സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് കാന്തരയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗത്തിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഒക്ടബോര്‍ രണ്ടിന് റിലീസാകാന്‍ ഇരിക്കുന്ന ചിത്രത്തിന്റെ പ്രേമോഷന്‍ പരിപാടികളിലാണ് അതിലെ അണിയപ്രവര്‍ത്തകര്‍. ഇതിനിടെയാണ് കാന്താര ചാപ്റ്റര്‍ 1നെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു പോസ്റ്റര്‍ വിവാദമായി. സിനിമ കാണുന്നതിന് മുമ്പ് മദ്യപിക്കരുത്, പുകവലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററാണ് വൈറലായത്.
നിമിഷ നേരം കൊണ്ടാണ് ചിത്രം 'ഓഫീഷ്യല്‍ പോസ്റ്റര്‍' എന്ന പേരില്‍ പ്രചരിച്ചത്. പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്ററിനെതിരെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി. ''പോസ്റ്റര്‍ കണ്ടപ്പോഴാണ് ഞാനും ഞെട്ടിയത്. പ്രൊഡക്ഷന്‍ സംഘവുമായി പരിശോധിച്ചപ്പോള്‍ അത് ആരോ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് വ്യക്തമായി. പ്രശസ്തി നേടാനായി ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കാറുണ്ട്. അതിന് പ്രതികരിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ കരുതുന്നു,'' എന്നാണ് ഋഷഭ് ഷെട്ടി വ്യക്തമാക്കിയിരിക്കുന്നത്.
വലിയ ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒക്ടോബര്‍ 2ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.