ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബവുമൊത്ത് സന്ദര്‍ശിച്ച പഹല്‍ഗാമില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ഗായകന്‍ ജി വേണുഗോപാല്‍.കശ്മീര്‍ ഭീകരാക്രമണത്തിന് മുമ്പ് താനും സുഹൃത്തുക്കളും പഹല്‍ഗാമില്‍ ഉണ്ടായിരുന്നുവെന്നും മൂന്ന് ദിവസം മുമ്പ് അവിടെ ട്രെക് ചെയ്തിരുന്നുവെന്നും ആണ് ഗായകന്‍ കുറിച്ചത്. അതോര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലമെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയതെന്നും വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ എന്നും വേണുഗോപാല്‍ ചോദിക്കുന്നുണ്ട്.
ദൈവമേ..... ABC valleys എന്ന് വിളിപ്പേരുള്ള പെഹല്‍ഗാമിലെ ഈ ഇടങ്ങളില്‍ ഞങ്ങള്‍, (ഞാന്‍, രശ്മി, സുധീഷ്, സന്ധ്യ, എന്നിവര്‍) വെറും മൂന്ന് ദിവസങ്ങള്‍ മുമ്പ് ട്രെക് ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം! ഞങ്ങള്‍ക്ക് Aru Valley യില്‍ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹല്‍ഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വര്‍ദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം. സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്.''
''വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാശ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നല്‍കിയ പ്രദേശങ്ങളിലൊന്നാണ് കശ്മീര്‍. മനോഹരമായ ഭൂപ്രദേശവും, വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും. എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാന്‍ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും!'' എന്നാണ് വേണുഗോപാല്‍ കുറിച്ചിരിക്കുന്നത്.
ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
''പഹല്‍ഗാം ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. അത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്.''
''നിങ്ങള്‍ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവന്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇരുട്ടിലും സമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നില്‍ക്കാം'' എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
പഹല്‍ഗാമില്‍ നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞങ്ങളുടെ സായുധ സേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു എന്നാണ് മമ്മൂട്ടിയുംഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
''പഹല്‍ഗാം ഭീകരാക്രമണം തീര്‍ത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ വാക്കുകള്‍ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്. രാജ്യം മുഴുവന്‍ അഗാധമായ ദുഃഖത്തിലാണ്.''
''ദുഃഖത്തിലും ഐക്യദാര്‍ഢ്യത്തിലും ഒറ്റക്കെട്ടായി നില്‍ക്കുന്നു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞങ്ങളുടെ സായുധ സേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല'' എന്നാണ് മമ്മൂട്ടി കുറിച്ചത്.
മനുഷ്യത്വത്തിന് നേര്‍ക്കുളള ആക്രമണമാണ് ഇതെന്നും ഭീരുത്വത്തിന്റെ ഹിംസയാണ് നടന്നതെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഹൃദയം തകര്‍ന്നിരിക്കുന്നു. നിഷ്‌കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹല്‍ഗാമിലെ ഭയപ്പെടുത്തുന്ന ഭീകരാക്രമണം ഭീരുത്വത്തിന്റെ ഹിംസയല്ലാതെ മറ്റൊന്നുമല്ല. ഇത് ഇരകള്‍ക്ക് നേര്‍ക്ക് മാത്രമുളള ആക്രമണമല്ല, മറിച്ച് മനുഷത്വത്തിന് നേര്‍ക്കുളള ഒന്നാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഞാന്‍ അഗാധമായി അനുശോചിക്കുന്നു.
ദു:ഖത്തിന്റെ ഈ വേളയില്‍ നിങ്ങളോടൊപ്പം ഞങ്ങള്‍ നില്‍ക്കുന്നു. ഈ ഹീനകൃത്യം നടത്തിയ ഭീരുക്കളോട് നിങ്ങളുടെ ക്രൂരത മറക്കില്ല. നീതി നിങ്ങളെ തേടിയെത്തും.
ഈ രാജ്യം ഭയത്താല്‍ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും, ആവശ്യമായത് ചെയ്യും എന്നതില്‍ പ്രധാനമന്ത്രിയിലും ആഭ്യന്തരമന്ത്രിയിലും വിശ്വാസമുണ്ട്. നീതി ഉണ്ടായേ തീരു. ജയ്ഹിന്ദ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.