മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി പങ്കുവെച്ച പുതിയ എഐ വിഡിയോയെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് റിമി തന്നെ വിഡിയോ പങ്കുവച്ചത്. 'ഹ ഹ ഇത് ഇഷ്ടമായി' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്ത് വിട്ടത്. പോപ്പ് ഗായകരെ പോലെ തന്നെ വ്യത്യസ്തമായ സ്റ്റൈലിലാണ് റിമി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഹണീ ബീ 2 സെലിബ്രേഷന്‍സ് എന്ന സിനിമയിലെ ദീപക് ദേവ് സംഗീതം നല്‍കി റിമി തന്നെ ആലപിച്ച ജില്ലം ജില്ലം ജില്ലാന എന്ന ഗാനമാണ് പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത്.
വിഡിയോയ്ക്ക് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്. 'എഐയുടെ ഓരോ കുരുത്തക്കേടുകള്‍', 'ലോക2 ലോഡിങ്ങ്', 'ഇതാരാ.. നീലി റിമിയോ', 'ഞങ്ങളുടെ റിമി ഇങ്ങനെയല്ല' തുടങ്ങിയ രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. പുന്നൂക്കല്‍ ക്രിയേഷന്‍സാണ് വിഡിയോ ഒരുക്കിയത്. ടീമിനോടുള്ള നന്ദി റിമി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.
ഗായിക മാത്രമല്ല, അവതാരകയും നടിയുമാണ് റിമി ടോമി. മീശമാധവനിലെ 'ചിങ്ങമാസം' എന്ന ഗാനത്തിലൂടെയാണ് മലയാള സിനിമയില്‍ റിമിക്ക് വലിയ ബ്രേക്ക് ലഭിച്ചത്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച റിമി, സ്റ്റേജ് ഷോകളിലും ടിവി പരിപാടികളിലൂടെയും ആരാധകരുടെ മനസില്‍ ഇടം നേടി കഴിഞ്ഞിട്ടുണ്ട്.