വിവാഹശേഷം ആദ്യമായി രശ്മികയുടെ ജന്മനാടായ കുടകിലെത്തി സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട. രശ്മികയുടെ മുപ്പതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് താരദമ്പതികള്‍ കുടകിലെത്തിയത്. തന്റെ പ്രിയതമയുടെ നാടിനെയും അവിടുത്തെ സ്ത്രീകളുടെ സൗന്ദര്യത്തെയും പ്രശംസിച്ച് വിജയ് നടത്തിയ പ്രസംഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
'കുടകിലെ സ്ത്രീകള്‍ അതീവ സുന്ദരികളാണെന്ന് രശ്മികയെ പരിചയപ്പെടുന്നതിന് മുന്‍പേ ഞാന്‍ വിശ്വസിച്ചിരുന്നു. ഇപ്പോള്‍ അവരില്‍ ഒരാളെ തന്നെ ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നു. ഇതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. അടുത്ത തവണ വരുമ്പോള്‍ രശ്മികയുടെ കുട്ടിക്കാലം കടന്നുപോയ സ്ഥലങ്ങളെല്ലാം പോയി കാണണം.' ഇത് തന്റെ മൂന്നാമത്തെ കുടക് സന്ദര്‍ശനമാണെന്ന് വിജയ് ഓര്‍ത്തെടുത്തു.
ആദ്യമായി സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര വന്നപ്പോള്‍ താമസിച്ചിരുന്നത് രശ്മികയുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന കൗതുകകരമായ കാര്യവും താരം വെളിപ്പെടുത്തി. രശ്മികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇരുവരും കര്‍ണാടകയിലെ പ്രശസ്തമായ ഇഗ്ഗൂത്തപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടവ ശൈലിയിലുള്ള സാരി ധരിച്ച് തനത് സുന്ദരിയായാണ് രശ്മിക എത്തിയത്.
ഔദ്യോഗിക വേഷത്തിലായിരുന്നു വിജയ്. ക്ഷേത്രത്തില്‍ നടന്ന പരമ്പരാഗത ചടങ്ങുകളില്‍ ഇരുവരും പങ്കെടുത്തു. വിവാഹശേഷവും സിനിമാ തിരക്കുകളിലാണ് താരജോഡികള്‍. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന 'രണബാലി'യാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം. വമ്പന്‍ പ്രതീക്ഷകളുമായി എത്തുന്ന ചിത്രം സെപ്റ്റംബര്‍ 11-ന് തിയറ്ററുകളിലെത്തും.