നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനില്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. പ്രതികള്‍ക്ക് മിനിമം തടവും മാക്‌സിമം പരിഗണനയുമാണ് ലഭിച്ചതെന്ന് പാര്‍വതി സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒരിടം പോലുമില്ല. ശരി, അത് തിരിച്ചറിയുന്നു എന്നും പാര്‍വതി കുറിച്ചു.
'ക്രിമിനലുകള്‍ അപേക്ഷിക്കുമ്പോള്‍ അവരുടെ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നത്. ആദ്യം നാം അക്രമണങ്ങളെ അതിജീവിക്കണമെന്നും ശേഷം നിയമത്തെ അതിജീവിക്കണമെന്നുമാണോ'- പാര്‍വതി കുറിച്ചു
നടിയെ ആക്രമിച്ച കേസില്‍ വിധിയില്‍ നിരാശയുണ്ടെന്ന് സംവിധായകന്‍ കമല്‍. ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു എന്നാല്‍ ഇപ്പോള്‍ ലഭിച്ചത് കുറഞ്ഞ ശിക്ഷയാണ്. ഇരയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് മനസ്സിലാകുന്നത്. പരമാവധി ശിക്ഷ ആര്‍ക്കും ലഭിച്ചില്ല കമല്‍ പറഞ്ഞു. നീതി കിട്ടിയിട്ടില്ലെന്ന് അതിജീവിത വിശ്വസിക്കുന്നിടത്തോളം കാലം നീതി നടപ്പായിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ദിലീപിനെ കുറ്റ വിമുക്തനാക്കിയതില്‍ പ്രതികരിക്കുന്നില്ലെന്നും സംവിധായകന്‍ പ്രതികരിച്ചു.
അതേസമയം, കോടതിവിധിയെ സ്വാഗതം ചെയ്യുകയാണെന്ന് ചലചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണം, കേസിന്റെ തുടക്കം മുതല്‍ മഞ്ജുവാര്യര്‍ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷന്‍ കണ്ടെത്തിയതും അതാണ്. ഒന്നാംപ്രതിയും അതാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷന്‍ നടന്നു എന്നാണ് പറഞ്ഞത്.ക്വട്ടേഷന്‍ എങ്കില്‍ അതില്‍ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാര്‍ പ്രതികരിച്ചു.
പൊതുസമൂഹവും ഇപ്പോള്‍ ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നു. കോടതിക്ക് മാത്രം ഗൂഢാലോചന ബോധ്യമായില്ല എന്ന് പറയുന്നു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. അതിജീവിത പറയുന്നത് നീതി ലഭിച്ചില്ല എന്നാണ് പിന്നെങ്ങനെയാണ് കോടതിവിധിയില്‍ നീതി നടപ്പിലായെന്ന് പറയാന്‍ കഴിയുന്നതെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പരമാധി ശിക്ഷ വിധിച്ചില്ല. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. പ്രതികളുടെ പ്രായവും കുടുംബ സാഹചര്യവും പരിഗണിച്ചു. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് മൂന്നുലക്ഷവും മാര്‍ട്ടിന്‍ ആന്റണിക്ക് ഒരുലക്ഷത്തി ഇരുപത്തയ്യായിരം പിഴ വിധിച്ചു. മറ്റ് നാല് പ്രതികള്‍ക്കും പിഴ ഒരു ലക്ഷം വീതമാണ്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വീതം അധികതടവ് അനുഭവിക്കേണ്ടി വരും.