മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതികളായ ശ്രീവിദ്യ മുല്ലശ്ശേരിയും രാഹുല്‍ രാമചന്ദ്രനും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചു. 2018-ല്‍ ആരംഭിച്ച പ്രണയബന്ധം വിവാഹത്തിലേക്ക് എത്തുകയും പിന്നീട് ഒരുമിച്ച് 365 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിന്റെ സന്തോഷം രാഹുല്‍ രാമചന്ദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
'2018-ല്‍ ഒരുമിച്ച് പങ്കിടാന്‍ തുടങ്ങിയ പ്രണയം, വഴക്കുകള്‍, തമാശകള്‍, ദുഃഖങ്ങള്‍, ഒടുവില്‍ നിശ്ചയം, പിന്നീട് കല്യാണം. ഒടുവില്‍ ഇതാ കല്യാണം കഴിഞ്ഞ് 365 ദിവസങ്ങളും തികയുന്നു. ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയകഥ നമ്മുടേതാണ്. ഞാനും നീയും നമ്മുടെ 365 ദിവസങ്ങളും,' രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രമുഖ താരങ്ങളടക്കം നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. സംവിധായകനും മിനി വ്‌ളോഗറുമായ രാഹുല്‍, ശ്രീവിദ്യയുടെ നാടായ കാസര്‍കോട്ടെ തെയ്യം കഥകളും ബാലി യാത്ര അനുഭവങ്ങളും തന്റെ പ്രണയകഥയുമെല്ലാം വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. മുന്‍പ് സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ ശ്രീവിദ്യ തന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചുവെന്നും, ഇപ്പോള്‍ വരുമാനം വര്‍ധിച്ചതോടെ ഭാര്യക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും രാഹുല്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.