ധ്രുവ് വിക്രം നായകനാകുന്ന പുതിയ ചിത്രം 'ബൈസണ്‍' സിനിമയുടെ ചിത്രീകരണത്തിനിടെ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് നടി രജീഷ വിജയന്‍ വികാരാധീനയായി വെളിപ്പെടുത്തി. ചിത്രത്തിന്റെ പ്രീ റിലീസ് വേദിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.സിനിമയില്‍ രജീഷ വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ താന്‍ മുങ്ങി പോയെന്നും ആ നിമിഷം മരണത്തെ മുഖാ മുഖം കണ്ടെന്നും പറയുകയാണ് നടി.
താന്‍ വെള്ളത്തില്‍ മുങ്ങി പോകുന്നത് കണ്ട സംവിധായകന്‍ തന്റെ ഷൂസോ, കൂളിംഗ് ഗ്ലാസോ ഒന്നും മാറ്റാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി തന്നെ രക്ഷിച്ചുവെന്നും രജീഷ പറഞ്ഞു. വളരെ വികാരഭരിതയായി കണ്ണീര്‍ അടക്കാന്‍ ആവാതെയാണ് രജീഷ ഈ അനുഭവം പങ്കിട്ടത്.
'സിനിമയുടെ ചിത്രീകരണത്തില്‍ വെള്ളത്തിലേക്ക് ചാടേണ്ട ഒരു രംഗമുണ്ടായിരുന്നു. 'കര്‍ണന്‍' സിനിമയ്ക്കായി ഞാന്‍ നീന്തല്‍ പഠിച്ചതുകൊണ്ട്, നേരത്തെ തന്നെ മാരി സര്‍ എന്നോട് നീന്തല്‍ അറിയാമോ എന്ന് ചോദിച്ചിരുന്നു. രംഗം ചെയ്യാനുള്ള ആഗ്രഹത്തില്‍ അറിയാം എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നാല്‍ അത് നാല് വര്‍ഷം മുമ്പായിരുന്നു, സത്യത്തില്‍ ഞാന്‍ നീന്തല്‍ മറന്നുപോയിരുന്നു. വെള്ളത്തിലേക്ക് ചാടിയപ്പോള്‍, ഞാന്‍ താഴേക്ക് പോകുന്നത് പോലെ തോന്നി. ആ അഞ്ച് സെക്കന്‍ഡില്‍ എന്റെ അവസാനമായിരിക്കുമെന്ന് ഞാന്‍ കരുതി. പല കാര്യങ്ങളും മനസ്സിലൂടെ മിന്നിമറഞ്ഞു.
ആളുകള്‍ എന്നെ രക്ഷിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ സ്വയം നിയന്ത്രണം വീണ്ടെടുത്ത് ചുറ്റും നോക്കിയപ്പോള്‍, കൂളിങ് ഗ്ലാസ് വച്ച് വെള്ളത്തില്‍ നില്‍ക്കുന്ന ഒരാളെയാണ് കണ്ടത്. അത് സംവിധായകന്‍ മാരി സാര്‍ ആയിരുന്നു. അദ്ദേഹം ഷൂസോ, സോക്‌സോ, കൂളേഴ്‌സോ പോലും മാറ്റാതെ പെട്ടന്നാണ് എന്നെ രക്ഷിക്കാന്‍ ചാടിയതാണ്. ആ കാഴ്ച എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. 'ബൈസണ്‍' ഒരു സ്‌പോര്‍ട്‌സ് ഡ്രാമ മാത്രമല്ല മാരി സെല്‍വരാജിന്റെ മുന്‍ സിനിമകള്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ലഭിക്കും,' രജീഷ വിജയന്‍ പറഞ്ഞു.
സംവിധായകന്‍ മാരി ശെല്‍വരാജിനെക്കുറിച്ചും അദ്ദേഹത്തോടുള്ള വിശ്വാസത്തെക്കുറിച്ചും രജീഷ സംസാരിച്ചു. 'കര്‍ണന്‍' സിനിമയിലേക്ക് മാരി ശെല്‍വരാജ് വിളിച്ചപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു. പരിയേറും പെരുമാള്‍ കണ്ട ശേഷം താന്‍ അദ്ദേഹത്തിന്റെ ആരാധികയായി മാറിയിരുന്നു. എന്നാല്‍, പിന്നീട് ചെയ്ത രണ്ട് സിനിമകളിലേക്ക് തന്നെ പരിഗണിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കഥാപാത്രത്തിന് താന്‍ അനുയോജ്യമല്ലെന്നായിരുന്നു മാരിയുടെ മറുപടി.
ഒരു സംവിധായകനുമായി നല്ല കെമിസ്ട്രി ഉടലെടുത്താല്‍ വീണ്ടും അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കും. അത്തരത്തില്‍ ഒരിക്കല്‍ മാരി വിളിച്ചു സിനിമ ചെയ്യാന്‍ പോകുന്ന കാര്യം പറയുകയായിരുന്നു. സഹോദരി വേഷമായതുകൊണ്ട് താന്‍ ചെയ്യുമോ എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, ചേച്ചി, അനിയത്തി, അമ്മ എന്ന വേര്‍തിരിവില്ലെന്നും താങ്കളോടൊപ്പം അഭിനയിച്ചാല്‍ മതിയെന്നുമായിരുന്നു തന്റെ മറുപടിയെന്നും രജീഷ ഓര്‍ത്തെടുത്തു.
വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്തപ്പോഴും സിനിമയുടെയോ കഥാപാത്രത്തിന്റെയോ വിശദാംശങ്ങള്‍ തനിക്കറിയില്ലായിരുന്നു. പൂര്‍ണ്ണമായ വിശ്വാസത്തിന്റെ പുറത്താണ് ഈ സിനിമ ഏറ്റെടുത്തതെന്നും കരിയറില്‍ മുപ്പതോളം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മറ്റൊരു സംവിധായകനോടും ഇത്രയും വിശ്വാസം തോന്നിയിട്ടില്ലെന്നും നടി പറഞ്ഞു.