തമിഴിലെ തിരക്കുള്ള നായികമാരിലൊരാളാണ് നിത്യ മേനോന്‍. ഒന്നിനു പിറകെ ഒന്നായി നിരവധി സിനിമകളാണ് നിത്യയുടേതായി തമിഴില്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും നിത്യ പങ്കുവച്ച കാര്യങ്ങളാണ് വൈറലാകുന്നത്. 'തലൈവന്‍ തലൈവി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യം സംസാരിച്ചത്.
വിവാഹം നടക്കുന്നതുപോലെ തന്നെ മികച്ചതാണ് അത് നടക്കാത്തതതെന്നാണ് നടി പറയുന്നത്.കാലക്രമേണ പ്രണയത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ മാറിയിട്ടുണ്ട്. ഇപ്പോള്‍ അത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യമേയല്ല. ചെറുപ്പത്തില്‍, ഒരു പാതിയെ കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. കുടുംബവും മാതാപിതാക്കളും സമൂഹവും അത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് തോന്നിപ്പിക്കും.
എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായൊരു ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കി. എല്ലാവര്‍ക്കും പ്രണയം കണ്ടെത്താനും വിവാഹം കഴിക്കാനും സാധിക്കില്ല. രത്തന്‍ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. വിവാഹം നടന്നാല്‍ നല്ലത്, നടന്നില്ലെങ്കിലും വളരേ നല്ലത്. അതെന്നെ സങ്കടപ്പെടുത്തില്ല.
ജീവിതം ഇപ്പോള്‍ ഒരു തുറന്ന പാതയിലാണ്. അതില്‍ സന്തോഷമുണ്ട്. ഉറച്ചുപോയ എല്ലാ ധാരണകളും തകര്‍ന്നു, അത് സ്വന്തം ജീവിതം നയിക്കാന്‍ എന്നെ സ്വതന്ത്രമാക്കിയിരിക്കുന്നു. ബന്ധങ്ങളെല്ലാം എന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ ഒരു റിലേഷനിലും അല്ല. എപ്പോഴും ഹാര്‍ട്ട് ബ്രേക്കുകള്‍ ഉണ്ടായിട്ടുണ്ട്. അതും തുടരെ. അത് കൊണ്ടാണ് തനിക്കിപ്പോള്‍ പങ്കാളിയില്ലാത്തത്.
ആ അനുഭവങ്ങളില്‍ നിന്നും ഒരുപാട് പഠിക്കും. ഞാന്‍ കരുതിയത് പോലെയല്ല ആള്‍, ഇങ്ങനെയുമാണ്, ആക്ട് ചെയ്യുകയാണ്, എന്നെ ഉപയോ?ഗിക്കാന്‍ ശ്രമിക്കുകയാണ് എന്നെല്ലാം കണ്ടപ്പോള്‍ ഞാന്‍ തിരഞ്ഞത് തന്നെ തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാളെക്കുറിച്ച് സംസാരിക്കുന്നതും ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നെല്ലാം പറയുന്നതും സമയം പാഴാക്കലാണ് എന്നാണ് നിത്യ പറയുന്നത്.