മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഉദയമായി ഇന്നും പ്രേക്ഷകര്‍ കാണുന്ന സിനിമയാണ് 20-ാം നൂറ്റാണ്ട്. ഇപ്പോഴിതാ ഈ സിനിമ റി റിലീസ് ചെയ്തിരുന്നെങ്കിലെന്ന് ആശിക്കുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.
മോഹന്‍ലാല്‍ ചിത്രമായ 'ഇരുപതാം നൂറ്റാണ്ട്' റി റിലീസ് ചെയ്തിരുന്നുവെങ്കിലെന്നാണ് ഒമര്‍ കുറിച്ചിരിക്കുന്നത്. ''ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമ, എത്ര വട്ടം കണ്ടാലും മടുക്കാത്ത സിനിമ ഇതൊന്ന് റീ മാസ്റ്റര്‍ ചെയ്തത് 4k ഡോള്‍ബിയില്‍ റി റിലീസ് ചെയ്തിരുന്നെങ്കില്‍...'' എന്നാണ് ഫയര്‍ ഇമോജിക്കൊപ്പം ഒമര്‍ കുറിച്ചത്. ഒപ്പം ഇരുപതാം നൂറ്റാണ്ടിന്റെ ഒരു പഴയ പോസ്റ്ററും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.
കെ. മധുവിന്റെ സംവിധാനത്തില്‍ 1987ല്‍ റിലീസ് ചെയ്ത ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിനൊപ്പം ജഗതി ശ്രീകുമാര്‍, സുരേഷ് ഗോപി, അംബിക, ഉര്‍വശി ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗമായി സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.
അമല്‍ നീരദ് ആയിരുന്നു അതിന്റെ സംവിധാനം. ജാക്കിയുടെ രണ്ടാം വരവും ആരാധകര്‍ ആഘോഷമാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ തരംഗമായിരുന്നു പശ്ചാത്തല സംഗീതം രണ്ടാം ഭാഗത്തിനായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും പുനരാവിഷ്‌കരിച്ചിരുന്നു. എന്തായാലും സിനിമ തിയറ്ററുകളില്‍ വീണ്ടും എത്താന്‍ പ്രേക്ഷകരും വലിയ ആവേശത്തോടെ കാത്തിരിക്കുന്നുണ്ട്.