തന്റെ മകള്‍ ഒരിക്കലും സിനിമയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍. ''ഇപ്പോഴും മകളെന്ന നിലയില്‍ കല്യാണിയെ ഇങ്ങനെ സങ്കല്‍പ്പിക്കാനാവുന്നില്ല. പക്ഷേ അതാണ് സിനിമയുടെ മാജിക്'' കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഒരു ദിവസം കല്യാണി എന്നോട് ചോദിച്ചു നാഗാര്‍ജുന അങ്കിള്‍ പറയുന്നു ഒരു സിനിമയില്‍ അഭിനയിക്കാമോ എന്ന്. ഞാന്‍ ചോദിച്ചു, നിന്നെക്കൊണ്ട് കഴിയുമോ എന്ന്. അവള്‍ മറുപടി നല്‍കി, ശ്രമിച്ചുനോക്കാം, നഷ്ടപ്പെടാനൊന്നുമില്ലല്ലോ. അങ്ങനെ തന്നെയാണ് കല്യാണിയുടെ അഭിനയ ജീവിതം ആരംഭിച്ചത്'' പ്രിയദര്‍ശന്‍ പറഞ്ഞു.
ആന്റണി എന്ന ചിത്രത്തിലൂടെയാണ് കല്യാണി ആക്ഷന്‍ രംഗങ്ങളിലേക്ക് കടന്നതെന്നും ലോകയിലും അവളെ അങ്ങനെ തന്നെയാണ് കാണാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''മക്കളെപ്പോലുള്ളവര്‍ ചെയ്യുന്ന സിനിമകള്‍ക്ക് അച്ഛനെപ്പോലുള്ളവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. ലോക ഒരു ലോകഹിറ്റാകട്ടെ'' പ്രിയദര്‍ശന്‍ ആശംസിച്ചു. അഭിനേതാവ് നസ്ലിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ''നസ്ലിന് വലിയൊരു നിഷ്‌കളങ്കതയുണ്ട്, പക്ഷേ ഒരുപാട് കള്ളനാണെന്ന് തോന്നും. കമലഹാസന്റെ ചില കഥാപാത്രങ്ങളെപ്പോലെ. നസ്ലിനെ കാണുമ്പോള്‍ ഇപ്പോഴും അങ്ങനെ തോന്നുന്നു'' അദ്ദേഹം പറഞ്ഞു.
കുഞ്ചാക്കോ ബോബനുമായി ഒരു സിനിമ നടത്താനായിട്ടില്ലെന്നും അതിനുള്ള അവസരം ഇനി ലഭിക്കുമോയെന്ന് വ്യക്തമല്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ''സിനിമകള്‍ സംഭവിച്ചുപോവുന്നതാണ്. വിജയിക്കുമോ പരാജയപ്പെടുമോ എന്നൊന്നും നോക്കുന്നില്ല. സിനിമ ചെയ്യുന്നത് തന്നെ ഹരമാണ്. പരാജയങ്ങള്‍ സിനിമയോട് പാഷന്‍ ഉള്ളവരെ ബാധിക്കില്ല'' പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.