മലയാള സിനിമയ്ക്ക് സ്വന്തം സൂപ്പര്‍ഹീറോ യൂണിവേഴ്സ് സമ്മാനിച്ച 'ലോക'യുടെ വിജയത്തില്‍ സഹ എഴുത്തുകാരി ശാന്തി ബാലചന്ദ്രനെയും കല്യാണി പ്രിയദര്‍ശനെയും അഭിനന്ദിച്ച് നടി പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം.
'''ലോക' സൃഷ്ടിക്കാന്‍ നിങ്ങള്‍ എടുത്ത അധ്വാനം വമ്പിച്ചതാണ്. കഥയുടെ ക്രാഫ്റ്റില്‍ നിങ്ങള്‍ കൊണ്ടുവന്ന വേറിട്ട കാഴ്ചപ്പാട് വലിയ മാറ്റമാണ് സൃഷ്ടിച്ചത്,'' എന്ന് പാര്‍വതി ശാന്തിയെ പ്രശംസിച്ചു. കല്യാണി പ്രിയദര്‍ശന്റെ കഠിനാധ്വാനത്തെയും മനോവീര്യത്തെയും പാര്‍വതി അഭിനന്ദിച്ചു. '''ചന്ദ്ര' ഇപ്പോള്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു,'' എന്നും പാര്‍വതി കുറിച്ചു.
മറ്റൊരു സ്റ്റോറിയില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും പാര്‍വതി പ്രശംസിച്ചു. സംവിധായകന്‍ ഡൊമിനിക് അരുണ്‍, ഛായാഗ്രാഹകന്‍ നിമിഷ് രവി, എഡിറ്റര്‍ ചമന്‍ ചാക്കോ, സംഗീതസംവിധായകന്‍ ജെയ്ക്സ് ബിജോയ്, ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ക്ക് പ്രത്യേക അഭിനന്ദനവും പാര്‍വതി അറിയിച്ചു. ''നമുക്ക് സ്വന്തമായി സൃഷ്ടിച്ച ഒരു യൂണിവേഴ്സ് ഇപ്പോള്‍ ലോകം മുഴുവന്‍ തിരിച്ചറിഞ്ഞിരിക്കുകയാണ് എന്നത് അഭിമാനകരമാണ്,'' എന്നും പാര്‍വതി പറഞ്ഞു.
ഇത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. 'ലോക' മലയാള സിനിമാ ചരിത്രത്തില്‍ ഒരു പുതിയ അധ്യായമായി മാറിയെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്.