡയറക്ടറും ഉദയസമുദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ചെങ്കല്‍ എസ് രാജശേഖരന്‍ നായരുടെ ഭാര്യാമാതാവാണ്....സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം കല്ലറയിലെ വീട്ടുവളപ്പില്‍ നടക്കും.