അന്തരിച്ച നടന്‍ സലിംകുമാറിന്റെ വിടവാങ്ങല്‍ ചടങ്ങുകള്‍ക്കിടെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ഓണ്‍ലൈന്‍ മാധ്യമങ്ങളും ക്യാമറക്കണ്ണുകളും കാട്ടിയ അനാദരവിനെതിരെ സിനിമാ രംഗത്തുനിന്ന് കടുത്ത പ്രതിഷേധം. തിക്കും തിരക്കുമുണ്ടാക്കി അസ്വസ്ഥത സൃഷ്ടിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സലിംകുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാര്‍ പൊട്ടിത്തെറിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് നടി രജിഷ വിജയനും രംഗത്തെത്തിയത്.
ഒരു ഇതിഹാസത്തിന്റെ നഷ്ടത്തില്‍ അങ്ങേയറ്റം ദുഃഖിതയാണെന്ന് രജിഷ വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ഒരു ഇതിഹാസത്തിന്റെ നഷ്ടത്തില്‍ അങ്ങേയറ്റം ദുഃഖിതയാണ്. എന്നാല്‍ മാധ്യമങ്ങളും ക്യാമറകളും ആ ദുഃഖിതരായ കുടുംബത്തോട് കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് എന്നെ കൂടുതല്‍ വേദനിപ്പിക്കുന്നത്. കാഴ്ചക്കാരെയും ടി.ആര്‍.പി. റേറ്റിങ്ങും കൂട്ടാനുള്ള തിരക്കില്‍, യഥാര്‍ത്ഥ മനുഷ്യത്വമാണ് ഇവിടെ നഷ്ടപ്പെടുന്നത്.' രജഷ വിജയന്‍
വിഷയത്തില്‍ നേരത്തെ സുപ്രിയ മേനോനും പ്രതികരിച്ചിരുന്നു. 'അവസാന വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ തിരക്കുകൂട്ടുന്ന കഴുകന്മാര്‍'; തുറന്നടിച്ച് സുപ്രിയ മാധ്യമങ്ങളുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് നിര്‍മാതാവ് സുപ്രിയ മേനോന്‍ പ്രതികരിച്ചത്. ഹൃദയഭേദകമായ ദുഃഖത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്റെ വേദനയെ റേറ്റിങ്ങിനായി ഉപയോഗിക്കുന്നതിനെ സുപ്രിയ ചോദ്യം ചെയ്തു.
ചടങ്ങില്‍ പങ്കടുക്കാന്‍ എത്തിയ ദിലീപ് താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ചിലര്‍ കാണിച്ച അമിത ആവേശവും സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി.സലിംകുമാറിന്റെ അടുത്ത സുഹൃത്തായ നടന്‍ ദിലീപ് സംസ്‌കാര ചടങ്ങിലുടനീളം വസതിയിലുണ്ടായിരുന്നു. ദുഃഖഭരിതമായ ഈ അന്തരീക്ഷത്തിനിടയിലാണ് ദിലീപിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരാള്‍ മൊബൈലുമായി എത്തിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടന്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. '
മരണവീടാണെന്ന് പോലും ഓര്‍ക്കാതെ ഇങ്ങനെ കാണിക്കുന്നവരോട് ഒന്നും പറയാനില്ല, ആരാണെങ്കിലും ലജ്ജ തോന്നുന്നു' എന്ന് മാധവ് കുറിച്ചു. 'മരണവീട്ടില്‍ വരുന്നത് തന്നെ സെല്‍ഫി എടുക്കാനായിട്ട്! ഇങ്ങനെ കുറെയെണ്ണം,' എന്നായിരുന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രൂക്ഷമായ പ്രതികരണം.