മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛനും അമ്മയും സിനിമയില്‍ തിളങ്ങിയെങ്കിലും മീനാക്ഷി എന്നും ഇഷ്ടപ്പെട്ടിരുന്നത് പഠനത്തെയാണ്. കുഞ്ഞിലെ മുതല്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച മീനാക്ഷി ഇപ്പോള്‍ ഡോക്ടറാണ്. മകളുടെ താല്പര്യത്തിനനുസരിച്ച് ദിലീപും കൂടെനിന്നു. സ്‌കൂള്‍ തലത്തിലെ പഠനത്തിന് ശേഷം മീനാക്ഷി മെഡിസിനും ചേര്‍ന്നു. അച്ഛന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ വര്‍ഷം ഗ്രാജുവേഷനും പൂര്‍ത്തീകരിച്ചു. പിന്നാലെ ഹൗസര്‍ജന്‍സിക്കും ചേര്‍ന്നു. ഇപ്പോള്‍ ഡോക്ടറായി സേനമനുഷ്ഠിച്ചു തുടങ്ങിയിരിക്കുകയാണ് മീനാക്ഷി. ഇതിന്റെ സന്തോഷത്തില്‍ നില്‍ക്കെയാണ് കുറെ കാലങ്ങള്‍ക്ക് ശേഷം ദിലീപിന്റെ ഒരു ചിത്രം വിജയിക്കുന്നത്. അതിന്റെയും കൂടി സന്തോഷത്തിലാണ് താരം.
ഇപ്പോഴിതാ പ്രിന്‍സ് ആന്‍ ദ ഫാമിലി എന്ന് ചിത്രം വിജയിച്ചതിന്റെ ആഘോഷം നടക്കുന്നതിനിടെ മീനാക്ഷിയെ കൂടി വിളിച്ചിരിക്കുകയാണ് ദിലീപ്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഏറെ നാളുകള്‍ക്ക് ശേഷം അച്ഛന്റെ വിജയത്തില്‍ പങ്കെടുക്കാന്‍ എത്തിയ മകള്‍ മീനാക്ഷിയെ ദിലീപിന്റെ സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വേദിയില്‍ ഇരുന്ന മകളെ അച്ഛന്‍ വിളിച്ചു തന്റെ അടുക്കലേക്ക് നിര്‍ത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ.
ഒപ്പം സിനിമയുടെ വിജയാഘോഷ വേളയില്‍ വികാരഭരിതനായി ദിലീപ് പങ്ക് വച്ച വാക്കുകളും ചര്‍ച്ചയാവുകയാണ്. മോഹന്‍ലാലിനു മുന്നില്‍ ക്ലാപ്പ് അടിച്ചു തുടങ്ങിയതാണ് തന്റെ സിനിമാജീവിതമെന്ന് ദിലീപ് പറയുന്നു. മോഹന്‍ലാല്‍, മുകേഷ്, ശ്രീനിവാസന്‍, സായികുമാര്‍ സിദ്ദിഖ്, ജഗതി തുടങ്ങി മലയാള സിനിമയിലെ മികവുറ്റ സീനിയേഴ്‌സിന്റെ സിനിമകള്‍ കണ്ടാണ് താന്‍ അഭിനയം പഠിച്ചതെന്നും അസിസ്റ്റന്റ് ഡയറക്ടറിയിരുന്ന ഒരാള്‍ നടനായി മാറിയപ്പോള്‍ ഒരുപാടു പേരുടെ പിന്തുണ തനിക്ക് ലഭിച്ചുവെന്നും ദിലീപ് വെളിപ്പെടുത്തി. ലിസ്റ്റിന്‍ സ്റ്റീഫന്‍ റിസ്‌ക് എടുത്താണ് തന്നെ നായകനാക്കി പ്രിന്‍സ് ആന്‍ഡ് ഫാമിലി ചെയ്തത്. ആ സിനിമ ഇന്നത്തെ അവസ്ഥയില്‍ 60 ദിവസം പൂര്‍ത്തിയാക്കിയതില്‍ വലിയ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ഒരുപാട് പൊട്ടിച്ചിരിപ്പിച്ച സിനിമകളിലെ നായകനാണ് ഞാന്‍ എന്ന് പറഞ്ഞു കേട്ടപ്പോള്‍ വലിയ സന്തോഷമുണ്ട്. 91 മുതല്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി 'വിഷ്ണു' എന്ന് പറഞ്ഞ സിനിമയില്‍ വന്നതാണ്, അവിടുന്ന് തുടങ്ങി എന്റെ സീനിയേഴ്‌സിന്റെ അഭിനയം കണ്ടാണ് ഞാന്‍ അഭിനയം പഠിച്ചത്. അന്ന് ലാലേട്ടന്റെ മുമ്പില്‍ ക്ലാപ്പ് അടിച്ചു തുടങ്ങിയ ഒരു സിനിമ ജീവിതമാണ് എന്റേത്. ഹീറോസിന്റെ ലിസ്റ്റ് എടുത്താല്‍ ലാലേട്ടന്‍ ആണെങ്കിലും ജയറാമേട്ടന്‍ ആണെങ്കിലും മുകേഷേട്ടന്‍, ജഗദീഷേട്ടന്‍, ശ്രീനിയേട്ടന്‍, സായിചേട്ടന്‍, തുടങ്ങിയ ഒരു നീണ്ട നായകന്മാരുടെ ലിസ്റ്റ് ഉണ്ട് നമുക്ക്. ഒരുപാട് ചിരി പടങ്ങളും, അവര്‍ പല തരത്തിലുള്ള സിനിമകളും ചെയ്തിട്ടുണ്ട്.
അതുപോലെതന്നെ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട, നമ്മളെ വിട്ടുപോയ ഒരുപാട് ആളുകളുണ്ട്. വേണുവേട്ടന്‍, ഉണ്ണിയേട്ടന്‍, ഇന്നസന്റ് ചേട്ടന്‍, മാളച്ചേട്ടന്‍, ബഹദൂര്‍ക്ക, ഹനീഫ്ക്ക, തുടങ്ങിയവര്‍. ഉണ്ടെങ്കിലും ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത നമ്മള്‍ ഏറ്റവും സ്‌നേഹിക്കുന്ന നമ്മുടെ അമ്പിളിച്ചേട്ടന്‍, അങ്ങനെ ഒരുപാട് പേരുടെ കൂടെ കളിച്ച് ചിരിച്ച് വളര്‍ന്നതാണ്. പിന്നീട് ഒപ്പം പിന്നെ വന്ന ആള്‍ക്കാരാണ് മണിയും സലീമും അശോകന്‍ ചേട്ടനുമൊക്കെ. ചിരിയും കരച്ചിലും ഒക്കെ അവരില്‍ നിന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ശരിക്കു പറഞ്ഞാല്‍ ഇത്രയധികം സിനിമ ചെയ്യാന്‍ എന്നെക്കൊണ്ട് ഒറ്റക്കാവില്ല. ഇവരുടെ എല്ലാവരുടെയും സപ്പോര്‍ട്ട് നമുക്ക് വേണം. ഞാന്‍ മലയാള സിനിമയില്‍ വന്നപ്പോള്‍ എനിക്കൊരു പേടി ഉണ്ടായിരുന്നു. കാരണം അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യുന്ന ഒരാള്‍ ആക്ടര്‍ ആയി മാറുമ്പോള്‍ ഈ ആക്ടേഴ്‌സ് എന്നോട് എങ്ങനെയായിരിക്കും പെരുമാറുക എന്നുള്ള വലിയൊരു പേടി എനിക്കുണ്ടായിരുന്നു.
ഞാന്‍ നസീര്‍ സാറിന്റെ കൂടെ അഭിനയിച്ചിട്ടില്ല, പക്ഷേ മധുസാറിന്റെ കൂടെ തുടങ്ങി മലയാള സിനിമയിലെ പ്രഗല്‍ഭരായ ഒട്ടുമക്ക നടന്മാരുടെ കൂടെയും അഭിനയിക്കാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായി. അവര്‍ ഓരോരുത്തരും വളരെ ആത്മാര്‍ഥമായി ഞാന്‍ അഭിനയിക്കുന്ന സമയത്തുള്ള തെറ്റുകള്‍ ചൂണ്ടി കാട്ടുകയോ, അല്ല അതെങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. എന്റെ ഗുരുസ്ഥാനത്തുള്ളവരാണ് എന്റെ സഹപ്രവര്‍ത്തകര്‍. എന്റെ വളര്‍ച്ചയില്‍ അവരോട് ആദ്യം തന്നെ ഞാന്‍ നന്ദി പറയുകയാണ്.
അതുപോലെതന്നെ 150 സിനിമ എന്നുള്ളത് ദൈവാനുഗ്രഹം, ഇതുവരെ എത്തിച്ച എന്റെ നിര്‍മാതാക്കള്‍, സംവിധായകര്‍, എഴുത്തുകാര്‍, കൂടെ വര്‍ക്ക് ചെയ്ത എല്ലാവരെയും ഞാന്‍ ഈ നിമിഷം ആത്മാര്‍ഥയോടെയും നന്ദിയോടെയും ഓര്‍ക്കുകയാണ്. കാരണം ഞാന്‍ ഒറ്റക്കല്ല ഉറക്കമിളച്ചത്, എല്ലാവരും ഒപ്പം ഉണ്ടായിരുന്നു. അപ്പോള്‍ അവരോടൊക്കെ ചേര്‍ന്നു നിന്നിട്ടുള്ളതാണ് എന്റെ വിജയം. ഇന്ന് സര്‍വ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' അതിന്റെ 60ാം ദിവസം ആഘോഷിക്കുന്നു. നേരത്തെ ആയിരുന്നെങ്കില്‍ ഇത് 120-150 ദിവസവും ആണ് നമ്മള്‍ കണക്കിലെടുക്കുന്നത്, പക്ഷേ ഇന്ന് 25 ദിവസം 30 ദിവസം എന്ന് പറയുന്ന ഒരു ആയുസ്സാണ് ഒരു സിനിമയക്കു വയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ തിയറ്ററില്‍ നിന്ന് പോകും.
ചിലപ്പോള്‍ നമുക്ക് അത് ഒടിടിയില്‍ കാണാം, ചിലപ്പോ നമ്മള്‍ അത് കണ്ടില്ല എന്ന് വരും. അപ്പോ അങ്ങനെയുള്ള ഒരു സിനിമയ്ക്ക് അനുകൂലമായ സാഹചര്യമാണോ പ്രതികൂലമായ സാഹചര്യമാണോ നില്‍ക്കുന്നത് എന്ന് എനിക്കറിയില്ല. ഈ അവസരത്തില്‍ അങ്ങനെ പറയുന്നത് ശരിയല്ല. പക്ഷേ എന്നാലും ഇന്നത്തെ ഒരു അവസ്ഥയില്‍ ഒരു സിനിമ വലിയ വിജയമാകുന്നത് വലിയ കാര്യമാണ്. അതിന്റെ ഒരു ഭാഗമാവാന്‍ സാധിച്ചതില്‍ നന്ദി പറയുന്നു. പ്രത്യേകിച്ച് ലിസ്റ്റിനോട്, കാരണം മാജിക് ഫ്രെയിംസിന്റെ കൂടെ ഞാന്‍ ആദ്യമായി ചെയ്യുന്ന ഒരു സിനിമയാണിത്. ലിസ്റ്റിന്‍ എടുത്ത ഒരു വലിയൊരു റിസ്‌ക് ഉണ്ട്. കഴിഞ്ഞ ഒരു പരിപാടിയില്‍ പറയുണ്ടായി, ''ദിലീപേട്ടന്റെ സിനിമ കണ്ട് ഞാന്‍ ഒരുപാട് ചിരിച്ച എന്റെ ബാല്യം ഉണ്ടായിരുന്നു, അല്ലെങ്കില്‍ എന്റെ ചെറുപ്പമുണ്ടായിരുന്നു'' എന്ന് വച്ചാല്‍ അദ്ദേഹം വാര്‍ധക്യത്തില്‍ എത്തി എന്നല്ല ഞാന്‍ പറയുന്നത്.
'എന്റെ ചെറുപ്പകാലം മുഴുവന്‍ ഗംഭീരമാക്കി തന്നതില്‍ എടുത്തു പറയേണ്ട ഒരാളാണ് ദിലീപേട്ടന്‍. ദിലീപേട്ടനെ വെച്ച് ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ആ സിനിമ അടിക്കണം, എന്നുവച്ചാല്‍ അത് വിജയിക്കണം'' എന്നുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുപോലെത ന്നെ അതിനുവേണ്ടി പ്രയത്‌നിച്ച എല്ലാവരെയും ഞാന്‍ സഹോദരങ്ങള്‍ എന്നേ പറയു, കാരണം ജീവിതത്തില്‍ ഒരു ആവശ്യം വരുമ്പോള്‍ കൂടെ നില്‍ക്കുന്നവരാണ് അവര്‍. ഷാരിസ് ആണെങ്കിലും ബിന്റോ ആണെങ്കിലും അവര്‍ ആത്മാര്‍ഥമായി പ്രയത്‌നിച്ചു, അവരുടെ ഒരു അര്‍പ്പണബോധം വലുതാണ്. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും അവര് അളന്നു കുറിച്ചാണ് ഈ സ്‌ക്രീനില്‍ വരുത്തിയിരിക്കുന്നത്. എല്ലാ കാര്യത്തിലും അവര്‍ ഇടപെട്ട്, എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു, ഇതില്‍ എല്ലാ കലാകാരന്മാരും കലാകാരികളും എല്ലാം ആ സംവിധായകന്‍ പറഞ്ഞത് അനുസരിച്ച് ഈ സിനിമ ഗംഭീരമാക്കി.
ഞാന്‍ ഇതിന്റെ കഥ കേട്ടപ്പോള്‍ പറഞ്ഞത് ഈ പടത്തിന്റെ ഹീറോ എന്ന് പറയുന്നത് ശരിക്കും പറഞ്ഞാല്‍ റാണിയ ചെയ്ത ക്യാരക്ടര്‍ ആണെന്നാണ്. ആ കഥാപാത്രം മോശമായാല്‍ ഈ സിനിമ ഭയങ്കര കുഴപ്പമാകും. റാണിയയുടെ ആദ്യത്തെ സിനിമയാണ് ഇത്. മലയാള സിനിമയ്ക്ക് വലിയൊരു കലാകാരിയെ കൂടി കിട്ടിയിരിക്കുകയാണ്.
അതുപോലെ ഇന്ന് 60 ദിവസം പിന്നിട്ട് നമ്മള്‍ ഇവിടെ നില്‍ക്കുകയാണ്, നമ്മള്‍ വളരെ കുറച്ച് ആളുകളെയേ ക്ഷണിച്ചിട്ടുള്ളൂ, ഈ സിനിമയുമായി ബന്ധപ്പെട്ട ആള്‍ക്കാരെ മാത്രം. മലയാള സിനിമയില്‍ എല്ലാവരും നമുക്ക് വളരെ വേണ്ടപ്പെട്ട ആളുകളാണ്.
എല്ലാ അസോസിയേഷനിലെയും എല്ലാ വേണ്ടപ്പെട്ട ആള്‍ക്കാരും ഇവിടെ വന്നിട്ടുണ്ട്. അതാണ് പറഞ്ഞത് ഒരു ചെറിയ സദസ്സ് ആണെങ്കിലും ഇവിടെ വന്നിരിക്കുന്ന എല്ലാം വലിയ ആള്‍ക്കാരാണ്. ഈ വേദിയില്‍ ഇങ്ങനെ നിന്ന് നിങ്ങളോടെല്ലാം നന്ദി പറയാന്‍ എനിക്ക് അവസരം തന്ന ദൈവത്തിനോട് ഞാന്‍ നന്ദി പറയുന്നു. അതുപോലെ 30 വര്‍ഷക്കാലം എന്നെ ഇവിടെ നിലനിര്‍ത്തികൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയാണ്. കാരണം അവരുടെ പ്രാര്‍ഥനയാണ് ദിലീപ് എന്ന് പറഞ്ഞ കലാകാരന്‍ ഇന്ന് ഇവിടെ നില്‍ക്കാന്‍ കാരണം. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. മലയാള സിനിമയിലെ ആരെങ്കിലും ഞാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. ഈ അവസരത്തില്‍ ഇവിടെ
വന്നിരിക്കുന്ന എല്ലാവരോടും നന്ദിയും അതുപോലെ എല്ലാവര്‍ക്കും എല്ലാ ഐശ്വര്യങ്ങളും നന്മയും നേരുന്നു. എന്റെ പ്രൊഡ്യൂസേഴ്‌സ് കുറേ പേര്‍ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഒട്ടുമിക്ക കമ്പനിയുടെ കൂടെയും വര്‍ക്ക് ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ ഈ 150 ാം സിനിമ എന്ന് പറഞ്ഞ് ഒരു വിളി തുടങ്ങിയിട്ടുണ്ടെങ്കില്‍ ഈ സ്റ്റേജില്‍ ഈ വേദിയില്‍ ഒതുങ്ങുന്നതല്ല. അത്രയും വരുന്ന എന്റെ സഹപ്രവര്‍ത്തകരും എന്നെ സ്‌നേഹിക്കുന്ന ആളുകളും ഉണ്ട്. നമ്മള്‍ ഈ ആഘോഷം വീണ്ടും തുടരും. എല്ലാ പ്രശ്‌നങ്ങളിലും എന്റെ കൂടെ നിന്നിട്ടുള്ളത് ദിലീപ് ഫാന്‍സിന്റെ സഹോദരങ്ങളാണ്. പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ഞാന്‍ ആരെയോ വിട്ടുപോയി എന്ന് എനിക്കൊരു തോന്നല്‍ ഉണ്ടായി. ക്ഷമിക്കുക കാരണം അവരെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല അത്രയേറെ. എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുള്ള, എനിക്ക് എന്ത് പ്രശ്‌നം വന്നാലും എന്റെ കൂടെ എന്നോട് സ്‌നേഹത്തോടുകൂടി നിന്നിട്ടുള്ള എന്റെ പ്രിയപ്പെട്ട ഓള്‍ കേരള ദിലീപ് ഫാന്‍സ് അസോസിയേഷന്റെ മെമ്പേഴ്‌സിനോട് ഒരുപാട് നന്ദി.'' -ദിലീപിന്റെ വാക്കുകള്‍.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രം ആയിരുന്നു പ്രിന്‍സ് ആന്‍ഡ് ഫാമിലി. വമ്പന്‍ ഹിറ്റായിരുന്ന ചിത്രം കോടികള്‍ ആണ് വാരിക്കൂട്ടിയത്. 'ഭഭബ' ആണ് ദിലീപിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായുണ്ട്.