ദീപാവലി ദിനത്തില്‍ ആരാധകര്‍ക്ക് ബോളിവുഡില്‍ നിന്ന് സര്‍പ്രൈസ് സമ്മാനം ഒരുക്കി താര ദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഒരു വയസുകാരിയായ മകള്‍ ദുവയുടെ മുഖം ആദ്യമായി ആരാധകര്‍ക്കു മുന്നില്‍ ദമ്പതികള്‍ വെളിപ്പെടുത്തി. ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികള്‍ സംയുക്തമായി തങ്ങളുടെ ആദ്യത്തെ കണ്മണി ദുവ പദുകോണ്‍ സിങ്ങിന്റെ മുഖം വെളിപ്പെടുത്തിയത്.
ചുവന്ന സല്‍വാര്‍ അണിഞ്ഞ ദുവയെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. മകളോടൊപ്പം അതീവ സന്തുഷ്ടരായി നില്‍ക്കുന്ന രണ്‍വീറിനെയും ദീപികയെയും ചിത്രങ്ങളില്‍ കാണാം.നിമിഷ നേരം കൊണ്ടാണ് ചിത്രത്തിന് ഒരു മില്യണ്‍ ലൈക് ലഭിച്ചത്. ബോളിവുഡ് സിനിമാതാരങ്ങള്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. 2018 ലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. 2024 സെപ്റ്റംബര്‍ എട്ടിനാണ് ഇരുവര്‍ക്കും മകള്‍ ജനിക്കുന്നത്.
അതേസമയം, പ്രഭാസ് നായകനായി നാഗ് അശ്വിന്‍ സംവിധാനത്തില്‍ തെലുങ്കില്‍ വന്‍ വിജയം നേടിയ പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍കിയില്‍ നിന്ന് ദീപികയെ പുറത്താക്കിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. കൂടുതല്‍ പ്രതിഫലവും ജോലി സമയം എട്ടു മണിക്കൂറാക്കി ചുരുക്കണമെന്നും നടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ, ഷൂട്ടിംഗ് സെറ്റുകളില്‍ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.